ചെമ്പകരാമൻ

(ചെമ്പകരാമന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവിതാംകൂർ രാജാക്കന്മാർ നൽകിവന്നിരുന്ന ഒരു ബഹുമതിയാണ്‌ ചെമ്പകരാമൻ.

ചെമ്പകരാമൻ, തമ്പി, തങ്കച്ചി, അനന്തപദ്മനാഭൻ, അനന്തപദ്മനാഭൻ മൂപ്പൻ, അനനന്ത പദ്മനാഭൻ മാണിക്കം, റാവുത്തർ, തരകൻ, പണിക്കർ എന്നിവ തിരുവിതാംകൂർ മഹാരാജാക്കന്മർ കൊടുത്തിരുന്ന ബഹുമതികളായിരുന്നു. ജാതി നിർണ്ണായകമായ ഘടകമായിരുന്നതിനാൽ, ഒരു പ്രത്യേക ജാതിക്കു കൊടുത്തിരുന്ന സ്ഥാനപ്പേര്‌ മിക്കപ്പോഴും മറ്റൊരു ജാതിക്കു കൊടുത്തിരുന്നില്ല."കണക്ക്‌" മുതലായ പേരുകൾ വെള്ളാളർക്കു മാത്രം കൊടുത്തിരുന്നു. പിള്ള എല്ലാ ജാതിക്കാർക്കും കൊടുത്തിരുന്നു.[അവലംബം ആവശ്യമാണ്] ക്രിസ്ത്യാനികളിലും മുസ്ലിമുകളിലും പിള്ള വരാൻ കാരണമതാണ്‌.

മിക്ക സ്ഥാനപ്പേരുകൾക്കും പിന്തുടർച്ചാവകാശമുണ്ടായിരുന്നു. മുറ തെറ്റാതെ പലതും ആണ്ടോടാണ്ടു അടിയറവു വച്ചു പുതുക്കേണ്ടിയിരുന്നു. അടിയറവായി ആണ്ടു കാഴ്ചയിനത്തിൽ പണത്തിനു മുടക്കം വന്നാൽ, നടപടി നടത്തി തുക ഈടാക്കിയിരുന്നു.

"കേശവീയം" എന്ന മഹാകാവ്യം എഴുതി മഹാകവി പട്ടം കിട്ടിയ കെ.സി. കേശവപിള്ളയുടെ പേരിലുള്ള കെ.സി എന്നത് കണക്കു ചെമ്പകരാമൻ എന്നതിൻറെ ചുരുക്കമാണ്‌. കണക്കിൽ വിദഗ്ദ്ധരായിരുന്ന വെള്ളാളർക്കും,നായന്മാർക്കും, വെള്ളാളപിള്ളമാർക്കും , മാത്രം നൽകിയിരുന്ന ബഹുമതിയായിരുന്നു ഇത്‌.

ചെമ്പകരാമൻ സ്ഥാനം നൽകുന്ന ചടങ്ങ്‌

തിരുത്തുക

എല്ല ഉദ്യോഗസ്ഥന്മാരുടെയും മുൻപിൽ വച്ചു മഹാരാജാവ് പ്രസ്തുത വ്യക്തിയുടെ സേവനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തുന്നു. കല്പ്പിച്ചു ബഹുമതി നൽകുന്നതിനുള്ള കാരണങ്ങൽ വിശദീകരിക്കുന്നു. ചെമ്പകരാമൻ എന്ന സ്ഥാനപ്പേരു വ്യക്തിയുടെ പേരിനോടു ചേർത്തുവിളിക്കുന്നു. ബഹുമാനിതനായ വ്യക്തി കൊട്ടാര ഗോപുരത്തിലേക്ക്‌ ആനയിക്കപ്പെടുന്നു. ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ അനുഗമിക്കും. അവിടെ തയ്യാറാക്കിയിട്ടുള്ള പന്തലിൽ വച്ച്‌ എട്ടു വരയുള്ള വീരാളിപ്പട്ടും കോടിമുണ്ടും നൽകുന്നു. അവ അണിഞ്ഞു പട്ടിന്റെ ഒരറ്റം തലയിൽ ചുറ്റിക്കെട്ടുന്നു. മറ്റേ അറ്റം രണ്ടര- മൂന്ന്‌ വാര നീളത്തിൽ പിന്നോട്ട്‌ നീട്ടിയിടുന്നു. പിന്നീട്‌ ആനപ്പുറത്തു കയറ്റി എഴുന്നെള്ളിക്കുന്നു. ഇതേ ബഹുമതി നേരത്തെ കിട്ടിയിട്ടുള്ള മൂന്നു പ്രഭുക്കൾ അതേ വേഷഭൂഷാദികളോടെ ആനപ്പുറത്ത്‌ ഒപ്പമിരിക്കും. ബാൻഡ്‌ മേളം, ചെറിയ സേനാവിഭാഗം തുടങ്ങിയ സന്നാഹങ്ങളോടെ ഈ ഘോഷയാത്ര കോട്ടയ്ക്കകത്തുള്ള നാല്‌ തെരുവുകളിലും പോകുന്നു. തിരിച്ച്‌ ഗോപുരത്തിലെത്തുമ്പോൽ പ്രഭുക്കൾ ആനപ്പുറത്തു നിന്നിറങ്ങും. പ്രധാനമന്ത്രി പുതിയ പ്രഭുവിനെ സ്വീകരിക്കും. പ്രഭുവിന്‌ അദ്ദേഹത്തോടൊപ്പം ഇരിക്കാം. ഒരു താമ്പാളത്തിൽ കുറേ വെറ്റിലയും നാരങ്ങയും സമ്മാനിക്കപ്പെടുന്നു. അതോടെ ചടങ്ങുകൾ തീരും അന്നു മുതൽ അദ്ദേഹം "ചെമ്പകരാമൻ പിള്ള" എന്നു വിളിക്കപ്പെടുന്നു.

  • പി.ഭാസ്കരനുണ്ണി," പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം",കേരള സാഹിത്യ അക്കാദമി {൧൯൮൮}
"https://ml.wikipedia.org/w/index.php?title=ചെമ്പകരാമൻ&oldid=3339468" എന്ന താളിൽനിന്ന് ശേഖരിച്ചത്