ജാക്കോപോ ബെല്ലിനി
ജാക്കോപോ ബെല്ലിനി (ജീവിതകാലം: c. 1400 - c. 1470) വെനീസ്, വടക്കൻ ഇറ്റലി എന്നിവിടങ്ങളിൽ നവോത്ഥാന ശൈലിയിലുള്ള ചിത്രകലയ്ക്ക് തുടക്കം കുറിച്ചവരിലൊളായിരുന്നു. അദ്ദേഹത്തിന്റെ മക്കളായ ജെന്റൈൽ, ജിയോവാന്നി ബെല്ലിനി, മരുമകൻ ആൻഡ്രിയ മാന്റെഗ്ന എന്നിവരും അക്കാലത്തെ അറിയപ്പെടുന്ന ചിത്രകാരന്മാരായിരുന്നു.
ബെല്ലിനിയുടെ പരിമിതമായ പെയിന്റിംഗുകൾ ഇപ്പോഴും നിലവിലുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ശേഷിക്കുന്ന സ്കെച്ച്-ബുക്കുകൾ (ഒന്ന് ബ്രിട്ടീഷ് മ്യൂസിയത്തിലും മറ്റൊന്ന് ലൂവ്‌റിലും) അദ്ദേഹത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട കലാപാരമ്പര്യമായ പ്രകൃതി ദൃശ്യങ്ങളിലും വിപുലമായ വാസ്തുവിദ്യാ രൂപകൽപ്പനയിലും പ്രതിപത്തി കാണിക്കുന്നവയാണ്. വെനീഷ്യൻ പെയിന്റിംഗുകളുടെ അലങ്കാര പാറ്റേണുകളിലേക്കും സമ്പന്നമായ നിറങ്ങളിലേക്കും അദ്ദേഹം എങ്ങനെ തൻറെ രേഖീയ കാഴ്ചപ്പാടിനെ സന്നിവേശിപ്പിച്ചുവെന്ന് അദ്ദേഹത്തിന്റെ അവശേഷിക്കുന്ന കലാസൃഷ്ടികൾ പ്രകടമാക്കുന്നു.
ജീവചരിത്രം
തിരുത്തുകവെനീസിൽ ജനിച്ച ജാക്കോപോ ഒരുപക്ഷേ അക്കാലത്ത് വെനീസിലുണ്ടായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോയുടെ ശിഷ്യനായിരിക്കാവുന്നതാണ്. 1411-1412-കളിൽ ഫോളിഗ്നോയിലായിരുന്ന അദ്ദേഹം അവിടെ ജെന്റൈലിനൊപ്പം പാലാസോ ട്രിൻസിയുടെ ചുമർചിത്ര രചനയിൽ പങ്കാളിയായിരുന്നു. 1423-ൽ ഫ്ലോറൻസിലായിരുന്ന ബെല്ലിനി, അവിടെ ബ്രൂനെല്ലെഷി, ഡൊണാറ്റെല്ലോ, മസോളിനോ ഡാ പാനികെയ്ൽ, മസാസിയോ തുടങ്ങിയവരുടെ നവീന രചനകളെക്കുറിച്ച് മനസിലാക്കിയിരുന്നു. 1424-ൽ അദ്ദേഹം വെനീസിൽ ആരംഭിച്ച് ജീവിതകാലം മുഴുവൻ നടത്തിയിരുന്ന പണിശാലയിൽ അദ്ദേഹത്തിന്റെ മക്കൾക്കും മറ്റ് കലാകാരന്മാർക്കും പരിശീലനം നൽകിയിരുന്നു.