കുട്ടനാടും പരിസരപ്രദേശങ്ങളിലും പ്രചാരത്തിലുള്ള നാടൻ പാട്ടാണ് ചെങ്ങന്നൂരാതിപ്പാട്ട്. കർഷകതൊഴിലാളികൾക്കിടയിൽ ഇതിന് ഏറെ പ്രചാരമുണ്ട്. സാംബവ വിഭാഗത്തിലെ തൊഴിലാളികളാണ് ഇതു പ്രധാനമായും പാടുന്നത്. മധ്യതിരുവിതാംകൂറിൽ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ചെങ്ങന്നൂരാതിപ്പാട്ട് പാടിവരുന്നത്. [1] മുടിയാട്ടത്തിനും കല്യാണത്തിനും സാംബവർ ഈ പാട്ട് പാടും. ഈ പാട്ടിൽ അനേകം കഥകളും ഉപകഥകളുമുണ്ട്. പല പാഠഭേദങ്ങളും ഈ പാട്ടിന് നിലവിലുണ്ട്. കുന്നവം പെണ്ണിനെയും പാലുവം പെണ്ണിനെയും കൊണ്ടു വന്ന കഥയും പാലുവം കോയിയുമായി അങ്കം നടത്തിയ കഥയുമാണ് ആവേദകർ ആവേശത്തോടെ പാടുന്നത്. ഗുരുനാഥൻ കരിയാപണിക്കന്റെ വാക്കുകൾ മറികടന്ന് പത്തൊൻപതാമത്തെ കളരി കീഴടക്കാനെത്തി ചുരികത്തലയിൽ ജീവൻ നഷ്ടപ്പെട്ട ചെങ്ങന്നൂരാതിയുടെ കഥയാണ് ഈ പാട്ട്.

പ്രധാന ഉപാഖ്യാനങ്ങൾ

തിരുത്തുക

[2]

  • ചെങ്ങന്നൂരാതിയുടെ ബാല്യവും ആയുധാഭ്യാസവും
  • പുലിമൊകം കളരിയിൽ പോയ കഥ
  • കുന്നവം പെണ്ണിനെ കൊണ്ടു വന്ന കഥ
  • പാലുവം കോയിയുമായി അങ്കം നടത്തിയ കഥ
  • കളരിയിലെ പാട്ടുപൊലിവിന്റെ കഥ
  • കുന്നവം പെണ്ണിനെ ആചാരക്കെട്ടു കെട്ടിയ കഥ
  • ഇരുമെല്ലൂപ്പെണ്ണിന്റെ വീട്ടിൽ പോയ കഥ
  • ചെങ്ങന്നൂരാതിയും മലനാട്ടിലാതിയും മൂവക്കോട്ട പിടിച്ച കഥ

വിവിധ ആവേദകർ ഒരേ കഥ പല തരത്തിൽ അവതരിപ്പിക്കാറുണ്ടെങ്കിലും കഥാ സാരം ഒന്നു തന്നെയായിരിക്കും.

പ്രമേയം

തിരുത്തുക

സാംബവ (പറയ)ജനതയുടെ വീരനായകനും ആയുധവിദ്യയിൽ സമർത്ഥനുമാണ് ചെങ്ങന്നൂരാതി. ചിലേടങ്ങളിൽ പുലയരും ആതിയെ ആദരിക്കുന്നുണ്ട്. [3] ചെങ്ങന്നൂരപ്പനും അമ്മയ്ക്കും ഉണ്ടായ മകനാണ്ആതി. കരിയാപണിക്കൻ എന്ന പുള്ള് കരിയാത്തനാർ എന്ന പരുന്തിന്റെ പിടിയിൽ നിന്നു വീണപ്പോൾ ആതി എടുത്തു രക്ഷിച്ചു. പിന്നീട് ആ പുള്ള് ആതിക്ക് കളരി വിദ്യ ഉപദേശിച്ചു. പതിനെട്ടുകളരികളിൽ ആതിക്കു വിജയമുണ്ടാകുമെന്നും, പത്തൊൻപതാമത്തെ കളരിയിൽ പോകുവാനിടവന്നാൽ മരിക്കുമെന്നും ആ പുള്ള് പ്രസ്താവിച്ചു. പതിനെട്ടു കളരിക്കാരെയും ആതി തോൽപിച്ചു. പത്തൊൻപതാമത്തെ കളരിയിൽ വീരമരണം വരിക്കേണ്ടിവന്നു. ചെങ്ങന്നൂരാതിയുടെ സാഹസിക ജീവിതാനുഭവങ്ങളാണ് ഈ പാട്ടിന്റെ കേന്ദ്ര പ്രമേയം.

  1. എം.വി. വിഷ്ണു നാരായണൻ നമ്പൂതിരി. ഫോക്‌ലോർ നിഘണ്ടു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  2. ഡോ. എ. കെ.അപ്പുക്കുട്ടൻ (January 2015). ചെങ്ങന്നൂരാതി. Thrissur: കേരള സാഹിത്യ അക്കാദമി. ISBN 9788176903189.{{cite book}}: CS1 maint: year (link)
  3. വി വി സ്വാമി. ചെങ്ങന്നൂരാതി. കോട്ടയം: ഡി.സി. ബുക്സ്. ISBN 9788126433308.
"https://ml.wikipedia.org/w/index.php?title=ചെങ്ങന്നൂരാതിപ്പാട്ട്&oldid=3680052" എന്ന താളിൽനിന്ന് ശേഖരിച്ചത്