ജനകീയ സാംസ്കാരിക വേദി
1980-82 കാലത്ത് കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു നിലവിൽ വന്ന സാഹിത്യ-കലാ സംഘടനയാണു ജനകീയ സാംസ്കാരിക വേദി. കഥ, കവിത, ചിത്ര - ശിൽപ്പ കലകൾ, നാടകം തുടങ്ങിയ മേഖലകളിലെ നിരവധി യുവാക്കൾ ഈ പ്രസ്ഥാനത്തിൽ ചേർന്നു പ്രവർത്തിച്ചിരുന്നു. വിപ്ലവ പ്രസിദ്ധീകരണമായ പ്രേരണ സാംസ്കാരിക വേദിയുടേതായിരുന്നു.
ചരിത്രം
തിരുത്തുക1970-കളിൽ കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനം നിരവധി തെരുവുനാടകങ്ങളും സാഹിത്യ-കലാ ചർച്ചകളും പ്രസിദ്ധീകരണങ്ങളും അവതരിപ്പിച്ചിരുന്നു. അത്തരം പ്രവർത്തനങ്ങളുടെ പരിണാമമായിരുന്നു ജനകീയ സാംസ്‌ക്കാരിക വേദിയുടെ രൂപീകരണം. 1980 ഓഗസ്റ്റ് മാസത്തിൽ തൃശ്ശൂരിലെ അന്തിക്കാട്ട് വച്ചാണു വേദിക്കു രൂപം നൽകിയതു്. കവിയൂർ ബാലൻ സെക്രട്ടറിയായിരുന്നു. രൂപീകരണത്തിനു ശേഷം വേദിയിൽ രൂക്ഷമായ ആശയസംഘട്ടനങ്ങൾ ഉണ്ടായി. 1981-നു ശേഷം വേദി പ്രവർത്തകർ പലരും തടവിലാക്കപ്പെട്ടു. 1982-ൽ വേദി പിരിച്ചുവിട്ടു[1]
പ്രവർത്തനങ്ങൾ
തിരുത്തുക- തെരുവുനാടകങ്ങൾ: വേദിയുടെ ആഭിമുഖ്യത്തിൽ ധാരാളം തെരുവു നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു. സ്പാർട്ടക്കസ്, നാടുഗദ്ദിക (ബേബി) തുടങ്ങിയവ പ്രധാനം.
- ചൂതാട്ട വിരുദ്ധ സമരം: കണ്ണൂരിൽ ചൂതാട്ടത്തിനെതിരെ നടന്ന സമരത്തിലൂടെ ചൂതാട്ടം നിരോധിക്കപ്പെട്ടു. ചൂതാട്ട മാഫിയ രമേശൻ എന്ന വേദി പ്രവർത്തകനെ വധിച്ചു.
- അഴിമതി വിരുദ്ധ സമരം: ആരോഗ്യ മേഖലയിലെ അഴിമതിക്കെതിരേ കോഴിക്കോട് സമരം നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറെ ജനകീയ വിചാരണ ചെയ്തു.