ചൈനയിലെ വന്മതിൽ

(ചൈനയിലെ വൻമതിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യനിർമ്മിതമായ മഹാത്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വന്മതിൽ. ശാഖകളടക്കം 6325 കി.മീ. നീളമുള്ള വന്മതിൽ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത വസ്തുവാണ്. ചന്ദ്രനിൽ നിന്ന് നഗ്നനേത്രങ്ങളുപയോഗിച്ച് കാണാവുന്ന ഒരേയൊരു മനുഷ്യനിർമ്മിത വസ്തു ഇതാണ് എന്ന് വളരെക്കാലമായി ഒരു വിശ്വാസം ഉണ്ടായിരുന്നു. മനുഷ്യൻ ചന്ദ്രനിൽ പോയ ശേഷമാണ് ഈ ധാരണ മാറിയത്. പിന്നീട് ചൈനക്കാരായ ബഹിരാകാശ സഞ്ചാരികൾ ഇത് ശരിവയ്ക്കുകയും ചെയ്തു. [1].

ചൈനയിലെ വന്മതിൽ

നിർമ്മാണ ചരിത്രം

തിരുത്തുക

ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ക്വിൻ സമ്രാജ്യ കാലത്താണ് വന്മതിലിന്റെ പണി ആരംഭിക്കുന്നത്. എന്നാൽ അതിനുമുമ്പുതന്നെ പ്രതിരോധത്തിനായി പ്രാകൃതമായ മൺ‌മതിലുകൾ ഉണ്ടാക്കാൻ ചൈനക്കാർക്ക് അറിയാമായിരുന്നു. അക്കാലത്തെ ഗോത്രവർഗ്ഗക്കാരായിരുന്നു ഇവ നിർമ്മിച്ചിരുന്നത്. ക്രി.മു. ഏഴാം നൂറ്റാണ്ടിൽ ചു രാജവംശം ഇത്തരം മതിലുകളെ ബലപ്പെടുത്തിയിരുന്നതായി രേഖകളിൽ കാണാം. ഇങ്ങനെ പല രാജവംശങ്ങൾ നിർമ്മിച്ച മതിലുകൾ യോജിപ്പിച്ച് ഒന്നാക്കി ബലപ്പെടുത്തുവാൻ ആരംഭിക്കുകയാണ് യഥാർത്ഥത്തിൽ ക്വിൻ സാമ്രാജ്യകാലത്ത് ചെയ്തത്.

 
ചൈനയിലെ പിങ്‌യാവോ എന്ന പട്ടണത്തിനെ സം‌രക്ഷിക്കാൻ മിങ് സാമ്രാജ്യകാലത്ത് ഉണ്ടാക്കിയ സമാനമായ കോട്ട

ക്വിൻ ഷി ഹുയാങ് എന്ന ചക്രവർത്തി, ചൈനയിലെ നാട്ടുരാജ്യങ്ങൾ കീഴടക്കി തന്റെ സാമ്രാജ്യം സ്ഥാപിച്ചത് ക്രി.മു. 221 ലാണ്. ഇക്കാലത്ത് സാമാന്യം വലിയ ആക്രമണങ്ങളെ ചെറുക്കാൻ പര്യാപ്തമായ ചെറിയ മതിലുകൾ നിലനിന്നിരുന്നു. ക്വിൻ ഷി ഹുയാങ് ഈ മതിലുകൾ ഇണക്കി ഒറ്റ മതിലാക്കി തന്റെ സാമ്രാജ്യത്തെ സം‍രക്ഷിക്കാൻ വേണ്ട ബലപ്പെടുത്തലും ചെയ്യിച്ചു. സ്റ്റെപ്പി പ്രദേശങ്ങളിൽ വസിച്ചിരുന്ന പ്രാകൃതരായ ക്സിയോഗ്നു വംശജരായ നുഴഞ്ഞുകയറ്റക്കാരായിരുന്നു ഏറ്റവും ശല്യമുണ്ടാക്കിയിരുന്നത്. ഈ വർഗ്ഗത്തിൽ പെട്ട ആട്ടിടയന്മാർ കൂട്ടമായി വന്ന് മോഷണം നടത്തിയിരുന്നതായിരുന്നു യഥാർത്ഥ യുദ്ധത്തേക്കാൾ ക്വിൻ സാമ്രാജ്യത്തിന് ശല്യം ഉണ്ടാക്കിയിരുന്നത്.

 
ചൈനയിലെ സിയാൻ പ്രവിശ്യയിൽ ക്വിങ് സാമ്രാജ്യകാലത്ത് പണിത മറ്റൊരു മതിൽ

വന്മതിൽ നിർമ്മാണത്തിന് അഞ്ചുലക്ഷത്തോളം കർഷകരും കുറ്റവാളികളുമായിരുന്നു നിയോഗിക്കപ്പെട്ടത്. പിന്നീട് വേയ് രാജവംശം അധികാരത്തിൽ വന്നപ്പോൾ (ക്രി.പി. 386-534) മൂന്നു ലക്ഷത്തോളം ആൾക്കാർ വന്മതിലിനായി പണിയെടുത്തു. ക്രി.പി. 607-ൽ പത്തുലക്ഷത്തിലധികം ആളുകൾ വന്മതിലിനായി പണിയെടുത്തു എന്ന് രേഖകളിലുണ്ട്. പിന്നീടുണ്ടായ മിങ് രാജവംശം ദശലക്ഷക്കണക്കിനാളുകളെയാണ് പണിക്കായി നിയോഗിച്ചത്. നൂറിലധികം വർഷമാണ് അതിനായി എടുത്തത്. ഇത്തരത്തിൽ വലിയൊരു അളവ് തൊഴിലാളികളുടെ കഷ്ടപ്പാടിലൂടെയാണ്‌ വന്മതിലിന്റെ നിർമ്മാണം നടത്തിയത്. ദശലക്ഷക്കണക്കിനാളുകൾ രോഗവും അപകടവും അമിതജോലിയും കൊണ്ട് പണി‍ക്കിടെ മരണമടഞ്ഞിട്ടുണ്ട്. എല്ലാത്തരം പണികളും കൈകൊണ്ടു തന്നെയാണ് ചെയ്തിട്ടുള്ളത്. കല്ല്, മണ്ണ്, ചുണ്ണാമ്പ്, ഇഷ്ടിക, മരം എന്നിവയാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. ഇവയെല്ലാം കൈമാറി കൈമാറിയാണ് നിർമ്മാണപ്രദേശങ്ങളിൽ എത്തിച്ചിരുന്നത്. ചിലയിടങ്ങളിൽ സാധനങ്ങൾ കൊണ്ടുപോകാനായി ആടുകൾ, കഴുതകൾ എന്നിവയേയും ഉപയോഗിച്ചു.

ചൈനയിലെ പട്ടണങ്ങൾ സം‍രക്ഷിക്കാൻ ഇതേ പോലെയുള്ള മതിലുകൾ അതത് സാമ്രാജ്യകാലത്ത് പണികഴിപ്പിച്ചിരുന്നു.

വിസ്തൃതി

തിരുത്തുക

ചൈനയുടെ ഉത്തരമേഖലയിൽ ബോഹായ് ഉൾക്കടലിനു സമീപത്തുള്ള ഷാൻ‌ഹായ് ഗുവാൻ എന്ന സ്ഥലത്തു നിന്നാരംഭിക്കുന്നു. പിന്നീട്, ഹാബെയ്, ഷൻസി, നിങ്‌സിയ, ഗൻസു എന്നീ ചൈനീസ് പ്രവിശ്യകളിലൂടെയും മംഗോളിയയിലൂടെയും കടന്നു പോകുന്നു. അവസാനം ഗോബി മരുഭൂമിയിലെ ജിയായു ഗുവാനിൽ അവസാനിക്കുന്നു. പ്രധാന കെട്ട് ഷാൻ‌ഹായ് ഗുവാനിൽ ആരംഭിച്ച് ഗോബിയിലെ യുമെനിൽ അവസാനിക്കുന്നു. പ്രധാന കെട്ടിന് 3460 കി.മീ. നീളമുണ്ട്. ശാഖകളുടെ നീളം 2465 കി.മീ വരും.

മതിലിനു മുകളിലൂടെ ഒരു പാതയും നൂറോ ഇരുന്നൂറോ മീറ്റർ ഇടവിട്ട് കാവൽമാടങ്ങളുണ്ട്[2].

 
ചൈനയിലെ വൻ മതിൽ രൂപ രേഖ

ഇന്നത്തെ അവസ്ഥ

തിരുത്തുക

ചിലയിടങ്ങളിൽ നശിച്ചു തുടങ്ങിയെങ്കിലും ചൈനീസ് ഭരണകൂടം വന്മതിലിനെ ആവുന്നപോലെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ജനങ്ങൾ വീടും മറ്റും പണിയാൻ വന്മതിലിന്റെ ഭാഗങ്ങൾ ഇളക്കിക്കൊണ്ടു പോകുന്നത് വന്മതിലിന്റെ സുരക്ഷയെ ബാധിക്കുന്നുണ്ട്. അപ്രകാരം ചെയ്യുന്നത് ചൈനയിൽ രാജ്യദ്രോഹക്കുറ്റത്തിനു സമാനമായ കുറ്റമായി കരുതുന്നു. ഇന്ന് ചൈനയിൽ വിനോദസഞ്ചാരത്തിനെത്തുന്നവരിൽ ഭൂരിഭാഗവും വന്മതിൽ സന്ദർശിക്കുന്നു. ചൈനയുടെ വിനോദസഞ്ചാരത്തിന്റെ മുഖമുദ്രയായി വന്മതിൽ മാറിക്കഴിഞ്ഞു.

ചിത്രങ്ങൾ

തിരുത്തുക
  1. "China's Wall Less Great in View from Space" (in ഇംഗ്ലീഷ്). നാസ. 2006-02-28. Retrieved 2007-04-004 lalettan mammokka. {{cite news}}: Check date values in: |accessdate= (help); line feed character in |accessdate= at position 13 (help)
  2. "CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 82. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)

കൂടുതൽ അറിവിന്

തിരുത്തുക
  1. http://geography.about.com/od/specificplacesofinterest/a/greatwall.htm
  2. http://encarta.msn.com/encyclopedia_761569621/Great_Wall_(China).html Archived 2006-12-08 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ചൈനയിലെ_വന്മതിൽ&oldid=4022891" എന്ന താളിൽനിന്ന് ശേഖരിച്ചത്