1993 ജനുവരി രണ്ടാം തീയതി, ജാഫ്ന കായലിലൂടെ യാത്രക്കാരേയും കൊണ്ടു പോവുകയായിരുന്നു ചെറിയ ബോട്ടുകൾ ശ്രീലങ്കൻ സൈന്യം തടഞ്ഞു നിർത്തി അതിലെ യാത്രക്കാരെ വധിച്ച സംഭവമാണ് ജാഫ്ന കായൽ കൂട്ടക്കൊല അല്ലെങ്കിൽ കിളാലി കൂട്ടക്കൊല എന്ന പേരിൽ അറിയപ്പെടുന്നത്. 35 നും 100 നും ഇടയിൽ ആളുകൾ ഈ സംഭവത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്നു സംശയിക്കുന്നു. പതിനാലു പേരുടെ മൃതശരീരം മാത്രമേ കണ്ടെടുക്കാനായുള്ളു, ബാക്കിയുള്ളവ അവർ സഞ്ചരിച്ചിരുന്ന ബോട്ടുകളോടു കൂടി തന്നെ അഗ്നിക്കിരയാക്കിയിരിക്കാമെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. എൽ.ടി.ടി.ഇ അവരുടെ ആളുകളെ കടത്താനുപയോഗിച്ചിരുന്നതായിരുന്നു ആ ബോട്ടുകളെന്നാണ് സർക്കാർ പ്രസ്താവിച്ചത്.[2][3]

ജാഫ്ന കായൽ കൂട്ടക്കൊല
LocationSriLanka.png
ശ്രീലങ്ക
സ്ഥലംജാഫ്ന, ശ്രീലങ്ക
തീയതിജനുവരി 02 1993 (+6 GMT)
ആക്രമണലക്ഷ്യംശ്രീലങ്കൻ തമിഴ് വംശജർ
ആക്രമണത്തിന്റെ തരം
വെടിവെപ്പ്
ആയുധങ്ങൾതോക്കുകൾ, കത്തികൾ
മരിച്ചവർ35 - 100 [1]
ആക്രമണം നടത്തിയത്ശ്രീലങ്കൻ നാവികസേന

പശ്ചാത്തലംതിരുത്തുക

ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ കാലത്ത്, ശ്രീലങ്കൻ തമിഴ് വംശജർ ഏറിയ പങ്കും ജീവിച്ചിരുന്നത്, എൽ.ടി.ടി.ഇ നിയന്ത്രണത്തിലുള്ള ജാഫ്നയിലായിരുന്നു. ജാഫ്നയിൽ നിന്നും ഇവർ ശ്രീലങ്കയിലേക്കു യാത്ര ചെയ്തിരുന്നത് ബോട്ടുകളിലായിരുന്നു. ജാഫ്ന പ്രദേശവും, ശ്രീലങ്കയും തമ്മിലുള്ള കരമാർഗ്ഗം, എലിഫന്റ് പാസ്സ് എന്ന സൈനികകേന്ദ്രത്തിൽ വച്ച് സൈന്യം തടഞ്ഞിരുന്നു. ജനങ്ങൾ കരമാർഗ്ഗം സഞ്ചരിക്കുന്ന എൽ.ടി.ടി.ഇ യും വിലക്കിയിരുന്നു.

ജനുവരി രണ്ടിലെ ആക്രമണത്തിനു മുമ്പ്, കായലിലൂടെ സഞ്ചരിക്കുകയായിരുന്ന 15 പൗരന്മാരെ ശ്രീലങ്കൻ നാവികസേന കൊലപ്പെടുത്തിയിരുന്നു. ഇതോടെ, ഇതിലൂടെയുള്ള യാത്രക്കു ബോട്ടുടമസ്ഥരും തയ്യാറാകാതായി. കായലിന്റെ ഇരുകരകളിലുമുള്ള ജനങ്ങൾ ദുരിതത്തിലായി. ജനുവരി രണ്ടാം തീയതി മുതൽ ബോട്ടു ഗതാഗതം പുനരാരംഭിക്കാൻ ഉടമസ്ഥർ തയ്യാറായി.[4]

ആക്രമണംതിരുത്തുക

1993 ജനുവരി രണ്ടാം തീയതി, പതിനഞ്ചിനും ഇരുപതിനും ഇടക്കുള്ള യാത്രക്കാരടങ്ങിയ ചെറു ബോട്ടുകൾ യാത്രക്കു തയ്യാറായി. കൃത്യമായ ഇടവേളകളിൽ തീരം വിടാൻ ആയിരുന്നു അവർ തീരുമാനിച്ചിരുന്നത്. ആദ്യത്തെ നാലുബോട്ടുകൾ, എൽ.ടി.ടി.ഇയുടെ അധീനതയിലുള്ള വടക്കൻ തീരത്തു നിന്നും വൻകരയിലേക്കു യാതൊരു പ്രശ്നങ്ങളും കൂടാതെ എത്തിച്ചേർന്നു. പീരങ്കി ഘടിപ്പിച്ച നാവികസേനയുടെ ഒരു ബോട്ട്, അതേ സമയം കായലിൽ റോന്തു ചുറ്റുന്നുണ്ടായിരുന്നു. തീരത്തിനടുത്ത്, ആഴം കുറവായതിനാൽ അങ്ങോട്ടേക്കടുപ്പിക്കാൻ കഴിയാത്തതരം വലിയ ബോട്ടായിരുന്നു നാവികസേന ഉപയോഗിച്ചിരുന്നത്.

അടുത്തതായി യാത്രക്കാർ സഞ്ചരിച്ച ബോട്ട്, മൂന്നു ഔട്ട്ബോർഡ് എൻഞ്ചിൻ ഘടിപ്പിച്ചതായിരുന്നു, ഇത് സാധാരണയായി തീവ്രവാദികൾ ഉപയോഗിക്കുന്ന തരത്തിലുള്ളതായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആരും തന്നെ ആയുധധാരികളായിരുന്നില്ല. എന്നാൽ നാവികസേനയുടെ ബോട്ട് കാഴ്ചയിൽപ്പെട്ട ഉടൻ, ഈ നാലു ബോട്ടുകളും വേഗത്തിൽ വടക്കൻ തീരത്തേക്കു തിരികെ പോകാൻ തുടങ്ങി. നാവികസേന ഈ ബോട്ടുകളെ പിന്തുടർന്നതോട, വടക്കൻ തീരം ഉപേക്ഷിച്ച് അവർ ദക്ഷിണ തീരത്തേക്കു പോകാൻ ശ്രമം നടത്തി. യാതൊരു പ്രകോപനവുമില്ലാതെ, നാവികസേനയുടെ ബോട്ടിൽ നിന്നും യാത്രാ ബോട്ടുകളിലേക്കു തുരുതുരാ നിറയൊഴിക്കാൻ ആരംഭിച്ചു. അരമണിക്കൂറോളം വെടിവെപ്പു തുടർന്നിട്ടും, യാത്രാബോട്ടിൽ നിന്നും ആരും തന്നെ തിരികെ വെടിവെച്ചില്ല. വെടിവെപ്പിനുശേഷം, പിന്നീട് ഏതാനും ചെറിയ ബോട്ടുകളിലായാണ് നാവികസേനാംഗങ്ങൾ യാത്രാ ബോട്ടുകൾക്കടുത്തേക്കെത്തിച്ചേർന്നത്.[5]

ദൃക്സാക്ഷിതിരുത്തുക

ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട സെൽവതുരൈ എന്നയാളുടെ മൊഴി പ്രകാരം, എട്ടുമണിയോടെ, യാത്രാ ബോട്ടുകളുടെ അടുത്തെത്തിയ നാവികസേനയുടെ ചെറുബോട്ടുകളിലുള്ള ഉദ്യോഗസ്ഥർ യാത്രാബോട്ടുകൾ നിറുത്താനാവശ്യപ്പെട്ടു. സെർച്ച് ലൈറ്റുകൾ തെളിച്ചുപിടിച്ചിരുന്ന അവർ യാതൊരു പ്രകോപനവും കൂടാതെ യാത്രക്കാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അതിനുശേഷം, ഈ ബോട്ടുകളെ, വടം കെട്ടി വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. വടത്തിൽ നിന്നും വേർപെട്ട ഒരു ബോട്ടിലെ യാത്രക്കാരനായിരുന്നു സെൽവതുരൈ. ആ ബോട്ടിൽ രക്ഷപ്പെട്ട നാലുപേരും, ഒമ്പതു മൃതദേഹങ്ങളുമായിരുന്നു.[6]

വെടിവെപ്പിനുശേഷം യാത്രാബോട്ടിലേക്കു കയറിയ നാവികസേനാ ഉദ്യോഗസ്ഥർ, മരണമടഞ്ഞവരുടെ ശരീരത്തിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചതായി മറ്റു ചില ദൃക്സാക്ഷികളുടെ മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. യാത്രാബോട്ടുകൾ കെട്ടിവലിച്ചുകൊണ്ടു പോയതിനുശേഷം, മൃതദേഹങ്ങളെല്ലാം ഒരു ബോട്ടിലാക്കി അതിനു തീകൊടുത്തു.[7]

മരണസംഖ്യതിരുത്തുക

ആക്രമണത്തിനുശേഷം, 14 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും അവ കിള്ളിനോച്ചി ആശുപത്രിയിലേക്കെത്തിച്ചുവെന്നും ശ്രീലങ്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു തമിഴ് പത്രം റിപ്പോർട്ടു ചെയ്യുന്നു.[8] കണ്ടെടുത്ത മൃതദേഹങ്ങളിൽ ആറെണ്ണം സ്ത്രീകളുടേതായിരുന്നു. എന്നാൽ ജാഫ്ന കായൽ കൂട്ടക്കൊലയിൽ ഏതാണ്ട് നൂറോളം പേർ കൊല്ലപ്പെട്ടിരിക്കാമെന്ന് ചില സ്രോതസ്സുകളെ ഉദ്ധരിച്ച് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ടു ചെയ്യുന്നു.[9]

സർക്കാർ പ്രതികരണംതിരുത്തുക

യാത്രാബോട്ടിൽ നിന്നും, നാവികസേനയുടെ ബോട്ടിനു നേർക്കു വെടിവെപ്പു തുടങ്ങിയതുകൊണ്ടാണ്, നാവികസേന തിരികെ വെടിവെച്ചതെന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ ഇത് ദൃക്സാക്ഷി മൊഴികൾക്കു വിരുദ്ധമായിരുന്നു. ജാഫ്ന കായലിലൂടെ, യാത്രക്കാർക്കു സഞ്ചരിക്കാൻ ഒരു സുരക്ഷാ പാത ഒരുക്കുമെന്നു സർക്കാർ അറിയിച്ചു. എന്നാൽ ഇതു പകൽ മാത്രമായിരിക്കുമെന്നും, നാവികസേനയുടെ കർശന മേൽനോട്ടത്തിലുമായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.[10]

അവലംബംതിരുത്തുക

  1. Olsen, Bendigt (1994). Human Rights in Developing Countries - Yearbook. Springer Science+Business Media. ISBN 90-6544-845-4. p.368
  2. "Massacre in the Jaffna Lagoon". UTHCR. ശേഖരിച്ചത് 2016-11-30.
  3. Fernando, Shamindra (1993-01-05). "Navy demolishes Tiger boats". The Island. Cite has empty unknown parameter: |coauthors= (help); |access-date= requires |url= (help)
  4. "SRI LANKA: THE UNTOLD STORY". Asian Times. 2002-08-17. ശേഖരിച്ചത് 2016-11-30.
  5. UTHR (1993). A Sovereign will to self-destruct: the continuing sage of dislocation & disintegration. ABE books.
  6. "Kilalay lagoon massacre". Virakesari. 1993-01-05. |access-date= requires |url= (help)
  7. "Massacre in the Jaffna Lagoon". UTHCR. ശേഖരിച്ചത് 2016-11-30.
  8. "Kilalay lagoon massacre". Virakesari. 1993-01-05. |access-date= requires |url= (help)
  9. Olsen, Bendigt (1994). Human Rights in Developing Countries - Yearbook. Springer Science+Business Media. ISBN 90-6544-845-4. p.368
  10. "SRI LANKA: THE UNTOLD STORY". Asian Times. 2002-08-17. ശേഖരിച്ചത് 2016-11-30.
"https://ml.wikipedia.org/w/index.php?title=ജാഫ്ന_കായൽ_കൂട്ടക്കൊല&oldid=2442789" എന്ന താളിൽനിന്ന് ശേഖരിച്ചത്