ചോമന്റെ തുടി
പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠപുരസ്കാര ജേതാവുമായ ശിവറാം കാരന്തിന്റെ പ്രശസ്തമായ നോവലാണു ചോമന്റെ തുടി (കന്നഡ: ചോമനദുഡി). ദലിത് പ്രശ്നങ്ങൾ ആവിഷ്കരിക്കുന്ന ഈ നോവൽ ഒരു കന്നഡ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണു പുരോഗമിക്കുന്നത്. ചോമൻ എന്ന ദലിതന്റെയും അയാളുടെ കുടുംബത്തിന്റെയും കഥ എന്നതിലപ്പുറത്തേക്ക് ലോകമെങ്ങുമുള്ള അധ:സ്ഥിതവർഗത്തിന്റെ കഥയായി ഈ നോവൽ കരുതപ്പെടുന്നു.
കർത്താവ് | കെ. ശിവറാം കാരന്ത് |
---|---|
യഥാർത്ഥ പേര് | ചോമനദുഡി |
രാജ്യം | ഇന്ത്യ |
ഭാഷ | കന്നഡ |
പ്രസാധകർ | ഗ്രീൻ ബുക്സ് |
മാധ്യമം | അച്ചടി |
ISBN | ISBN 81-8423-083-4 |
കഥാസാരം
തിരുത്തുകകർണാടകയിലെ ഒരു കുഗ്രാമത്തിലാണു ചോമനും അയാളുടെ അഞ്ച് മക്കളും താമസിക്കുന്നത്. ഒരേയൊരു മകളായ ബള്ളിയാണു വീട്ടുകാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നത്. ചോമൻ ഒരു കാളക്കുട്ടനെ വളർത്തുന്നുണ്ട്. ഭാവിയിൽ കൃഷി ചെയ്യുക എന്നൊരു ലക്ഷ്യം മുന്നിൽക്കണ്ടാണ് ചോമൻ ഇത് ചെയ്യുന്നത്. ദളിതർ സ്വന്തമായി കൃഷി ചെയ്തുകൂടാ എന്നൊരു അലിഖിതനിയമമുണ്ടായിരുന്നു അന്ന്. എങ്കിലും കൃഷിക്കാരനാവുക എന്ന അദമ്യമായ ആഗ്രഹം കൊണ്ട് അയാൾ ഒരിക്കൽ ചെറുപ്പക്കാരനായ ജന്മിയോട് തന്റെ മനസ് തുറക്കുന്നു. പക്ഷേ അയാളുടെ മോഹം മോഹമായി തന്നെ നിലനിർത്തപ്പെടുന്നു. മഴക്കാലത്തിന്റെ വറുതിയ്കിടയിൽ പഴയൊരു കടത്തിന്റെ പേരിൽ കാപ്പിത്തോട്ടത്തിലെ മാപ്പിള അയാളെ കാണാൻ വരികയും തന്റെ മൂത്ത രണ്ടാണ്മക്കളെ പാതിമനസ്സോടെയെങ്കിലും തോട്ടത്തിൽ പറഞ്ഞയക്കേണ്ടിവരികയും ചെയ്യുന്നു. പക്ഷേ രണ്ടു പേരെയും അയാൾക്കു നഷ്ടമാകുന്നു. അങ്ങനെ മകളായ ബള്ളി തോട്ടത്തിൽ പണിയ്കു പോകുന്നു. കുറച്ചുനാളുകൾ കൊണ്ട് കടം തീർത്തുവരുന്ന മകളെ സന്തോഷത്തോടെ സ്വീകരിക്കുന്ന ചോമൻ, പക്ഷേ അത് അവളുടെ മാനത്തിന്റെ വിലയാണെന്ന് അറിയുന്നില്ല. നസ്രാണിയായാൽ കൃഷിക്കാരനാവാമെന്നു മകളിൽ നിന്നും അറിയുന്ന ചോമൻ പട്ടണത്തിലേക്കു പോകുന്നു. പക്ഷേ കുലദൈവമായ ഗുളികനെ ഉപേക്ഷിക്കാൻ കഴിയാതെ അയാൾ തിരിച്ചുവരുന്നു. പക്ഷേ വീട്ടിൽ അയാൾ കാണുന്നത് മകളോടൊപ്പം ശയനം ചെയ്യുന്ന മുതലാളിയെയാണു. അഭിമാനിയായ ആ വൃദ്ധൻ അയാളെ അടിച്ചോടിക്കുന്നു. ഒടുവിൽ തന്റെ പ്രാണനായ തുടി കൊട്ടി അയാൾ മരിച്ചുവീഴുന്നു.
സാമൂഹ്യപ്രസക്തി
തിരുത്തുകഈ നോവൽ മുന്നോട്ടു വയ്ക്കുന്ന ദളിത്പ്രശ്നങ്ങൾ അതീവ പ്രസക്തമാണെന്ന് നിരൂപകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട്, മനുഷ്യരായി പരിഗണിക്കപ്പെടുകപോലും ചെയ്യാതെ കഴിയുന്ന ഒരുകൂട്ടം മനുഷ്യരുടെ യഥാർത്ഥജീവിതാവസ്ഥയാണു 'ചോമന്റെ തുടി' അനാവരണം ചെയ്യുന്നത്.
ചലച്ചിത്രാവിഷ്ക്കാരം
തിരുത്തുകചോമന ദുഡി എന്ന പേരിൽ ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരു കന്നഡ ചലച്ചിത്രം നിർമ്മിച്ചിട്ടുണ്ട്. പ്രശസ്ത കന്നഡ ചലച്ചിത്രകാരനായ ബി.വി. കാരന്തായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.[1] 1976 ലെ ഇന്ത്യൻ ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ മികച്ച ചിത്രം, മികച്ച അഭിനേതാവ് (എം.വി.വാസുദേവ റാവുവിന്) എന്നീ പുരസ്കാരങ്ങൾ ഈ ചലച്ചിത്രം കരസ്ഥമാക്കുകയുണ്ടായി.[2]
അവലംബം
തിരുത്തുക- കെ., ശിവരാമകാരന്ത്. ചോമന്റെ തുടി. ഗ്രീൻ ബുക്സ്. ISBN 81-8423-083-4. Archived from the original on 2013-09-28. Retrieved 2023-09-09.
{{cite book}}
: CS1 maint: bot: original URL status unknown (link)
- ↑ ചോമന ദുഡി ചലച്ചിത്രംRetrieved on 2013-09-29.
- ↑ ചോമന ദുഡിക്ക് ലഭിച്ച പുരസ്കാരങ്ങൾRetrieved on 2013-09-29.