ജെയ്ൻ ഓസ്റ്റെൻ

(ജേൻ ഔസ്റ്റൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷ് ഭാഷയിലെ ഒരു ഒരു നോവലിസ്റ്റാണ്‌ ജയ്ൻ ഓസ്റ്റൻ (ജനനം: 16 ഡിസംബർ 1775; മരണം: 18 ജൂലൈ 1817). ഉപരിവർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങൾ പശ്ചാത്തലമാക്കിയ ജയ്‌നിന്റെ കൃതികൾ അവരെ ഇംഗ്ലീഷ് സാഹിത്യത്തിൽ ഏറ്റവും വായിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന എഴുത്തുകാരിൽ ഒരാളാക്കി.[1] രചനയിൽ ഓസ്റ്റെൻ പിന്തുടർന്ന "റിയലിസവും" അവരുടെ കൃതികളിലെ മൂർച്ചയേറിയ സാമൂഹ്യ വിമർശനവും, ചരിത്രപ്രാധാന്യമുള്ള എഴുത്തുകാരിയെന്ന നിലയിലുള്ള അവരുടെ സ്ഥാനം സമ്മതിക്കാൻ പണ്ഡിതന്മാരേയും നിരൂപകരേയും പ്രേരിപ്പിച്ചു.

ജെയ്ൻ ഓസ്റ്റെൻ
ജീവിതകാലത്ത് സഹോദരി കസ്സാന്ദ്രാ ഓസ്റ്റെൻ വരച്ചതായി കരുതപ്പെടുന്ന ജയ്ൻ ഓസ്റ്റെന്റെ ചിത്രം
ജീവിതകാലത്ത് സഹോദരി കസ്സാന്ദ്രാ ഓസ്റ്റെൻ വരച്ചതായി കരുതപ്പെടുന്ന ജയ്ൻ ഓസ്റ്റെന്റെ ചിത്രം
ജനനം(1775-12-16)16 ഡിസംബർ 1775
സ്റ്റീവൻടൺ റെക്റ്ററി, ഹാംപ്ഷയർ
മരണം18 ജൂലൈ 1817(1817-07-18) (പ്രായം 41)
വിഞ്ചെസ്റ്റർ, ഹാംപ്ഷയർ
അന്ത്യവിശ്രമംവിഞ്ചെസ്റ്റർ കത്തീഡ്രൽ, ഹാംപ്ഷയർ
Period1787 to 1809-1811
Genreപ്രേമം
കയ്യൊപ്പ്
 
ജെയ്‌ൻ ഓസ്റ്റെന്റെ ജന്മസ്ഥാനമായ ഹാമ്പ്ഷയറിലെ സ്റ്റീവന്റൻ പള്ളിമേട.[2]

ഇംഗ്ലണ്ടിലെ ഉപരിവർഗ്ഗത്തിന്റെ കീഴേക്കിടയിൽ പെട്ട ദൃഢബദ്ധമായൊരു കുടുംബത്തിലെ അംഗമായാണ്‌ ഓസ്റ്റെൻ ജീവിതകാലമത്രയും കഴിച്ചത്.[3] ഹാമ്പ്ഷയറിലെ സ്റ്റീവന്റൻ ഇടവകയിലെ പുരോഹിതനായിരുന്ന ജോർജ്ജ് ഓസ്റ്റെന്റെ ഏഴാമത്തെ സന്താനമായിരുന്നു ജയ്ൻ. സ്റ്റീവന്റണിലെ പള്ളിമേടയിൽ ജനിച്ച അവർ, 26-ആമത്തെ വയസ്സു വരെ അവിടെ ജീവിച്ചു. പിതാവിൽ നിന്നും മൂത്ത സഹോദരന്മാരിൽ നിന്നും, തന്റെ തന്നെ വായനകൾ വഴിയും ആയിരുന്നു അവരുടെ വിദ്യാഭ്യാസം. എഴുത്തുകാരിയെന്ന നിലയിലുള്ള അവരുടെ വളർച്ചയിൽ കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണ നിർണ്ണായകമായി.[4] വളരെ ചെറിയ പ്രായത്തിലേ എഴുതി തുടങ്ങിയ ജയ്ൻ എഴുതിയിരുന്നത് വീട്ടിലെ സ്വീകരണമുറിയിലെ ഒരു ചെറിയ മേശമേൽ കുടുംബത്തിലെ ഒച്ചപ്പാടുകൾക്കു നടുവിലായിരുന്നു. ഇടയ്ക്ക് സന്ദർശകരാരെങ്കിലും വരുമ്പോൾ എഴുതിക്കൊണ്ടിരുന്നതിനെ കടലാസോ തുന്നൽ സാമഗ്രിയോ വച്ച് അവർ മറച്ചിരുന്നു.[5] 1809-ൽ ജയ്‌നും സഹോദരിമാരും, കിഴക്കൻ ഹാമ്പ്ഷയറിലെ ചാട്ടണിൽ (Chawton) സഹോദരൻ എഡ്വേഡിന്റെ പുതിയ ഭവനത്തിലേയ്ക്കു താമസം മാറ്റി. ജയ്ൻ ഓസ്റ്റെൻ ജീവിതത്തിലെ അവസാനത്തെ 8 വർഷങ്ങൾ ചെലവഴിച്ചത് അവിടെയാണ്‌. ഇടയ്ക്ക് മറ്റു സഹോദരന്മാരുടെ വീടുകളിലേയ്ക്കും സമീപത്തെ സ്നാനചികിത്സാകേന്ദ്രമായ ബാത്ത് നഗരത്തിലേയ്ക്കും ലണ്ടണിലേയ്ക്കുമുള്ള സന്ദർശനങ്ങൾ ഒഴിച്ചാൻ പ്രശാന്തവും മാറ്റമില്ലാത്തതുമായ ഗ്രാമീണജീവിതമാണ്‌ അവർ പിന്തുടർന്നിരുന്നത്. 1817 മേയ് മാസത്തിൽ ജയ്ൻ ചികിത്സയ്ക്കായി വിഞ്ചസ്റ്ററിലേയ്ക്കു പോയി. ജൂലൈ 18-ന്‌ അവിടെ അവർ 41-ആമത്തെ വയസ്സിൽ അന്തരിച്ചു. ജെയിൻ ഓസ്റ്റിൻ അവിവാഹിതയായിരുന്നു.

 
ജെയ്‌ൻ ഓസ്റ്റെൻ ജീവിതത്തിലെ അവസാനത്തെ 8 വർഷങ്ങൾ ചെലവഴിച്ച ചാട്ടണിലെ വീട്. ഇന്ന് ജയ്‌ൻ ഓസ്റ്റെൻ മ്യൂസിയമാണിത്.

കൗമാരം മുതൽ മുപ്പത്തിയഞ്ചു വയസ്സു വരെയുള്ള നാളുകൾ എഴുത്തിൽ ഓസ്റ്റന്‌ പരിശീലനകാലമായിരുന്നു. തുടങ്ങി ഉപേക്ഷിച്ച കത്തുകളുടെ രൂപത്തിലുള്ള ഒരു നോവൽ അടക്കം പല സാഹിത്യരൂപങ്ങളും അവർ ഇക്കാലത്ത് പരീക്ഷിച്ചു. തന്റെ പ്രസിദ്ധീകൃതമായ ആറു നോവലുകളിൽ മൂന്നെണ്ണം ജയ്‌ൻ പൂർത്തിയാക്കിയതും നാലാമതൊരെണ്ണം തുടങ്ങിയതും ഇക്കാലത്തായിരുന്നു. നോവലുകൾ എഴുതി അവർ വായനക്കാർക്കുവേണ്ടി ക്ഷമാപൂർ‌വം കാത്തിരുന്നു. 1795-ൽ ഇരുപതാമത്തെ വയസ്സിൽ വകതിരിവും സം‌വേദനവും (Sense and Sensibility) എന്ന നോവലിന്റെ ആദ്യരൂപം പൂർത്തിയായെങ്കിലും അതിൽ സംതൃപ്തയാകാതെ അവർ മാറ്റി വച്ചു. അടുത്ത രണ്ടു വർഷക്കാലം, അഭിമാനവും മുൻ‌വിധിയും (Pride and Prejudice) എഴുതിയ ജയ്‌ൻ, അത് വീണ്ടും വീണ്ടും തിരുത്തിയെഴുതി. ഒടുവിൽ പ്രസാധകന്‌ അയച്ചു കൊടുത്ത കൈയെഴുത്തുപ്രതി സ്വീകരിക്കപ്പെട്ടില്ല. പതിനാറു വർഷത്തെ കാത്തിരുപ്പിനു ശേഷമാണ്‌ ആ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്.[5] 1798-99 കാലത്ത് പൂർത്തിയാക്കിയ നോർത്താങ്ങർ പള്ളി (Northanger Abbey), റിച്ചാർഡ് ക്രോസ്‌ബി എന്ന പ്രസാധകൻ വിലയ്ക്കു വാങ്ങിയെങ്കിലും പ്രസിദ്ധീകരിച്ചില്ല. ജയ്‌നിന്റെ കുടുംബം പിന്നീട് ആ കൈയെഴുത്തുപ്രതി തിരികെ വാങ്ങി. തുടർന്ന്, പ്രോത്സാഹനക്കുറവും വീടുമാറ്റവും മൂലമുണ്ടായ നിഷ്ക്രിയകാലത്തിനൊടുവിൽ, 1811 ഫെബ്രുവരിയിൽ അവർ മാൻസ്‌ഫീൽഡ് പാർക്ക്(Mansfield Park) എഴുതി തുടങ്ങി. അതേ വർഷം നവംബറിൽ, പരിഷ്കരിച്ചെഴുതിയ വകതിരിവും സം‌വേദനവും പ്രസിദ്ധീകരിക്കപ്പെട്ടു. 1813 മുതലുള്ള ജയ്‌നിന്റെ ജീവിതത്തിലെ അവസാനത്തെ അഞ്ചുവർഷങ്ങൾ "കൊയ്ത്തുകാലം" ആയിരുന്നു. ഓസ്റ്റെന്റെ ഏറ്റവും അറിയപ്പെടുന്ന കൃതിയായ അഭിമാനവും മുൻ‌വിധിയും ആ വർഷം പ്രസിദ്ധീകരിക്കപ്പെട്ടു. 1814-ൽ മാൻസ്‌ഫീൽഡ് പാർക്കും, 1816-ൽ എമ്മാ-യും(Emma) വെളിച്ചം കണ്ടു. നോർത്താങ്ങർ പള്ളി, പെർസ്വേഷൻ (Persuasion) എന്നീ നോവലുകൾ 1818-ൽ മരണശേഷമാണ്‌ പ്രസിദ്ധീകരിച്ചത്. സാൻഡീറ്റൻ (Sanditon) എന്നൊരു നോവൽ കൂടി തുടങ്ങിയെങ്കിലും അതു പൂർത്തിയാകുന്നതിനു മുൻപ് അവർ അന്തരിച്ചു.[6]

വിലയിരുത്തൽ

തിരുത്തുക
 
വിഞ്ചസ്റ്ററിലെ ഭദ്രാസനപ്പള്ളി. ജയ്ൻ ഓസ്റ്റന്റെ സംസ്കാരസ്ഥാനം

ഓസ്റ്റെന്റെ രചനകൾ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പ്രചരിച്ചിരുന്ന വൈകാരികനോവലുകളോടു പ്രതിഷേധിക്കുകയും പത്തൊൻപതാം നൂറ്റാണ്ടിലെ റിയലിസത്തിലേയ്ക്കുള്ള മാറ്റത്തിന്റെ ഭാഗമാവുകയും ചെയ്തു.[7] അവരുടെ പ്രമേയങ്ങൾ അടിസ്ഥാനപരമായി ഹാസ്യസ്വഭാവമുള്ളവയായിരുന്നു.[8] എങ്കിലും അവരുടെ കഥകളിലെ സ്ത്രീകഥാപാത്രങ്ങൾ സാമൂഹത്തിൽ വിലമതിപ്പും സാമ്പത്തിക സുരക്ഷിതത്ത്വവും കണ്ടെത്തിയത് വിവാഹത്തിലൂടെയാണ്‌.[9] തന്നെ ഏറെ സ്വാധീനിച്ച സാമുവൽ ജോൺസന്റെ രചനകളെപ്പോലെ, ഓസ്റ്റെന്റെ കൃതികളിലും സാന്മാർഗ്ഗികത ഒരു മുഖ്യപ്രമേയമായിരുന്നു.[10]

ഇംഗ്ലീഷ് ഗ്രാമജീവിതത്തിന്റെ ശാന്തിയും സൗഭാഗ്യങ്ങളും വിഡ്ഢിത്തങ്ങളും ആകാംക്ഷകളുമാണ്‌ ജെയിൻ ഓസ്റ്റെനെ ആകർഷിച്ചത്. നഗരങ്ങളെ അവർ വെറുത്തു. ലണ്ടൻ സന്ദർശിച്ചിരുന്നെങ്കിലും അതിനെക്കുറിച്ച് അവർക്ക് നല്ലതൊന്നും പറയാനില്ലായിരുന്നു.[൧] വ്യവസായവിപ്ലവം വരുത്തിയ മാറ്റങ്ങൾ എത്തുന്നതിനു മുൻപുള്ള ഇംഗ്ലീഷ് ഗ്രാമജീവിതമാണ്‌ അവർ ചിത്രീകരിച്ചത്. രാഷ്ട്രീയത്തിൽ നിന്ന് ജയ്‌ൻ പൊതുവേ മുഖം തിരിച്ചു നിന്നു. യൂറോപ്പിനെ പിടിച്ചുകുലുക്കിയ ഫ്രഞ്ചു വിപ്ലവത്തിന്റേയും നെപ്പോളിയന്റെ പടയോട്ടങ്ങളുടേയും കാലത്ത് ജീവിച്ച അവരുടെ കൃതികളിൽ ആ ചരിത്രസംഭവങ്ങൾ നിഴലിക്കുന്നില്ല.[6] എങ്കിലും സമകാലീന സമൂഹത്തിലെ യാഥാർത്ഥ്യങ്ങളുടെ മിഴിവുറ്റ മാതൃകകൾ അവർ അവതരിപ്പിക്കുന്നുണ്ട്. ഉദാഹരണമായി, "അഭിമാനവും മുൻ‌വിധിയും" എന്ന കൃതിയിലെ നായികയുടെ ബന്ധുവായ യുവപുരോഹിതൻ മിസ്റ്റർ കോളിൻസ്, ഇംഗ്ലീഷ് പൗരോഹിത്യത്തിന്റെ കീഴ് വിഭാഗങ്ങളെ ബാധിച്ചിരുന്ന അധമമനോഭാവത്തിന്റേയും ദുരയുടേയും ദയാഹീനമായ ചിത്രമാണ്‌.[൨]

അംഗീകാരം

തിരുത്തുക
 
ഇരുപതാം നൂറ്റാണ്ടിൽ, ജയ്ൻ ഓസ്റ്റെൻ ആരാധന ഒരു ജനകീയ സംസ്കൃതിക്കു പോലും ജന്മം കൊടുത്തു - ചായപ്പാത്രങ്ങളുടെ ആകൃതിയുള്ള ജയ്‌നൈറ്റ് കുക്കികൾ

ജീവിതകാലത്ത് രചനകൾ ഓസ്റ്റെന്‌ വളരെ കുറച്ച് പ്രശസ്തിയും വിരലിലെണ്ണാവുന്ന അനുകൂല നിരൂപണങ്ങളും മാത്രമേ നേടിക്കൊടുത്തുള്ളു. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി വരെ അവരുടെ നോവലുകൾ ആസ്വദിച്ചിരുന്നത് സാഹിത്യലോകത്തിലെ അഭിജാതവർഗ്ഗം മാത്രമായിരുന്നു. എന്നാൽ 1869-ൽ അവരുടെ അനന്തരവൻ എഴുതിയ "ജയ്ൻ ഓസ്റ്റെനെ ഓർക്കുമ്പോൾ" എന്ന രചന അവരുടെ ആകർഷകമായ വ്യക്തിത്വത്തിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുകയും രചനകളുടെ ജനസമ്മതി കൂട്ടുകയും ചെയ്തു. 1940-കളോടെ ഇംഗ്ലീഷ് ഭാഷയിലെ ഒന്നാം കിട എഴുത്തുകാരിൽ ഒരാളായി അക്കാദമിക ലോകം അവരെ അംഗീകരിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ജയ്ൻ ഓസ്റ്റെന്റെ രചനകളുടെ പഠനങ്ങളും അന്വേഷണങ്ങളും കണക്കില്ലാതെ പെരുകി. അവരുടെ കൃതികളുടെ കലാപരവും, പ്രത്യയശാസ്ത്രപരവും, ചരിത്രപരവുമായ വീക്ഷണകോണുകളിൽ നിന്നുള്ള വിലയിരുത്തലുകൾ ആ പഠനങ്ങളുടെ ഭാഗമായി. ഇക്കാലത്ത്, ജയ്‌നിന്റെ ജീവിതത്തോടും കലയോടുമുള്ള ആരാധനയെ ചുറ്റിപ്പറ്റി ഒരു സംസ്കാരം തന്നെ ജനകീയ സംസ്കൃതിയുടെ ഭാഗമായി വികസിക്കുകയും അവരുടെ കൃതികൾക്ക് ഒട്ടേറെ ചലച്ചിത്ര-ടെലിവിഷൻ ആവിഷ്കാരങ്ങൾ പിറക്കുകയും ചെയ്തു.

കുറിപ്പുകൾ

തിരുത്തുക

^ "ലണ്ടനെ വെറുക്കാൻ മാത്രം അവർ മനസ്സിലാക്കിയിരുന്നു....വൈരസ്യം മൂത്ത ഗ്രാമപ്പെൺകൊടികൾ മാനം കെടാൻ പോകുന്ന ഇടമായിരുന്നു അവിടം." (She had enough of London to dislike it...it was a place where bored country girls came to be seduced.)[6]

^ മിസ്റ്റർ കോളിൻസിന്റെ ചിത്രത്തിലൂടെ പൗരോഹിത്യത്തിന്റെ ആർത്തിയേയും ദാസ്യഭാവത്തേയും കുറിച്ച് ജയ്‌ൻ ഓസ്റ്റൻ നടത്തുന്ന പരിഹാസത്തെക്കുറിച്ച് വിൽ, ഏരിയൽ ഡുറാന്റുമാർ പറയുന്നതിതാണ്‌: "പരിഹാസം കടന്നുപോയെന്നു തോന്നിയേക്കാം. എന്നാൽ അത് ഗില്ലറ്റിൻ പോലെ വൃത്തിയുള്ളതും ഫലപ്രദവുമാകുന്നു." (the satire seems extreme, but it is as clean and thorough as a guillotine.[6]

  1. Southam, "Criticism, 1870-1940", The Jane Austen Companion, 102.
  2. Le Faye, Family Record, 20.
  3. Lascelles, 2; for detail on "lower fringes", see Collins, ix-x.
  4. Lascelles, 4-5; MacDonagh, 110-28; Honan, 79, 183-85; Tomalin, 66-68.
  5. 5.0 5.1 വില്യം ജെ. ലോങ്ങ്, English Literature, Its History and Its Significance fof the Life of the English Speaking World(പുറം 438)
  6. 6.0 6.1 6.2 6.3 വിൽ, ഏരിയൽ ഡുറാന്റുമാർ, നെപ്പോളിയന്റെ യുഗം, സംസ്കാരത്തിന്റെ കഥ പതിനൊന്നാം വാല്യം(പുറങ്ങൾ 410-12)
  7. Litz, 3-14; Grundy, "Jane Austen and Literary Traditions", The Cambridge Companion to Jane Austen, 192-93; Waldron, "Critical Responses, Early", Jane Austen in Context, p. 83, 89-90; Duffy, "Criticism, 1814-1870", The Jane Austen Companion, 93-94.
  8. Litz, 142.
  9. MacDonagh, 66-75; Collins, 160-161.
  10. Honan, 124-27; Trott, "Critical Responses, 1830-1970", Jane Austen in Context, 92.
"https://ml.wikipedia.org/w/index.php?title=ജെയ്ൻ_ഓസ്റ്റെൻ&oldid=3464652" എന്ന താളിൽനിന്ന് ശേഖരിച്ചത്