ജഗന്നാഥ ക്ഷേത്ര ട്രെയിൻ ദുരന്തം

തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ വെടിക്കെട്ട്‌ കാണാൻ റെയിൽവേ ട്രാക്കിൽ തടിച്ചു കൂടിയ ജനങ്ങൾക്ക്‌ മേൽ തീവണ്ടി ഓടിക്കയറി 27 പേർ മരിച്ച സംഭവമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്ര ട്രെയിൻ ദുരന്തം എന്ന പേരിൽ അറിയപ്പെടുന്നത്[1]. 1986 ഫെബ്രുവരി 28 വെള്ളിയാഴ്ച രാത്രിയായിരുന്നു ഈ ദുരന്തം ഉണ്ടായത്.

കേരളത്തിൽ തൃശൂർ പൂരം കഴിഞ്ഞാൽ ഏറ്റവും വലിയ വെടിക്കെട്ട് അരങ്ങേറിയിരുന്നത്‌ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലായിരുന്നു.[അവലംബം ആവശ്യമാണ്] ഒരു മണിക്കൂറോളം നീളുന്ന ഗംഭീരമായ വെടിക്കെട്ടായിരുന്നു അവിടെ അരങ്ങേറിയിരുന്നത്. ക്ഷേത്രത്തിന്റെ തൊട്ടടുത്തായി ജഗന്നാഥ ടെമ്പിൾ ഗേറ്റ് സ്റ്റേഷൻ എന്ന ഒരു റെയിൽവേ സ്റ്റേഷൻ നിലകൊള്ളുന്നുണ്ട്. സ്ഥലപരിമിതി മൂലം ജനങ്ങൾ വെടിക്കെട്ട്‌ കാണാൻ ഈ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലും റെയിൽ പാളത്തിലും നിൽക്കാറുണ്ട്. വെടിക്കെട്ട്‌ നടന്നു കൊണ്ടിരിക്കെ ഡൽഹിയിൽ നിന്നുമുള്ള എക്സ്പ്രസ്സ്‌ ട്രെയിൻ അത് വഴി കടന്നു വന്നു. വെടിക്കെട്ടിൻറെ ശബ്ദത്തിനിടയിൽ വണ്ടിയുടെ ചൂളം വിളിയോ ശബ്ദമോ ആരും ശ്രദ്ധിച്ചില്ല. ചെറിയ വളവുള്ള ഭാഗമായതിനാൽ ദൂരെ നിന്നും ഡ്രൈവർക്ക് കാണാനും പറ്റിയില്ല. ആൾക്കൂട്ടം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും ബ്രേക്ക്‌ ഇടാനുള്ള സമയവും ഇല്ലായിരുന്നു. ഒരു ഞൊടിയിടക്കുള്ളിൽ തീവണ്ടി ഓടിക്കയറി 27 പേർ അവിടെ കൊല്ലപ്പെട്ടു. കേരളത്തിലെ വലിയ ട്രെയിൻ ദുരന്തങ്ങളുടെ കൂട്ടത്തിൽ ഒന്നാണിത്.

  1. "ഫിബ്രവരി 28ന്റെ ആ കറുത്ത ഓർമ, മാതൃഭൂമി ദിനപത്രം". Archived from the original on 2015-07-01. Retrieved 2015-07-01.