ഭാരതീയദർശനസമ്പ്രദായങ്ങളിൽ വേദങ്ങളെ പ്രമാണമായി സ്വീകരിക്കാത്തതും (നാസ്തികം) പുരാതനവുമായ ഒരു പ്രധാനദർശനധാരയാണ് (School of Philosophy) ജൈനദർശനം.

ദൈവാസ്തിത്വം ജൈനദർശനം അംഗീകരിക്കുന്നില്ല. പ്രപഞ്ചം ദ്രവ്യങ്ങളാൽ നിർമിതവും സത്യവും ശാശ്വതവും ആണെന്നും, ആത്മാവ് (ജീവ) ആണു ജീവവസ്തുക്കൾക്കു ചൈതന്യവും ബോധവും നൽകുന്നതെന്നും ജൈനദർശനം പറയുന്നു. മുജ്ജന്മകർമ്മബന്ധങ്ങൾ ആത്മാവിൽ ഒട്ടിപ്പിടിക്കുന്നു. അത് ദ്രവ്യവസ്തുക്കളെ ആകർഷിച്ച് ജീവശരീരമുണ്ടാക്കുന്നു. ആത്മാവിന് സ്വപ്രയത്നത്താൽ മുക്തിനേടാൻ കഴിയും. ശരിയായ ചിന്തയും വാക്കും പ്രവൃത്തിയും കർമ്മങ്ങളെ ആത്മാവിൽ നിന്ന് ഒഴിവാക്കാനും മുക്തി നേടാനുമുള്ള മാർഗം.

രാഗദ്വേഷങ്ങളെ ജയിച്ചവർ എന്നാണ് ജിന എന്ന വാക്കിനർത്ഥം.അത് ജൈനമതസ്ഥാപകരായ ഇരുപത്തിനാലു ഗുരുക്കന്മാരെ (തീര്ത്ഥങ്കരന്മാരെ) സൂചിപ്പിക്കുന്ന പൊതുനാമമാണ്. ജൈനർ ദൈവവിശ്വാസികളല്ല. എന്നാൽ സ്വപ്രയത്നത്തിലൂടെ, മുക്തിനേടിയ മഹാത്മാക്കളായ തീർത്ഥങ്കരന്മാരെ ആരാധിക്കുന്നു. ഋഷഭദേവനാണ് ആദ്യത്തെ തീർത്ഥങ്കരൻ. ഗൗതമബുദ്ധൻറെ സമകാലികൻ ആയിരുന്ന (ക്രി.മു. ആറാം നൂറ്റാണ്ട്) വർദ്ധമാന മഹാവീരനാണ് ഇരുപത്തിനാലാമത്തെ തീർത്ഥങ്കരൻ. അവർ സ്വതന്ത്രരും, പൂർണ്ണരും, സർവജ്ഞാനികളും, പൂർണ്ണാനന്ദം ലഭിച്ചവരും ആണ് എന്നാണ് ജൈനർ വിശ്വസിക്കുന്നത്. പ്രാകൃതം, സംസ്കൃതം എന്നീ ഭാഷകളിൽ എഴുതപ്പെട്ട അതിവിപുലമായ ദർശനസാഹിത്യം ജൈനദർശനത്തിലുണ്ട്. എന്നാൽ പല ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു.

ജ്ഞാനശാസ്ത്രംതിരുത്തുക

ജൈനദർശനത്തിലെ ജ്ഞാനശാസ്ത്രമനുസരിച്ച് (Epistemology) പ്രത്യക്ഷം, അനുമാനം, ശബ്ദം (perception, Inference and Testimony of reliable persons‍) എന്നിവ പ്രമാണങ്ങളായി സ്വീകരിക്കാവുന്നവയാണ്. പ്രത്യക്ഷം മാത്രമേ പ്രമാണമായുള്ളൂ എന്ന ചർവാകവീക്ഷണത്തെ ജൈനർ ചോദ്യം ചെയ്യുന്നു. ആ വാദത്തിന് ന്യായീകരണം നൽകാൻ ചർ‌വാകർക്ക് കഴിയില്ല, പ്രത്യക്ഷങ്ങൾക്ക് പരസ്പരവൈരുദ്ധ്യമില്ല എന്നോ, അവ തെറ്റായ അറിവിലേക്കു നയിക്കുന്നില്ലെന്നൊ എന്നോ ഉള്ള ഒരു കാരണം ചർ‌വാകർ നൽകേണ്ടി വരും. അല്ലെങ്കിൽ മൌനമായി തങ്ങളുടെ വാദത്തിന് ന്യായീകരണമില്ലെന്ന് സമ്മതിക്കേണ്ടിവരും. കാരണം പറയുക എന്നത് ഒരു തരം അനുമാനമാണ്. എന്നുതന്നെയല്ല, രണ്ടാമത്തെ നിലപാടെടുത്താൽ, അവരുടെ വാദം ന്യായീകരണമില്ലാത്ത ഒരു പ്രസ്താവന (Ipse Dixit) മാത്രമായിത്തീരും. രണ്ടും സ്വീകാര്യമല്ല. തന്നെയുമല്ല, ചില അനുമാനങ്ങൾ തെറ്റിപ്പോകുന്നു എന്നതു കൊണ്ട് എല്ലാ അനുമാനങ്ങളും തെറ്റായിരിക്കും എന്ന് പറയാവതല്ല. അതുതന്നെ ഒരു അനുമാനമാണ്. ഇന്ദ്രീയങ്ങൾ കൊണ്ട് അറിയാത്ത വസ്തുക്കൾ നിലനിലക്കുന്നില്ലെന്ന് ചാർവാകന്മാർ വാദിക്കുന്നതും, പരിമിതമായ ഇന്ദ്രീയാനുഭവം അവലംബിച്ചുള്ള ഒരു അനുമാനമാണ്. അതുകൊണ്ട്, എന്തു ന്യായം കൊണ്ടാണോ പ്രത്യക്ഷം സ്വീകാര്യമാവുന്നത്, അതേ ന്യായം കൊണ്ടു തന്നെ അനുമാനവും ശബ്ദവും പ്രമാണമായി സ്വീകരിക്കപ്പെടണം. ഇത്തരം കാര്യങ്ങളിൽ, അവയുടെ പ്രായോഗത്തിക്കുമോഴുള്ള ഫലങ്ങളുമായി അവ ചേരുന്നുണ്ടൊ എന്നാണ് നോക്കേണ്ടത്. അതാണ് സാധുതയുടെ മാനദണ്ഡം.

അറിവുകൾ ഒന്നും തന്നെ പൂർണ്ണമല്ല എന്ന് ജൈനദർശനം പറയുന്നു. വസ്തുക്കള്ക്ക് അനന്തമായ ഗുണധർമ്മങ്ങളുണ്ട് (വലിപ്പം, നിറം, ആകൃതി, ഘടകങ്ങൾ, തുടങ്ങിയവ) .പക്ഷേ, പൂർണ്ണരല്ലാത്ത നമുക്ക് അതിനെക്കുറിച്ച് ഭാഗികമായ അറിവേ ലഭിക്കുന്നുള്ളൂ. ആനയെക്കണ്ട കുരുടന്മാരെപ്പോലെ തൻറെ അറിവുമാത്രമാണു ശരി എന്നു ശഠിക്കരുത്. എല്ലാ പരാമർശങ്ങളിലും സ്യാത് (Perhaps, ഒരു പക്ഷേ) എന്നു കൂടി ചേർക്കണം. ആന തൂണു പോലെയാണ് എന്നു സാമാന്യമായി ഉറപ്പിക്കതെ, ഒരു പക്ഷേ ആന തൂണുപോലെയാകാം എന്നു പറയണം. അതുപോലെ മുറിയിൽ കുടം ഉണ്ട് എന്നു പറയാതെ, ഒരു പക്ഷേ (ചില സാഹചര്യങ്ങളിൽ ) മുറിയിൽ കുടം ഉണ്ട് എന്നു പറയണം, കാരണം, അത്തരം ഒരു പരാമർശം, കുടം എല്ലാക്കാലതും അതേപോലെ തന്നെ ഉണ്ട് (ഉണ്ടായിരുന്നു, ഉണ്ടായിരിക്കും) എന്ന അർത്ഥം വരും. അതുശരിയല്ല. ഇതാണ് ജൈനരുടെ സ്യാദ് വാദം. ഒരു വസ്തു എന്താണെന്നു പൂർണമായി മനസ്സിലാക്കണമെങ്കിൽ ആ വസ്തുവിൻറ മുഴുവൻ ഗുണധർമ്മങ്ങൾ മാത്രം അറിഞ്ഞാൽ പോരാ. അത് മറ്റെല്ലാവസ്തുക്കളിൽ നിന്നും എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും അറിയണം. ആകയാൽ, ഒരു വസ്തുവിനെക്കുറിച്ച് പൂർണ്ണജ്ഞാനമുള്ളയാൾക്ക് മറ്റെല്ലാ വസ്തുക്കളെക്കുറിച്ചും പൂർണ്ണജ്ഞാനം ഉണ്ടായിരിക്കും എന്നർത്ഥം ! കേവലികൾക്കു (Omniscient) മാത്രമേ അങ്ങനെയുള്ള പൂർണ്ണമായ അറിവുണ്ടായിരിക്കുകയുള്ളൂ. എന്നാൽ സാധാരണ ദൈനംദിനകാര്യങ്ങൾക്ക് ഭാഗികമായ അറിവ് ധാരാളമാണ്. പക്ഷേ, അതുകൊണ്ട് പൂർണ്ണജ്ഞാനം കിട്ടി എന്നു ധരിക്കരുത്.

ഒരു കാര്യത്തെ കുറിച്ച് ഏഴു പ്രകാരത്തിൽ നയം (Judgement) സാധ്യമാണെന്ന് ജൈനർ വാദിക്കുന്നു. കറുത്തമണ്ണു കുഴച്ച്, ചുട്ടുണ്ടാക്കിയ ഒരു കുടം പരിഗണിക്കുക. കുടത്തിൻറെ നിറമെന്താണ് ? ചുവപ്പ് എന്നു പൊതുവെ പറയാമോ ?പാടില്ല. കാരണം കുടം മുൻപു കറുത്തതായിരുന്നു. അതുകൊണ്ട്, (1) ചിലപ്പോൾ കുടത്തിൻറെ നിറം ചുവപ്പ് എന്നു പറയണം. അതു ധനാത്മകപ്രസ്താവന. കൂടാതെ, (2) ചിലപ്പോൾ കറുപ്പല്ല എന്ന് ഋണാത്മകമായിട്ടും പറയാം. ഇവ ഒന്നിച്ച് (3) ചിലപ്പോൾ ചുവപ്പ്, ചിലപ്പോൾ കറുപ്പ് എന്നും പറയാം. അപ്പോൾ, എല്ലാ അവസ്ഥിലും ശരിയാകുന്ന കുടത്തിൻറെ യഥാർത്ഥ നിറമെന്താണ്? അതു പറയാൻ പറ്റില്ല. അതായത്, (4) ചിലപ്പോൾ കുടത്തിന്റെ നിറം അവക്തവ്യം ആണ്. ഇപ്രകാരം വിവിധ ദർശനകോണിൽ നിന്ന്, ഒരു വസ്തുവിൻറെ ഒരു ഗുണത്തെപ്പറ്റി എടുക്കാവുന്ന തീരുമാനങ്ങൾ സം‌യോജിപ്പിച്ചുകൊണ്ട് മറ്റു മൂന്നു തീരുമാനങ്ങളും കൂടി എടുക്കാം. അവ യഥാക്രമം, (5) ചിലപ്പോൾ ചുവപ്പ്, ചിലപ്പോൾ അവക്തവ്യം. (6) ചിലപ്പോൾ ചുവപ്പല്ല, ചിലപ്പോൾ അവക്തവ്യം. (7) ചിലപ്പോൾ ചുവപ്പ്, ചിലപ്പോൾ ചുവപ്പല്ല, ചിലപ്പോൾ അവക്തവ്യം. ഇതാണ് സപ്തഭങ്ഗിനയം എന്നറിയപ്പെടുന്നത്. എന്തെങ്കിലും പ്രഭാവം (Effect) സൃഷ്ടിക്കുക്കുവാനുള്ള കഴിവാണ് വാസ്തവികതയുടെ തെളിവ് എന്ന ബുദ്ധദർശനത്തെയും ജൈനർ നിരാകരിക്കുന്നു. പാമ്പാണ് എന്നു തെറ്റായി ധരിച്ചാൽ ഒരു കയർ ഭയവും, ഉദ്വേഗവും ജനിപ്പിക്കുന്നു. എന്നാൽ അതു പാമ്പല്ലല്ലോ?

കേവലദർ‌ശനംതിരുത്തുക

ജൈനരുടെ കേവലദർശനത്തിൽ (Metaphysics), ഈ ലോകം വാസ്തവത്തിലുള്ളതാണ്, സത്യമാണ്. മിഥ്യയോ, മായയോ അല്ല. ലോകം പലതരം ദ്രവ്യങ്ങളാൽ നിർമ്മിതമാണ്. എല്ലാ ദ്രവ്യങ്ങൾക്കും സ്ഥിരമായതും മാറ്റത്തിനു വിധേയമാവുന്നതും ആയ വിശേഷതകളുണ്ട്. അവയെ ജൈനർ യഥാക്രമം ഗുണം എന്നും പര്യായം എന്നും വിളിക്കുന്നു. ആകയാൽ, ലോകം സ്ഥിരമാണ് എങ്കിലും മാറ്റത്തിനും വിധേയമാണ്. ലോകത്തിൽ ഒന്നും തന്നെ സ്ഥിരമല്ലെന്നും എല്ലാം പ്രതിക്ഷണം മാറുന്നു എന്ന‍ ബുദ്ധദർശനം (ക്ഷണികവാദം) ജൈനർ അംഗീകരിക്കുന്നില്ല. അതുപോലെ, എല്ലാ മാറ്റങ്ങളും അസത്യമാണെന്നും വാസ്തവികത (Reality) സ്ഥിരമാണെന്നുമുള്ള വേദാന്തദാർശനികരുടെ നിത്യവാദവും ജൈനർ നിരാകരിക്കുന്നു.

ലോകത്തിൽ വികസിക്കാനും വിഭജിക്കാനും ഒക്കെ കഴിയുന്ന ദ്രവ്യങ്ങളുണ്ട്. അവയാണ് അസ്തികായങ്ങള്‍. എന്നാൽ കാലം അനാസ്തികായമാണ്, വികസിപ്പിക്കാനോ ചുരുക്കാനോ കഴിയില്ല. അസ്തികായങ്ങളിൽ, ജീവനുള്ളവയും ജീവനില്ലാത്തവയും ഉണ്ട്. അജീവവസ്തുകളിൽ സമ്യോജിക്കാനും വിഘടിക്കാനും കഴിയുന്നവയുണ്ട്. അവയാണ് 'പുദ്ഗല'ങ്ങൾ. അവയെ തുടർച്ചയായി വിഘടിപ്പിച്ചാൽ വിഘടനം അസാദ്ധ്യമായ അണുക്കളിൽ എത്തിച്ചേരും. അണുക്കൾ സംയോജിച്ച് സങ്കീർണമായവ ('സംഘട'ങ്ങൾ/ 'സ്കന്ധ'ങ്ങൾ) ഉണ്ടാവുന്നു. പ്രകൃതിയിലെ വസ്തുക്കളും നമ്മുടെ ശരീരവും ഒക്കെ ഇപ്രകാരം അണുക്കളാൽ സംഘടിക്കപ്പെട്ടയാണ്. മനസും, വാക്കും, ശ്വാസവും ഈവിധം അണുക്കളാൽ നിർമ്മിതമാണെന്ന് ജൈനർ പറയുന്നു.

ദ്രവ്യങ്ങൾക്ക് സ്ഥിരമായ ചില വിശേഷങ്ങൾ ഉണ്ട്. അവയെ ജൈനർ ഗുണങ്ങൾ എന്നു വിളിക്കുന്നു. മാറ്റത്തിനു വിധേയമാകുന്നവയെ പര്യായങ്ങൾ എന്നു വിളിക്കുന്നു. പുദ്ഗലങ്ങൾക്ക് സ്പർശം, രുചി, നിറം എന്നീ നാലു ഗുണങ്ങളുണ്ട്. എന്നാൽ ശബ്ദം മറ്റുചില ചിന്തകർ കരുതുന്നതുപോലെ ഇപ്രകാരം ഒരു ഗുണമല്ല. ശബ്ദം, വെളിച്ചം, നിഴൽ, ഇരുട്ട്, തുടങ്ങിയവ ദ്രവ്യങ്ങളുടെ പര്യായങ്ങളാണ്.

ഭൗതികദ്രവ്യങ്ങൾ കൂടാതെ, ലോകത്തിൽ ആകാശവും, കാലവും (Space, Time) ഉണ്ട്. ദ്രവ്യങ്ങൾക്ക് വികസിക്കാൻ ഇടം നൽകുന്നതന്തോ അതാണ് ആകാശം. ആകാശത്തിന്റെ അസ്തിത്വം ഇന്ദ്രീയാനുഭവങ്ങളിലൂടെ പ്രത്യക്ഷമായി അറിയാൻ കഴിയില്ല. അനുമാനിച്ചാണ് അറിയാൻ സാധിക്കുക. ആകാശമില്ലെങ്കിൽ ദ്രവ്യങ്ങൾക്ക് വികസിക്കാൻ കഴിയില്ല. ജൈനവീക്ഷണത്തിൽ, ദ്രവ്യങ്ങളും മറ്റും നിലനിൽക്കുന്ന ലോകാകാശവും, അതിനപ്പുറത്ത് അലോകാകാശവും ഉണ്ട്.

ആകാശത്തെക്കുറിച്ച് എന്നതു പോലെ സമയത്തെക്കുറിച്ചും അനുമാനിച്ചറിയാം. കാലത്തിന്റെ അസ്തിത്വം അംഗീകരിക്കാതെ ചലനവും മാറ്റവും വിശദീകരിക്കാനാവില്ല. മാങ്ങയ്ക്ക് പച്ച നിറം വരുന്നതും പഴുക്കുന്നതും ഒന്നിനുപുറകേ ഒന്നായി, തുടർച്ചയായേ കഴിയൂ, വ്യത്യസ്തകാലങ്ങളിലേ സാധിക്കൂ. കാലം സകലയിടങ്ങളിലും ഒരു പോലെയാണ്. അതു വികസിക്കില്ല, ചുരുങ്ങില്ല. ചില ജൈനചിന്തകർ പരമാർത്ഥകാലം എന്നും വ്യാവഹാരികകാലം എന്നും രണ്ടുതരം കാലത്തെപ്പറ്റിപ്പറയുന്നു. വ്യാവഹാരികകാലം മാത്രമാണ് നിമിഷങ്ങളും നാഴികകളും ഒക്കെയായി വിഭജിക്കാൻ സാധിക്കുന്നത്.

സജീവവസ്തുക്കൾക്ക് സുഖദുഃഖങ്ങൾ ആന്തരികമായി അനുഭവിക്കാൻ കഴിവുണ്ട്. അറിയാനും ചിന്തിക്കാനും കഴിയുന്നുണ്ട്. ബോധമുള്ളതു കൊണ്ടാണ് അപ്രകാരം കഴിയുന്നത്. ബോധം നൽകുന്നത് ആത്മാവ് (ജീവ എന്നാണു ജൈനർ വിളിക്കുന്നത്) എന്ന വസ്തുവാണ് (Substance). പ്രത്യക്ഷാനുഭവങ്ങളും അനുമാനവും ആണ് ആത്മാവുണ്ടെന്നു തെളിയിക്കുന്നത്. വസ്തുക്കളുടെ സ്വഭാവഗുണങ്ങൾ കൊണ്ടാണ് നാം അതിനെ മനസ്സിലാക്കുന്നത്. ഓറഞ്ചിൻറെ ആകൃതിയും നിറവും മണവും കൊണ്ടാണ് അത് ഓറഞ്ചാണെന്ന് നാം മനസ്സിലാക്കുന്നത്. അതുപോലെ, സുഖദുഃഖങ്ങൾ അനുഭവിക്കാനുള്ള ജീവവസ്തുക്കളുടെ കഴിവാണ് ആത്മാവുണ്ട് എന്നു വ്യക്തമാക്കുന്നത്. കൂടാതെ, ബോധം നൽകുന്ന ഒരു വസ്തുവിൻറെ നിയന്ത്രണമില്ലാതെ, ഇന്ദ്രീയങ്ങൾക്കും ശരീരത്തിനും അവയുടെ പ്രവൃത്തികൾ ചിട്ടയായി ചെയ്യാൻ കഴിയുകയുമില്ല.

ബോധം എന്നത് വസ്തുക്കളുടെ സം‌യോജനത്തിലൂടെ ലഭിക്കുന്നു എന്ന ചർവാകരുടെ യദൃഛാവാദം ശരിയല്ല. അപ്രകാരം വസ്തുക്കൾ ചേരുമ്പോൾ ബോധം ലഭിച്ചതായി എന്തു പ്രത്യക്ഷത്തെളിവാണ് ചർവാകർക്കു നൽകുവാനാവുന്നത് ? ആത്മാവും ശരീരവും ഒന്നാണെന്ന വാദവും തെറ്റ്. എങ്കിൽ ശരീരം നിലനിൽക്കുന്നിടത്തോളം കാലം അതിനു ബോധവും ഉണ്ടാവണം. പക്ഷേ, ഉറക്കത്തിലും, മോഹാലസ്യപ്പെറുമ്പോഴും, മരിക്കുമ്പോഴും ബോധം നഷ്ടപ്പെടുന്നുണ്ടല്ലോ ? ‘ഞാൻ തടിച്ചവൻ, മെലിഞ്ഞവൻ’എന്നൊക്കെ നാം പറയുന്നത്, വ്യംഗ്യമായിട്ടാണ്. അത് വാച്യാർത്ഥത്തിലല്ല. അതുകൂടാതെ, ‘ഈ ശരീരത്തിൽ ആത്മാവില്ല’ എന്നു പറയുന്നതെങ്ങിനെ ? ഒരിടത്ത്, ഒരു കാര്യം ഇല്ല എന്നു പറയണമെങ്കിൽ അത് മറ്റെവിടെയോ ഏതെങ്കിലും തരത്തിൽ ഉണ്ട് എന്ന അറിവ് ഇല്ലാതെ പറ്റില്ലല്ലോ ? ഇതിനെല്ലാം ഉപരിയായി, ഞാൻ (എൻറെ ആത്മാവ്) നിലനിൽക്കുന്നില്ല എന്നു പറയുന്നതും എൻറെ അമ്മ മച്ചിയാണ് (Barren)എന്നോ സൂര്യൻ പ്രകാശം നൽകുന്നു, പക്ഷെ അതു നിലനിൽക്കുന്നില്ല എന്നോ പറയുന്നതുപോലെ അസംബന്ധമാണ് (Absurd).

നീതിശാസ്ത്രംതിരുത്തുക

ജീവനുള്ള വസ്തുക്കൾക്കെല്ലാം ആത്മാവുണ്ട്. പൊടികളിൽ പോലും. എത്ര ജീവവസ്തുക്കളുണ്ടോ അത്രയും ആത്മാക്കളും ഉണ്ട്. ആത്മാവിന് രൂപമില്ല. എന്നാൽ അതിന് ഒരു വെളിച്ചം പോലെ, ശരീരത്തിനു ബോധം നൽകാൻ കഴിയുന്നു. അതിന് സ്ഥിതിചെയ്യാൻ ശരീരം വേണം എന്നാൽ സ്ഥലം ആവശ്യമില്ല. രണ്ടാത്മാക്കൾക്ക് ഒരു ശരീരത്തിൽ ഇരിക്കാൻ കഴിയും - രണ്ടു ദീപങ്ങൾ ഒരേസ്ഥലം പ്രകാശിപ്പിക്കാൻ സാധിക്കുന്നതുപോലെ. ശരീരത്തിലല്ലാതെ മറ്റോരിടത്തും ആത്മാവില്ല. മാത്രവുമല്ല, അതിന് വികസിക്കുവാനും കഴിയും, എന്നാൽ അത് അനന്തമായ ഒന്നല്ല. എന്നാൽ എന്നോ എല്ലാ ജീവവസ്തുക്കൾക്കും ബോധം ഒരുപോലെയല്ല. ചെടികൾക്കും തീരെച്ചെറിയ ജീവികൾക്കും ബോധം കുറവാണ്. അവയ്ക്ക് സ്പർശനേന്ദ്രീയം മാത്രമാണുള്ളത്. പുഴുക്കളെപ്പോലെയുള്ള ജീവികൾക്ക് രണ്ട് ഇന്ദ്രീയങ്ങളുണ്ട്. ചിലതിനു മൂന്ന്, ചിലതിനു നാല്. മനുഷ്യനും വലിയ ജീവികൾക്കും അഞ്ച്. എല്ലാ ജീവനും മുക്തി നേടാനാവും.

ആത്മാവിന് അനന്തമായ കഴിവുകളുണ്ട്. അത് അനശ്വരമാണ്, എന്നാൽ മാറ്റങ്ങൾക്കു വിധേയവുമാണ്. മുജ്ജന്മകർമ്മങ്ങളാണ് - ചിന്തയും വാക്കും പ്രവൃത്തിയും - ജീവിതത്തിലെ ദുരിതങ്ങളുടെ കാരണം. അവമൂലം ആത്മാവിന് ആഗ്രഹങ്ങൾ ഉണ്ടാവുന്നു. അവ ദ്രവ്യകണികകളെ ആത്മാവിലേക്ക് ആകർഷിക്കുന്നു. തദ്വാരാ ജീവശരീരം സൃഷ്ടീക്കപ്പെടുന്നു. ജീവശരീരത്തിൻറെ നിറം, ആകൃതി, ആയുസ്സ്, ഇന്ദ്രീയങ്ങൾ (എണ്ണവും, തരവും) തുടങ്ങിയവ നിർണയിക്കുന്നത് ഒരോരോ കർമ്മങ്ങളാണ്. ഗോത്രകർമ്മമാണ് ഏതു കുടുംബത്തിൽ ജനിക്കണമെന്നു നിർണയിക്കുന്നത്. ആയുഷ്കർമ്മം ശരീരത്തിൻറെ ആയുസ്സ് നിർണയിക്കുന്നു. ജീവവസ്തുക്കൾക്ക് പ്രത്യക്ഷമായ ശരീരം മാത്രമല്ല്, ഇന്ദ്രീയങ്ങളും, മനസും, ജീവശക്തിയും ഉണ്ട്. അവയെല്ലാം ആത്മാവിനെ ബന്ധനത്തിലാക്കുന്നു. ക്രോധം, ലോഭം, മാനം, മായ (Greed, Anger, Pride, Infatuation) എന്നീ ‘കഷായ’ങ്ങളാണ് (ഒട്ടിപ്പിടിപ്പിക്കുന്നവ) ആത്മാവിൽ ദ്രവ്യങ്ങൾ ആകർഷിക്കപ്പെട്ട് ചേർന്നിരിക്കുവാൻ കാരണമാവുന്നത്. ഇപ്രകാരം ആത്മാവ് ഭാവബന്ധനത്തിലും ദ്രവ്യബന്ധനത്തിലും ആയിത്തീരുന്നത്.

ആത്മാവിൽ നിന്ന് ദ്രവ്യങ്ങളെ മാറ്റിക്കളയുന്നതാണ് മുക്തി. അറിവില്ലായ്മയാണ് ക്രോധലോഭാദികൾക്കു കാരണം. അവയൊഴിവാക്കാൻ ശരിയായ ജ്ഞാനം നേടണം. അതിന് മുക്തിനേടിയ, പൂർണ്ണജ്ഞാനികളായ തീർത്ഥങ്കരന്മാർ പറഞ്ഞത് ശ്രദ്ധയോടെ, ശരിയായ വിശ്വാസത്തോടെ പഠിക്കണം. എന്നാൽ അതു മാത്രം പോരാ. ശരിയായ അറിവിൻറെ വെളിച്ചത്തിൽ, ഇന്ദ്രീയങ്ങളേയും, ചിന്തയേയും, വാക്കുകളേയും നിയന്ത്രിച്ച് ശരിയായി പ്രവർത്തിക്കുകയും വേണം. ശരിയായ വിശ്വാസം, ജ്ഞാനം, പ്രവൃത്തി (സം‌യഗ്ദർശനം, സം‌മ്യഗ്ജ്ഞാനം, സം‌യഗ്ചരിതം), ഈ മൂന്നുമാണ്നല്ല ജീവിതത്തിലെ ത്രിരത്നങ്ങൾ. എന്നാൽ തീർത്ഥങ്കരന്മാരുടെ വചനങ്ങൾ അന്ധമായി വിശ്വസിക്കണമെന്ന് ജൈനർ ശഠിക്കുന്നില്ല. മണിഭദ്രൻ എന്ന ജൈനചിന്തകൻ, എനിക്ക് മഹാവീരനോടോ കപിലനോടോ ചായ് വ് ഇല്ല, എന്താണോ യുകതിപൂർവം അതു സ്വീകരിക്കുന്നു എന്നെഴുതിയിരിക്കുന്നു.

കർമ്മങ്ങൾ കാരണം ഒരാൾ അപൂർണ്ണവിശ്വാസത്തോടെയാണ് ജൈനദർശനപഠനം ആരംഭിക്കുന്നത്. അതിന് പ്രതിബന്ധമായി നിൽക്കുന്ന കർമ്മങ്ങളെ ഇല്ലാതെയാക്കുവാൻ അയാൾ ശ്രമിക്കണം. ജൈനദർശനം യുക്തിസഹമെന്നു കണ്ടാൽ അയാളിൽ വിശ്വാസം വർദ്ധിക്കുന്നു. ക്രമേണ ശരിയായ വിശ്വാസത്തിലും പൂർണ്ണജ്ഞാനത്തിലും എത്തുന്നു. കർമ്മപ്രതിബന്ധങ്ങൾ ഇല്ലാതെയാക്കുവാൻ പഞ്ചമഹാവർത്തങ്ങൾ - അഹിംസ, സത്യം, അസ്തേയം (മോഷ്ടിക്കാതിരിക്കൽ) ബ്രഹ്മചര്യം, അപരിഗ്രഹം (വസ്തുക്കളോടുള്ള ആർത്തിയില്ലായ്ക)- പാലിക്കണം. കൂടാതെ,ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സമിതി (സൂക്ഷ്മത), ഗുപ്തി (നിയന്ത്രണം) തുടങ്ങി ഏഴോളം കാര്യങ്ങളും ശീലിക്കണമെന്നും ചില ചിന്തകർ പറയുന്നു. അപ്രകാരം കർമ്മങ്ങളെ അകറ്റി, ശരിയായ വിശ്വാസവും അറിവും നേടുമ്പോൾ ആത്മാവ് മുക്തമാവുകയും അതിൻറെ പൂർണ്ണമായ കഴിവുകൾ, അനന്തചതുഷ്ടയം (അനന്തമായ അറിവ്, വിശ്വാസം, ശക്തി, ആനന്ദം), നേടുകയും ചെയ്യും.

ജൈനർ, ബുദ്ധരെപോലെ തന്നെ, ദൈവവിശ്വാസികളല്ല. ജൈനരുടെ പ്രധാനപ്പെട്ട ദൈവനിഷേധവാദങ്ങൾ ഇപ്രകാരമാണ്: ദൈവാസ്തിത്വം പ്രത്യക്ഷമായല്ല, അനുമാനിച്ചാണ് അറിയേണ്ടത്. ന്യായദാർശനികർ പറയുന്നത് വസ്തുക്കളുണ്ടാക്കുവാൻ ഒരു കർത്താവു വേണമെന്നാണ്, ലോകകർത്താവാണു ദൈവം എന്നാണ്. പക്ഷേ ലോകം ഒരു ഉല്പന്നമാണെന്നത് സംശയകരമാണ്, അതെങ്ങനെ തെളിയിക്കും? ഘടകങ്ങൾ ഉള്ളതുകൊണ്ട് ലോകം ഉല്പന്നമാണെന്നു വരുന്നില്ല. ആകാശത്തിനു ഘടകങ്ങളുണ്ടെന്ന് ന്യായികർ സമ്മതിക്കുന്നു. എന്നാൽ അത് ഉല്പന്നമാണെന്ന് അവർ സമ്മതിക്കുന്നില്ല. അത് മറ്റൊന്നിനാൽ നിർമ്മിക്കാത്തതു കൊണ്ട് അനശ്വരമാണെന്നും പറയുന്നു. മാത്രവുമല്ല, വസ്തുനിർമിതിക്ക് അതിൻറെ കർത്താവിന് അവയവങ്ങൾ വേണം. ശരീരമില്ലാത്ത ദൈവത്തിന് അതെങ്ങനെ സാധിക്കും ? ദൈവം സർവശകതനാണെന്നു പറയുന്നു. എങ്കിൽ ദൈവം എല്ലാത്തിനും കാരണക്കാരനാവണം. പക്ഷേ, നിത്യജീവിതത്തിൽ ദൈവമുണ്ടാക്കാത്ത പലതും (വീട്, കുടം, മുതലായവ) നാം കാണുന്നുണ്ടല്ലോ ? ദൈവം ഒന്നേയുള്ളൂ എന്നും ഒരു വാദമുണ്ട്. പല ദൈവങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ പല ഉദ്ദേശ്യങ്ങളും പദ്ധതികളുണ്ടാവുകയും ഒരു വ്യവസ്ഥാപിത ലോകം അസാധ്യമായിരിക്കും എന്നാണ് ആ വാദം. എന്നാൽ അതു ദുർബ്ബലമായ വാദമാണ്, കാരണം, ഉറുമ്പുകളും, തേനിച്ചകളും, ആശാരിമാരും ഒക്കെ ഒന്നിച്ചു പ്രവർത്തിച്ച് പുറ്റുകളും ഈച്ചക്കൂടുകളും വീടുകളും ഉണ്ടാക്കുന്നുണ്ട്. ദൈവം സർവകാലപൂർണ്ണനാണ് എന്ന വാദവും ശരിയല്ല. അത് അർത്ഥമില്ലാത്ത വാദമാണ്. അപൂർണ്ണത നീക്കം ചെയ്യലാണ് പൂർണ്ണത. ഒരിക്കലും അപൂർണ്ണനല്ലാത്തവനെ എങ്ങനെ പൂർണ്ണനെന്നു വിളിക്കുവാൻ കഴിയും?

ജൈനമതംതിരുത്തുക

പ്രധാന ലേഖനം: ജൈനമതം

ജൈനർ ദൈവവിശ്വാസികളല്ലെങ്കിലും, ധ്യാനിക്കുകയും മുക്താത്മാക്കളെ (തീര്ത്ഥങ്കരന്മാരെ) ആരാധിക്കുകയും ചെയ്യുന്നു. പ്രോത്സാഹനത്തിനും മാർഗദർശനത്തിനും വേണ്ടിയാണു ധ്യാനം, അല്ലാതെ, ക്ഷമായാചനമോ, കരുണതേടലോ അല്ല. കർമ്മനിയമങ്ങൾ ദയയാചനയാൽ വളയ്ക്കാവുന്നവയല്ല. നല്ല ചിന്ത, നല്ല വാക്ക്, നല്ലപ്രവൃത്തി - ഇവയാണ് കർമ്മദോഷം മാറ്റാനുള്ള പ്രതിവിധി. മുക്തി, സ്വന്തം പ്രയത്നത്താൽ മാത്രമേ നേടാനാവൂ. ജൈനമതം ധീരരുടെ, പ്രബലമനസ്കരുടെ മതമാണ്. അതികൊണ്ടാണ് മുക്താത്മാക്കളെ വീരരെന്നും, ജിനരെന്നും വിളിക്കുന്നത്. സഹജീവികളോടുള്ള കരുണയാണ് ജൈനമതത്തിൻറെ മറ്റൊരു സവിശേഷത.

ജൈനമതവിശ്വാസികൾ രണ്ടു പക്ഷക്കാരുണ്ട്. ദിഗംബരരും, ശ്വേതാംബരരും. ജൈനതത്വശാസ്ത്രങ്ങൾ പൊതുവെ രണ്ടു കൂട്ടരും അംഗീകരിക്കുന്നു. വിശ്വാസത്തിലും പ്രയോഗത്തിലും ആണ് വ്യത്യാസങ്ങൾ. ദിഗംബരർ കണിശക്കാരാണ്. യഥാർത്ഥ സന്യാസികൾ വസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാ ലോകസുഖങ്ങളും ഉപേക്ഷിക്കണം എന്നും, പൂർണ്ണജ്ഞാനികൾക്ക് ആഹാരം പോലും ആവശ്യമില്ല എന്നും, സ്ത്രീകൾക്ക്, ഒരു പുരുഷജന്മമെടുക്കാതെ മുകതി ലഭിക്കുകയില്ല എന്നും ശഠിക്കുന്നു. ദിഗംബരർ (ദിക്കുകൾ അംബരം, വസ്ത്രം, ആയിട്ടുള്ളവർ) വസ്ത്രം ധരിക്കുന്നില്ല. എന്നാൽ, ശ്വേതാംബരർ ഇതൊന്നും അംഗീകരിക്കുന്നില്ല. അവർ വെളുത്ത വസ്ത്രം ധരിക്കുന്നു.

ദാർശനികതലത്തിൽ, ജൈനരുടെ സ്യാദ്-വാദം , പ്രൊട്ടഗോറസ്, ബർക്കിലി, ഷില്ലര്‍, വൈറ്റ്ഹെഡ്, ബൂഡിൻ തുടങ്ങിയ പാശ്ചാത്യദാർശനികരുടെ ആപേക്ഷികതാവാദങ്ങളുമായി താരതമ്യം ചെയ്യാനാവും എന്നും ജീവിതമോചനത്തിൻറെ കാര്യത്തിൽ, അത് ബുദ്ധ,അദ്വൈതവേദാന്തദർശനങ്ങളുമായി സമാനത പുലർത്തുന്നു എന്നും ചില ഗ്രന്ഥകാരർ പറയുന്നു

അവലംബംതിരുത്തുക

1. ഡോ. സതീഷ്ചന്ദ്ര ചാറ്റർജി. "ആൻ ഇൻ‌ട്രോഡക്ഷൻ ടു ഇൻ‌ഡ്യൻ ഫിലോസഫി" (ഭാഷ: ഇംഗ്ലീഷ്). ന്യൂഡെൽഹി: രൂപ ആന്റ് കമ്പനി,. ISBN 978-81-291-1195-1. Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: extra punctuation (link)

"https://ml.wikipedia.org/w/index.php?title=ജൈനദർശനം&oldid=3015399" എന്ന താളിൽനിന്ന് ശേഖരിച്ചത്