ജൈവ സംവിധാനങ്ങളെയും പ്രതിഭാസങ്ങളെയും പഠിക്കുന്നതിനായി ഭൗതികശാസ്ത്രത്തിലെ സമീപനങ്ങളും രീതികളും പ്രയോഗിക്കുന്ന ഒരു അന്തർവൈജ്ഞാനിക ശാസ്ത്രം ആണ് ജൈവഭൗതികശാസ്ത്രം (ഇംഗ്ലീഷ് : ബയോഫിസിക്സ് അല്ലെങ്കിൽ ബയോളജിക്കൽ ഫിസിക്സ്). തന്മാത്രാതലം മുതൽ ജീവിഗണങ്ങൾ വരെ ജീവശാസ്ത്രപരമായ എല്ലാ ജൈവഘടനകളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ജൈവഭൗതികശാസ്ത്രത്തിലെ ഗവേഷണം ജൈവരസതന്ത്രം, ഫിസിക്കൽ കെമിസ്ട്രി, നാനോടെക്നോളജി, ബയോ-എൻജിനീയറിങ്, കമ്പ്യൂട്ടേഷണൽ ബയോളജി, ബയോമെക്കാനിക്സ്, സിസ്റ്റംസ് ബയോളജി എന്നീ ശാഖകളിലായി വ്യാപിച്ചിരിക്കുന്നു.

ഒരു റാപ്-റാഫ് പ്രോടീൻ കോംപ്ലക്സ് (പ്രോടീൻ ഡേറ്റ ബാങ്ക് കോഡ് : 1C1Y) VMD സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിഷ്വലൈസ് ചെയ്തത്.

1892 ഇൽ കാൾ പിയ്ഴ്സണാണ് ബയോഫിസിക്സ് എന്ന പദം ആദ്യമായി അവതരിപ്പിച്ചത്[1][2]

അവലോകനം

തിരുത്തുക

ജൈവരസതന്ത്രത്തിലെയും തന്മാത്രാ ജീവശാസ്ത്രത്തിലെയും ഭൗതികശാസ്ത്രപരമായ പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യുന്നതിലാണ് തന്മാത്രാ ജൈവഭൗതികശാസ്ത്രം പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഡി.എൻ.എ , ആർ.എൻ.എ , മാംസ്യതന്മാത്രകൾ തുടങ്ങിയ ജൈവതന്മാത്രകൾക്കിടയിൽ അന്യോന്യം ഉണ്ടാകുന്നതും അവയ്ക്കുള്ളിൽത്തന്നെ സംഭവിക്കുന്നതുമായ പരസ്പരപ്രവർത്തനങ്ങളെ മനസ്സിലാക്കുക എന്നതാണ് ഈ മേഖലയിലെ ശാസ്ത്രജ്ഞരുടെ ഗവേഷണോദ്യമം. ഇതിനായി വിവധതരത്തിലുള്ള സങ്കേതങ്ങൾ ഉപയോഗിച്ചുപോരുന്നു.

കലകൾ, കോശങ്ങൾ, അവയവവ്യവസ്ഥ, ജീവിഗണങ്ങൾ, ആവാസവ്യവസ്ഥകൾ എന്നിവയെപ്പറ്റിയും ഗണിതത്തിലെയും സ്ഥിതിഗണിതത്തിലെയും പരീക്ഷണരീതികൾ കൂടി ഉപയോഗിച്ച് പഠനങ്ങൾ നടക്കുന്നു.

ജൈവഭൗതികശാസ്ത്രത്തിന്റെ മറ്റൊരു ശാഖയാണ് മെഡിക്കൽ ഫിസിക്സ്. വൈദ്യശാസ്ത്ര സംബന്ധിയായ പ്രയുക്തഭൗതികശാസ്ത്രമാണ് ഇത്. റേഡിയോളജി, മൈക്രോസ്കോപ്പി, നാനോ മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജൈവഘടകങ്ങളുടെ കേടുപാടുകൾ തീർക്കാനായി ഉപയോഗിക്കപ്പെടുന്ന ഭാവിയിലെ ജൈവയന്ത്രങ്ങളെപ്പറ്റി (നാനോയന്ത്രങ്ങൾ) റിച്ചാർഡ് ഫെയ്ൻമാൻ There's Plenty of Room at the Bottom (1959) എന്ന ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നു [3]

  1. Pearson, Karl (1892). The Grammar of Science. p. 470.
  2. Roland Glaser. Biophysics: An Introduction. Springer; 23 April 2012. ISBN 978-3-642-25212-9.
  3. Richard P. Feynman (December 1959). "There's Plenty of Room at the Bottom". Archived from the original on 2010-02-11. Retrieved 2017-08-16.
"https://ml.wikipedia.org/w/index.php?title=ജൈവഭൗതികശാസ്ത്രം&oldid=3632236" എന്ന താളിൽനിന്ന് ശേഖരിച്ചത്