ജി.എം. ട്രെവെല്യൻ
ഇരുപതാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് ചരിത്രകാരനായിരുന്നു ജോർജ്ജ് മക്കാളെ ട്രെവെല്യൻ (ജനനം: 16 ഫെബ്രുവരി 1876 [1] – മരണം: 21 ജൂലൈ 1962[2]). ചരിത്രഗതിയെ ഉപരിവർഗ്ഗത്തേക്കാൾ അധികം സ്വാധീനിക്കുന്നത് സാധാരണജനങ്ങളാണെന്നും സമൂഹപുരോഗതിക്ക് കൂടുതൽ ഉതകുന്നത് ജനാധിപത്യഭരണം ആണെന്നുമുള്ള നിലപാടായിരുന്നു ട്രെവെല്യൻ പിന്തുടർന്ന 'ഉദാരവാദ' (liberal) ചരിത്രവീക്ഷണത്തിന്റെ മുഖമുദ്ര.[3] ചരിത്രരചനയിൽ 'നിഷ്പക്ഷത'-യെ പ്രതിബദ്ധതയില്ലായ്മ ആകാൻ അനുവദിക്കാതിരുന്ന അദ്ദേഹത്തിന്റെ രചനകൾ, ബ്രിട്ടണിലെ 'വിഗ്' കക്ഷിയുടെ നിലപാടുകളെ പിന്തുണക്കുന്നതായി കണക്കാക്കപ്പെട്ടു.[3] 'വിഗ്' പാരമ്പര്യത്തിൽ പെട്ട അവസാനത്തെ ചരിത്രകാരൻ എന്ന് മറ്റൊരു ചരിത്രകാരനായ ഇ.എച്ച് കാർ, ട്രെവെല്യനെ വിശേഷിപ്പിച്ചിട്ടുണ്ട്.[4]
തന്റെ ചരിത്രം "പ്രതിബദ്ധതയും പക്ഷപാതവും" ഉള്ളതാണെന്ന് ട്രെവെല്യൻ ഏറ്റുപറഞ്ഞു. ഇറ്റാലിയൻ ദേശീയവാദി ഗാരിബാൾഡിയെ സംബന്ധിച്ച് ട്രെവല്യൻ എഴുതിയ ഗ്രന്ഥത്രയത്തിൽ "പക്ഷപാതം" മണത്തവർക്ക്, "ചരിത്രത്തിലെ പക്ഷപാതം" എന്ന പേരിൽ എഴുതിയ ഒരു ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ മറുപടി നൽകി:-
“ | പക്ഷപാതം ഇല്ലാതെ അവ എഴുതാൻ എനിക്കു കഴിയുമായിരുന്നില്ല. അക്കാലത്തെ ഇറ്റാലിയൻ ദേശീയവാദികളോട് എനിക്കു തോന്നിയ കാല്പനികമായ സഹമതിയാണ് അവ എഴുതാൻ എന്നെ സഹായിച്ചത്."[3] | ” |
ചരിത്രസംഭവങ്ങളുടെ പൊതുവേ സ്വീകരിക്കപ്പെട്ട വിലയിരുത്തലുകളെ വ്യത്യസ്ത നിലപാടിൽ വിശകലനം ചെയ്യാനും പൊളിച്ചെഴുതാനും ട്രെവല്യൻ തയ്യാറായി. ഇസ്ലാമും പാശ്ചാത്യ ക്രിസ്തീയതയും തമ്മിലുള്ള മുഖാമുഖമായി കരുതപ്പെട്ട കുരിശുയുദ്ധങ്ങളെ അദ്ദേഹം വിലയിരുത്തിയത് ഇങ്ങനെയായിരുന്നു:-
“ | പുതുജീവൻ പ്രാപിച്ച യൂറോപ്പിന്റെ ഊർജ്ജത്തിന് പൗരസ്ത്യനാടുകളോടു തോന്നിയ ആഭിനിവേശത്തിന്റെ സൈനികവും മതപരവുമായ പ്രകടനമായിരുന്നു കുരിശുയുദ്ധങ്ങൾ. ഇവയിൽ യൂറോപ്പ് കൈവരിച്ച നേട്ടം, തിരുക്കബറിടത്തിന്റെ ശാശ്വതമായ മോചനമോ, ക്രൈസ്തവലോകത്തിന്റെ ഒന്നിപ്പിനുള്ള സാദ്ധ്യതയോ ആയിരുന്നില്ല. അമ്മാതിരി ലക്ഷ്യങ്ങളുടെ കാര്യത്തിൽ ഫലം വിപരീതമായിരുന്നു. യൂറോപ്പ് കിഴക്കു നിന്നു കൊണ്ടുവന്നത്, ഉദാത്തകലകളും വൈദഗ്ദ്ധ്യങ്ങളും, ആഡംബരങ്ങളും, ശാസ്ത്രബോധവും, ബുദ്ധിപരമായ കൗതുകവും മറ്റുമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, പത്രോസ് സന്യാസി (Peter the Hermit) അങ്ങേയറ്റം വെറുക്കുമായിരുന്നത് എല്ലാം തന്നെ.[5] | ” |
അവലംബം
തിരുത്തുക- ↑ GRO Register of Births: June 1876 6d 641 Stratford – George Macaulay Trevelyan
- ↑ GRO Register of Deaths: September 1962 4a 179 Cambridge, aged 86
- ↑ 3.0 3.1 3.2 Hernon, Jr.; Joseph, M. (1976). "The Last Whig Historian and Consensus History: George Macaulay Trevelyan, 1876–1962". The American Historical Review. 81 (1): 66–97. doi:10.2307/1863741. JSTOR 1863741.
- ↑ E. H. Carr (2001). "The Historian and His Facts". What is History?. p. 17. ISBN 978033397701.
{{cite book}}
: Check|isbn=
value: length (help) - ↑ ജവഹർലാൽ നെഹ്രു, വിശ്വചരിത്രാവലോകനത്തിൽ ഉദ്ധരിച്ചിരിക്കുന്നത്: വിശ്വചരിത്രാവലോകനം(Glimpses of World History), അദ്ധ്യായം 62 (പുറം 196)