ജോഹാൻ ഷ്രോട്ടർ
ജോഹാൻ ഹൈറോണിമസ് ഷ്രോട്ടർ (ജീവിതകാലം: 1745 ആഗസ്റ്റ് 30, എർഫർട്ട് - 29 ഓഗസ്റ്റ് 1816, ലിലീന്താൽ) ഒരു ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായിരുന്നു.
ജീവിതരേഖ
തിരുത്തുകഎർഫർട്ടിൽ ജനിച്ച ഷ്രോട്ടർ, 1762 മുതൽ 1767 വരെയുള്ള കാലത്ത് ഗോട്ടിൻജെൻ സർവകലാശാലയിൽ നിയമപഠനം നടത്തുകയും അതിനുശേഷം പത്തുവർഷത്തെ നിയമ പരിശീലനം ആരംഭിക്കുകയും ചെയ്തു. 1777-ൽ അദ്ദേഹം ഹാനോവറിൽ ജോർജ്ജ് മൂന്നാമന്റെ റോയൽ ചേംബറിൽ സെക്രട്ടറിയായി നിയമിതനായ അദ്ദേഹം അവിടെവച്ച് വില്യം ഹെർഷലിന്റെ രണ്ടു സഹോദരങ്ങളെ പരിചയപ്പെടുകയും ചെയ്തു. 1779 ൽ അദ്ദേഹം സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നിവയെ നിരീക്ഷിക്കുന്നതിനായി മൂന്നടി നീളവും (91 സെന്റീമീറ്റർ, അഥവാ ഏറെക്കുറെ 1 മീറ്റർ) 2.25 ഇഞ്ച് (57 മില്ലീമീറ്റർ) ലെൻസ് (50 മില്ലീമീറ്റർ) ഘടിപ്പിച്ച ഒരു അക്രോമാറ്റിക്ക് റിഫ്രാക്റ്റർ കരഗതമാക്കി. 1781 ൽ ഹെർഷൽ യുറാനസ് ഗ്രഹത്തെ കണ്ടുപിടിച്ചത് ജ്യോതിശാസ്ത്രത്തെ കൂടുതൽ ഗൌരവതരമായി പിന്തുടരുന്നതിന് ഷ്രോട്ടറിനെ പ്രേരിപ്പിക്കുകയും അദ്ദേഹം തന്റെ നിലവിലുള്ള പദവി രാജിവെച്ചതിനുശേഷം ലിലീന്താലിലെ ചീഫ് മജിസ്ട്രേട്ടിൻറേയും ജില്ലാ ഗവർണറുടേയും സ്ഥാനമേറ്റെടുക്കുകയും ചെയ്തു.
1784 ൽ 122 സെന്റീമീറ്റർ ഫോക്കൽ ദൂരവും 12 സെന്റീമീറ്റർ അപ്പെർച്ചറുമുള്ള ഒരു ഹെർഷെൽ റിഫ്ലക്ടറിനായി അദ്ദേഹം 31 റീച്ച്സ്താലർ (ഇന്നത്തെ 600 യുറോക്ക് അടുത്തുള്ള തുക) അദ്ദേഹം ചെലവഴിച്ചു. ആനുകാലികങ്ങളിലെ തന്റെ നിരീക്ഷണ റിപ്പോർട്ടുകൾ അദ്ദേഹത്തിന് പെട്ടെന്ന് തന്നെ ഒരു നല്ല പേര് നേടിക്കൊടുത്തിരുന്നുവെങ്കിലും സംതൃപ്തനാകാതിരുന്ന അദ്ദേഹം 1786 ൽ 214 സെന്റീമീറ്റർ ഫോക്കൽ ദൂരവും 16.5 സെന്റീമീറ്റർ അപ്പെർച്ചർ ദർപ്പണവും 1,200 വരെ മാഗ്നിഫിക്കേഷൻവരെ കാഴ്ച അനുവദിക്കുന്നതുമായ ഒരു സ്ക്രൂ-മൈക്രോമീറ്ററിനായി 600 റീച്ച്സ്താലർ (ആറു മാസത്തെ വരുമാനത്തിന് തുല്യമായ തുക) ചിലവഴിച്ചു. ഇതുപയോഗിച്ച് അദ്ദേഹം ക്രമാനുഗതമായി ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ നിരീക്ഷിച്ചു.
ഷ്രോട്ടർ ചൊവ്വാഗ്രഹത്തിന്റെ സവിശേഷതകളെക്കുറിച്ച് വിപുലമായ ചിത്രങ്ങൾ വരച്ചിരുന്നുവെങ്കിലും, താൻ വീക്ഷിക്കുന്നത് ഭൂമിശാസ്ത്രപരമായ സവിശേഷതകളേക്കാളുപരി കേവലം മേഘരൂപീകരണങ്ങളായിരിക്കാമെന്ന് അദ്ദേഹം എല്ലായ്പ്പോഴും തെറ്റിദ്ധരിച്ചിരുന്നു. 1791-ൽ അദ്ദേഹം ചന്ദ്രന്റെ ഭൂപ്രകൃതിയെക്കുറിച്ചുള്ള ഒരു സുപ്രധാന ആദ്യകാല പഠനം “Selenotopographische Fragmente zur genauern Kenntniss der Mondfläche” എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഈ പഠനത്തിൽ വികസിപ്പിച്ചെടുത്ത വിഷ്വൽ ലൂണാർ ആൽബിഡോ സ്കെയിൽ പിന്നീട് തോമസ് ഗ്വിൻ എൽഗെർ ജനപ്രിയമാക്കുകയും ഇപ്പോൾ അദ്ദേഹത്തിന്റെ പേരിലറിയപ്പെടുകയും ചെയ്യുന്നു.
കാൾ ലുഡ്വിഗ് ഹാർഡിംഗ് (1796–1804), ഫ്രെഡെറിക്ക് വിൽഹെം ബെസെൽ (1806–1810) എന്നിവരായിരുന്നു അദ്ദേഹത്തിന്റെ രണ്ടു പ്രശസ്ത സഹ ജ്യോതിശാസ്ത്രജ്ഞർ.
1813-ൽ നെപ്പോളിയൻ യുദ്ധങ്ങൾ കാരണമായി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അലങ്കോലപ്പെടുകയും പുസ്തകങ്ങൾ, എഴുത്തുകൾ ഉൾപ്പെടെയുള്ള അദ്ധ്വാന ഫലങ്ങളും നിരീക്ഷണാലയവും വൻഡാമെയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ചുകാർ നശിപ്പിക്കുകയും ചെയ്തു. ഈ മഹാവിപത്തിൽനിന്ന് അദ്ദേഹം ഒരിക്കലും കരകയറിയില്ല.[1]
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- Sheehan, William; Baum, Richard (1995). "Observation and inference: Johann Hieronymous Schroeter, 1745–1816". Journal of the British Astronomical Association. 105: 171. Bibcode:1995JBAA..105..171S.
- Mallama, A. (1996). "Schroeter's Effect and the twilight model for Venus". Journal of the British Astronomical Association. 106 (1): 16–18. Bibcode:1996JBAA..106...16M.
- ↑ Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .