സോളമൻ ദ്വീപുകളിലെ ആദ്യത്തെ വനിതാ മെഡിക്കൽ പ്രാക്ടീഷണറായിരുന്നു ജൂനിലിൻ പിക്കാച്ച (ജീവിതകാലം: ഡിസംബർ 25, 1952 - നവംബർ 10, 2010) .

ജൂനിലിൻ ഗാലോ എന്ന പേരിൽ ജനിച്ച പിക്കാച്ച, ചോയ്‌സ്യൂൾ ദ്വീപിലെ രുരുവായ് പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന പോൾ ഗാലോയുടെയും അദ്ദേഹത്തിൻറെ ഭാര്യ നോഗെയുടെയും ഒമ്പത് മക്കളിൽ മൂത്തവളായിരുന്നു. 1954 നും 1957 നും ഇടയിൽ അവരുടെ കുടുംബം പാപ്പുവ ന്യൂ ഗിനിയയിലേക്ക് താമസം മാറിയതിനാൽ അവരുടെ പിതാവിന് ന്യൂ ഹാനോവർ ദ്വീപിലെ കൊങ്കാവുൾ സെവൻത് ഡേ അഡ്വെൻറിസ്റ്റ് ഡിസ്ട്രിക്റ്റ് സ്കൂളിലും നോർത്ത് ബിസ്മാർക്ക് മിഷനിലും പഠിപ്പിക്കാൻ കഴിഞ്ഞു. ജൂനിലിൻ 1967-ൻറെ പ്രാരംഭത്തിൽ കാംബുബു സെക്കൻഡറി സ്കൂളിൽ പഠനത്തിന് ചേർന്നു. 1970-ൽ സെക്കൻഡറി സ്കൂൾ വിടുകയും 1971-ൽ പാപ്പുവ ന്യൂ ഗിനിയയിലെ ഉയർന്ന പ്രദേശങ്ങളിലെ സോപാസ് നഴ്സിംഗ് സ്കൂളിൽനിന്ന് മെട്രിക്കുലേഷൻ നേടുകയും ചെയ്തു. അവരുടെ പ്രയത്നത്തിന് അവർക്ക് സ്കോളർഷിപ്പ് ലഭിച്ചു. 1972 മുതൽ 1978 വരെ പാപ്പുവ ന്യൂ ഗിനിയ സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിച്ചു. അവിടെ വച്ച് അവർ ഡഗ്ലസ് പിക്കാച്ചയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. 1974-ൽ പാട്രിക് എന്ന മകനെ പ്രസവിച്ചു അവർ 1978-ൽ നോല എന്ന മകളെയും പ്രസവിച്ചു. അവളുടെ ഭർത്താവ് റബൗളിലെ നോംഗ ഹോസ്പിറ്റലിൽ രജിസ്ട്രാർ ആയി നിയമിക്കപ്പെട്ടു. അവർ അവിടെ ഒരു മെഡിക്കൽ സ്ഥാനം നേടി. ഒരു വർഷത്തിനുശേഷം അവർ കിംബെയിലേക്കും ബിയാലയിലേക്കും 1981-ൽ വീണ്ടും കെരെമയിലേക്കും മാറി. ഡഗ്ലസ് ശസ്ത്രക്രിയയിൽ വൈദഗ്ദ്ധ്യം നേടിയിരുന്നു. തത്ഫലമായി, പകരം അവർ പ്രസവചികിത്സയിലും ഗൈനക്കോളജിയിലും ജോലി ചെയ്തു.[1]

1981-ൽ സോളമൻ ദ്വീപുകളിലേക്ക് മടങ്ങിപ്പോയ പിക്കാച്ച 1982 മുതൽ 1984 വരെയുള്ള കാലത്ത് മലൈതയിലെ 'അറ്റോയ്ഫി അഡ്വെൻറിസ്റ്റ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചു. 1985-ൽ അവർ സെൻട്രൽ ഹോസ്പിറ്റലിൽ ജോലിക്കായി ഹൊനിയാരയിലേക്ക് താമസം മാറി. 1987 ആഗസ്റ്റിനും 1988 ഡിസംബറിനുമിടയിൽ ഹോണോലുലുവിലായിരുന്ന ഭാര്യാഭർത്താക്കന്മാർ അവിടെ ഹവായ് യൂണിവേഴ്സിറ്റിയിലെ ഈസ്റ്റ്-വെസ്റ്റ് സെന്ററിൽ പബ്ലിക് ഹെൽത്ത് ബിരുദങ്ങളിൽ ബിരുദാനന്തര ബിരുദം നേടി. 1988-ൽ വീണ്ടും സോളമൻ ദ്വീപുകളിലേക്ക് മടങ്ങിയ അവർ, അതിനുശേഷം 2009 വരെ ജൂനിലിൻ നാഷണൽ റഫറൽ ഹോസ്പിറ്റലായി മാറിയ പ്രത്യുൽപാദന ആരോഗ്യ വകുപ്പിൽ സേവനമനുഷ്ഠിച്ചു. അവർ അവിടെ മാതൃ-ശിശു ആരോഗ്യ ഡയറക്ടറായി ഉയർന്നപ്പോൾ ഭർത്താവ് സർജറി ഡയറക്ടറായി നിയമിക്കപ്പെട്ടു. 1992-ൽ ദമ്പതികൾക്ക് മറ്റൊരു മകനായ ഡഗ്ലസ്, ജനിച്ചു. കുറച്ചുകാലം, ജൂനിലിൻ ഒരു സ്വകാര്യ വനിതാ ആരോഗ്യ ക്ലിനിക്ക് നടത്തി.[1] സോളമൻ ഐലൻഡ്‌സ് ഗവൺമെന്റിന്റെ പ്രത്യുൽപാദന ആരോഗ്യ വിഭാഗത്തിന്റെ ഡയറക്ടറായും അവർ സേവനമനുഷ്ഠിച്ചു.[2] ഗവേഷണ പ്രബന്ധങ്ങളും മറ്റ് രചനകളും പ്രസിദ്ധീകരിച്ചു.[3] ഐക്യരാഷ്ട്രസഭയുടെ പസഫിക്കിലെ റീപ്രൊഡക്റ്റീവ് ഹെൽത്ത് ആൻഡ് ഫാമിലി പ്ലാനിംഗിനെക്കുറിച്ചുള്ള റീജിയണൽ ട്രെയിനിംഗ് ആൻഡ് ഓപ്പറേഷണൽ റിസർച്ച് സെന്ററിന്റെ ബോർഡിൽ സേവനമനുഷ്ഠിച്ചു.[3] 2008-ൽ കാൻസർ രോഗനിർണയം നടത്തിയ അവർ 2010-ൽ മരിച്ചു.[4][1]

  1. 1.0 1.1 1.2 Moore, Clive. "Pikacha, Junilyn – Biographical entry – Solomon Islands Historical Encyclopaedia". www.solomonencyclopaedia.net. Retrieved 3 November 2017.
  2. "Challenges in family planning and safe motherhood – Pacific Beat". www.radioaustralia.net.au. Retrieved 3 November 2017.
  3. 3.0 3.1 Vicki Lukere; Margaret Jolly (2002). Birthing in the Pacific: Beyond Tradition and Modernity?. University of Hawaii Press. pp. 210–. ISBN 978-0-8248-2484-6.
  4. "Regional Highlights". Un.org. Retrieved 3 November 2017.
"https://ml.wikipedia.org/w/index.php?title=ജൂനിലിൻ_പിക്കാച്ച&oldid=3834875" എന്ന താളിൽനിന്ന് ശേഖരിച്ചത്