ജോസ്കുട്ടി പനയ്ക്കൽ
ജോസ്കുട്ടി പനയ്ക്കൽ
ഇന്ത്യയിലെ പ്രമുഖ ദിനപത്രമായ മലയാള മനോരമയുടെ പിക്ചർ എഡിറ്റർ/ ചീഫ് ഫോട്ടോഗ്രാഫറാണ് ജോസ്കുട്ടി പനയ്ക്കൽ. ന്യൂസ് ഫോട്ടോഗ്രാഫിയിൽ ഒട്ടേറെ പുരസ്കാരങ്ങൾ അന്തർദേശീയ– ദേശീയ– സംസ്ഥാന തലങ്ങളിൽ നേടിയിട്ടുണ്ട്. വാർത്താ ചിത്രങ്ങൾ ആവശ്യമായ വിവരണങ്ങളോടെ ഡിജിറ്റലൈസ് ചെയ്തു ഫയൽ ചെയ്തു സൂക്ഷിച്ചിരിക്കുന്നതിനു ലിംകാ ബുക് ഓഫ് റെക്കോർഡ്സ് – യുണീക് ബുക് ഓഫ് വേൾഡ് റെക്കോർഡ്സ് എന്നിവയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
മുൻകാലം
തിരുത്തുകകോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്ത് കപ്പാട്ട് ജോസഫ്– സിസിലി ദമ്പതികളുടെ ഏക മകനായി ജനിച്ച ജോസ്കുട്ടി പഠിച്ചതും വളർന്നതും ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള ഉടുമ്പന്നൂർ, വെള്ളിയാമറ്റം എന്നിവിടങ്ങളിലാണ്. പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം പള്ളിക്കാമുറി, കരിമണ്ണൂർ, ഉടുമ്പന്നൂർ സ്കൂളുകളിലും, ഹൈസ്കൂൾ വിദ്യാഭ്യാസം കലയന്താനി സെന്റ് ജോർജ് സ്കൂളിലും നേടി. മൂലമറ്റം സെന്റ് ജോസഫ്സ് കോളജ്, തൊടുപുഴ ന്യൂമാൻ കോളജ് എന്നിവിടങ്ങളിലും മധുര കാമരാജ് യൂണിവേഴ്സിറ്റിയിലും പ്രീഡിഗ്രി,ബിരുദം, ബിരുദാനന്തര പഠനം പൂർത്തിയാക്കി.
ഫോട്ടോഗ്രാഫി
തിരുത്തുകസ്കൂൾ കാലഘട്ടം മുതൽ ചെറിയ ഓട്ടോ ഫോക്കസ് ഫിലിം ക്യാമറയിൽ ചിത്രങ്ങളെടുക്കുന്ന ജോസ്കുട്ടി കോളേജിലെത്തിയതോടെ അവിടത്തെ പരിപാടികളുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി മാറി. നാട്ടിൽത്തന്നെയുള്ള ബെന്നി എന്ന സ്റ്റുഡിയോ ഫോട്ടോഗ്രാഫറിൽനിന്നാണ് തുടക്കത്തിൽ എസ്എൽആർ ക്യാമറയിലേക്കു ചേക്കേറിയത്. തുടർന്ന് മാതൃഭൂമി, മാധ്യമം, കേരള കൗമുദി, ചന്ദ്രിക, ദേശാഭിമാനി എന്നിവയ്‌ക്കെല്ലാം ചിത്രം കരാറടിസ്ഥാനത്തിൽ എടുത്ത് നൽകുന്ന തൊടുപുഴയിലെ ഫോട്ടോഗ്രാഫറായിത്തീർന്നു. അക്കാലത്തെ കേരളത്തിലെ പ്രശസ്ത പത്ര ഫോട്ടോഗ്രാഫർ വിക്ടർ ജോർജിന്റെ ചിത്രങ്ങൾ ജോസ്കുട്ടിയെ സ്വാധീനിച്ചു. 2001ലാണ് മലയാള മനോരമയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ജോലി ലഭിക്കുന്നത്. മനോരമയുടെ കോട്ടയം, കണ്ണൂർ, കൊല്ലം, തൃശൂർ, മുംബൈ, കൊച്ചി പതിപ്പുകളിൽ ജോലി ചെയ്തു. ഇപ്പോൾ മനോരമയുടെ ഡൽഹി ഓഫീസിൽ ഫോട്ടോ എഡിറ്ററാണ്.
ഔദ്യോഗിക ജീവിതം
തിരുത്തുകട്രെയിനി ഫോട്ടോഗ്രാഫറിൽ നിന്നു സീനിയറും ചീഫും പിക്ചർ എഡിറ്ററുമായി ഔദ്യോഗിക സ്ഥാനങ്ങളിൽ മാറ്റം വന്നതിനു പുറമെ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ Archived 2023-02-24 at the Wayback Machine.) തൃശൂർ ജില്ലാ ഘടകം ജോയിന്റ് സെക്രട്ടറി, സംസ്ഥാന നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള മീഡിയ അക്കാദമി, കോട്ടയം പ്രസ്ക്ലബ്, തിരുവനന്തപുരം പ്രസ്ക്ലബ് എന്നിവയ്ക്കു പുറമെ വിവിധ കോളേജുകളിലും ഫോട്ടോ ജേണലിസം അതിഥി അധ്യാപകനായും സെഷനുകൾ നയിക്കാനും പ്രവർത്തിച്ചു.
വ്യക്തി ജീവിതം
തിരുത്തുക2007ൽ വിവാഹിതനായ ജോസ്കുട്ടിയുടെ ഭാര്യ ഡോ. സിന്ധു ജോർജ് അങ്കമാലി മൂക്കന്നൂർ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കോളജിലെ അസോസിയേറ്റ് പ്രൊഫറസാണ്. ഇനിക, എഡ്രിക് എന്നിവർ മക്കളാണ്.
രചന
തിരുത്തുക2014ൽ കറന്റ് ബുക്സ് ജോസ്കുട്ടി എഴുതിയ ‘കാണാപ്പുറം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഒട്ടേറെക്കാലം കാണാപ്പുറം എന്ന പേരിൽ ബ്ലോഗ് രചനയിൽ വ്യാപരിച്ചിരുന്നു. ഇതേ പേര് തന്നെയാണ് അദ്ദേഹമെഴുതിയ പുസ്തകത്തിനുമുള്ളത്.
പുരസ്കാരങ്ങൾ
തിരുത്തുകവാർത്താ ചിത്രങ്ങളുടെ ഇലക്ട്രോണിക് രീതിയിലെ ക്രമപ്പെടുത്തലിനു ലിംകാ ബുക് ഓഫ് റെക്കോർഡ്സ്, യുണീക് ബുക് ഓഫ് വേൾഡ് റെക്കോർഡ്സ് എന്നിവയിൽ ജോസ്കുട്ടിയുടെ പേര് ചേർത്തിട്ടുണ്ട്. നാല് രാജ്യാന്തര പുരസ്കാരങ്ങൾ ഉൾപ്പടെ നാൽപതിലേറെ ഫോട്ടോഗ്രാഫി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
അവലംബം
തിരുത്തുകജോസ്കുട്ടി എഴുതിയ കാണാപ്പുറം പുസ്തകം. പുസ്തക പ്രകാശനം
2018ലെ കേരള പ്രളയത്തിലെ ചിത്രാനുഭവങ്ങൾ
കേരള സർക്കാർ സ്പോർട്സ് കൗൺസിൽ ജിവി രാജാ പുരസ്കാരം
അളന്നു കുറിച്ച് 45 ഇഞ്ച് നീളത്തിൽ കുഴിമാടം..
Limca book of records news in THE HINDU 2011
Unique times Best Photographer
കേരള പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ