ക്ലാസിക്കൽ വാസ്തുവിദ്യയിലെ പഞ്ചക്രമങ്ങളിൽ (orders) ഏറ്റവും സരളമായ ക്രമമാണു് ടസ്കൻ ക്രമം. ഡോറിക്, അയോണിക്, കൊർനിൻതിയൻ, കോം പൊസിറ്റ് എന്നിവയാണ് മറ്റു നാലു ക്രമങ്ങൾ. ഘടനയിൽ റോമൻ ഡോറിക് രീതിയുമായി സാമ്യമുണ്ടെങ്കിലും അതിനെ അപേക്ഷിച്ചു വക്ര ഭാഗങ്ങൾ ടസ്കൻ രീതിയിൽ കുറവാണ്. കൂടുതൽ പരന്ന രൂപമായതിനാൽ ഇതിൽ സ്തംഭങ്ങൾ സാധാരണയിൽ കവിഞ്ഞ അകലത്തിലാണ് ഉറപ്പിക്കുന്നത്. ആദ്യകാലങ്ങളിൽ മരമേൽക്കൂരകളെ താങ്ങിനിറുത്താനായിട്ടാണ് ടസ്കൻ രീതിയിലുള്ള സ്തംഭങ്ങൾ ഉപയോഗിച്ചിരുന്നതെന്നാണ് റോമൻ വാസ്തുശില്പിയായ വിട്രുവ്യസ് (1 ബി. സി.) അഭിപ്രായപ്പെടുന്നത്. പിന്നീട്, ഗ്രീക്ക്/റോമൻ ക്ഷേത്രങ്ങളിൽ, കൽപ്പണിയുള്ളതും ഘനമേറിയതുമായ എൻടാബ്ലേറ്റർ (entablature), താങ്ങി നിറുത്താനും ഇവ പ്രയോജനപ്പെടുത്തിത്തുടങ്ങി.

ടസ്കൻ ക്രമം

സമചതുര അടിത്തറ, മുകളിലേക്കു കൂർത്തു വരുന്നതും നാളികകളില്ലാത്തതുമായ ഷാഫ്റ്റ്, സരളമായ സ്തംഭശീർഷം (capital), സ്തംഭത്തിന്റെ നാലിലൊന്നു പൊക്കമുള്ള എൻടാബ്ലേറ്റർ എന്നിവയാണ് ടസ്കൻ രീതിയുടെ പ്രധാന സവിശേഷതകൾ. ഏറ്റവും കൂടുതൽ ഘനരൂപമുള്ള ക്രമവും ഇതുതന്നെ.

സ്തംഭവും എൻടാബ്ലേച്ചറും ചേർന്നു രൂപപ്പെടുന്ന വടിവൊത്ത സംവിധാനമാണ് ക്രമം. മേൽവാതിൽപ്പടി, ഫ്രീസ് (frieze), കോർണിസ് എന്നിവ ചേർന്നതാണ് എൻടാബ്ലേറ്റർ. ക്രമത്തിന്റെ സ്വഭാവവിശേഷം വിളിച്ചോതുന്നത് അതിന്റെ സ്തംഭശീർഷമാണ്. വാസ്തുവിദ്യയിലെ പഞ്ച ക്രമങ്ങളുടെ പട്ടികയിൽ ഏറ്റവും സരളമായ രീതി എന്ന നിലയിൽ ഏറ്റവും താഴെയുള്ള തട്ടിലാണ് വിട്രുവ്യസ് ടസ്കൻ രീതിയെ ഉൾപ്പെടുത്തിയിട്ടുള്ളത്.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടസ്കൻ ക്രമം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടസ്കൻ_ക്രമം&oldid=3924860" എന്ന താളിൽനിന്ന് ശേഖരിച്ചത്