ഇന്ത്യയിലെ ആദ്യത്തെ ഡപ്യൂട്ടി കളക്റ്ററായിരുന്നു ചൂരയിൽ കണാരൻ (ജീവിതകാലം: 1812-1876). പ്രമുഖമായ ഒരു തിയ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കേരളത്തിലെ ആദ്യത്തെ മുനിസിപ്പൽ ചെയർമാനും അദ്ദേഹമായിരുന്നു.[1]

ചൂരയിൽ കണാരൻ
ജനനം1812
മരണം1876
തൊഴിൽഇന്ത്യയിലെ ആദ്യത്തെ ഡെപ്യുട്ടി കലറ്റർ
മാതാപിതാക്ക(ൾ)കുമ്മായി ചോയി
പുരസ്കാരങ്ങൾRao Bahadur

തലശ്ശേരിയിൽ ജയിലർ ആയിരുന്ന കുമ്മായി ചോയിയുടെ മകനായി 1812-ൽ പ്രമുഖ തീയ്യകുടുംബമായ ചൂര്യയിൽ തറവാട്ടിൽ ആണ് കണാരന്റെ ജനനം.[2]പിതാവിന്റെ മരണത്തെത്തുടർന്ന് 1829 ജൂൺ 22-ന് ജയിലറായി ജോലിക്ക് കയറി; 17-ാം വയസ്സിൽ. ജോലി അക്കാലത്ത് താവഴിയായിരുന്നു. 1832 വരെ ആ സ്ഥാനത്ത് തുടർന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ പലരും തെലുങ്കരും ഉത്തരേന്ത്യക്കാരുമായിരുന്നു. ഇവർക്ക് ഭരണകാര്യങ്ങളിൽ മികച്ച സ്ഥാനവുമായിരുന്നു. അതിനാൽ കണാരൻ തമിഴും തെലുങ്കും ഹിന്ദിയും പഠിച്ചു. ഗുണ്ടർട്ടിനെ മലയാളവും സംസ്കൃതവും പഠിപ്പിച്ച തീയ്യത്തറവാടായ ഊരാച്ചേരിയിലെ ഗുരുനാഥരിൽനിന്ന് മലയാളത്തിലും സംസ്കൃതത്തിലും പാണ്ഡിത്യവും നേടിയിരുന്നു.[2]കണാരന്റെ ഭാഷാശേഷിയും പ്രശ്നങ്ങളിൽ ഇടപെടുന്ന രീതിയും ബ്രിട്ടീഷുകാരനായ ജഡ്ജി ജി.എസ്.ഗ്രീൻവെയെ ആകർഷിച്ചു. അദ്ദേഹം കണാരനെ കോടതി ഗുമസ്തനായി നിയമിച്ചു. ഗുണ്ടർട്ടിന് താമസിക്കാൻ ഇല്ലിക്കുന്നിലെ ബംഗ്ലാവ് വിട്ടുകൊടുത്ത ജഡ്ജി സ്ട്രെയ്ഞ്ചിനും കണാരന്റെ ജോലിയിലുള്ള മിടുക്ക് ഇഷ്ടമായി. അദ്ദേഹം കണാരനെ കോടതിയിൽ ശിരസ്തദാറായി നിയമിച്ചു.[2]തന്റെ സമുദായത്തിൽ നിന്നും കണാരൻ മുൻകൈയെടുത്ത് 29 പേരെ അംശം അധികാരിയായി നിയമിച്ചു. ഇതിൽ ഡെപ്യൂട്ടി കളക്ടറായ ഉപ്പോട്ട് കണ്ണനെയും ' ജഡ്ജിയായ ഇ കെ കൃഷ്ണനെയും ഇദ്ദേഹം നിയമിച്ച വരാണ്.[2]

ജാതിഭീമന്മാരും ഓഫീസിലെ പായയും

തിരുത്തുക

മലബാർ കളക്ടറായിരുന്ന എച്ച്.വി.കൊണോളി കണാരന്റെ യോഗ്യത മനസ്സിലാക്കി കോഴിക്കോട് ഹജൂർ കച്ചേരിയിൽ 1848 ജൂലായ് 26-ന് ഹെഡ് മുൻഷിയായി നിയമിച്ചു. കളക്ടർക്ക് തൊട്ടുതാഴെയുണ്ടായിരുന്ന സവർണരായ രണ്ട് ശിരസ്തദാർക്കും അവർക്ക് താഴെയായി അവർണനായ കണാരനെ നിയമിച്ചത് ഇഷ്ടമായില്ല. അവർ ഒരു ഹർജി തയ്യാറാക്കി ​െപ്രാവിൻഷ്യൽ ജഡ്ജിമാർക്ക് സമർപ്പിച്ചു. ആക്ഷേപം നിസ്സാരവും അടിസ്ഥാന രഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളി. ഹെഡ് മുൻഷിയായി നിയമിതനായ കണാരന് അവർ ഇരിക്കാൻ ഒരു പായയും എഴുതാൻ ഉയരം കുറഞ്ഞ മേശയുമാണ് നൽകിയത്. പായകിട്ടിയ കണാരൻ അതിൽ കിടന്നു. പുതിയ ഹെഡ് മുൻഷി ഉറങ്ങുകയാണെന്ന് കളക്ടറെത്തിയപ്പോൾ വിവരം കിട്ടി. അന്വേഷിച്ചപ്പോൾ കണാരൻ പറഞ്ഞു, തലശ്ശേരിയിൽ കിടക്കാനാണ് പായ നൽകാറ്. പായ കിട്ടിയപ്പോൾ കിടക്കാനായിരിക്കുമെന്ന് കരുതി. കാര്യം മനസ്സിലായ കളക്ടർ ഉടൻ കണാരന് കസേരയും മേശയും നൽകാൻ ഉത്തരവിട്ടു. 1848-ൽ രണ്ടാം ശിരസ്തദാറായി. 1843-ൽ മദ്രാസ് പ്രവിശ്യയിലെ കോടതിസംവിധാനം സിവിൽ ആൻഡ് സെഷൻസ് കോടതികളായി ക്രമീകരിച്ചപ്പോൾ മലബാറിലെ സെഷൻസ് കോടതിയുടെ കേന്ദ്രം തലശ്ശേരിയായി. കണാരനെ പുതിയ കോടതിയുടെ ശിരസ്തദാറായി കോഴിക്കോട്ട് നിയമിച്ചു.

1844-ൽ ജില്ലാ മുൻസിഫുമാർക്കുള്ള പരീക്ഷയെഴുതി ജയിച്ചെങ്കിലും കണാരൻ ആ സ്ഥാനം വേണ്ടെന്നുവെച്ചു. പകരം പ്രിൻസിപ്പൽ സദിരാമീൻ ഉദ്യോഗത്തിനായി അപേക്ഷിച്ചു. സിവിൽ ജഡ്ജിയാകേണ്ടിയിരുന്ന കണാരൻ അങ്ങനെ റവന്യു വകുപ്പിലേക്ക് മാറി. ഡയറക്ടർ വരെയാകുകയും ചെയ്തു. വെട്ടത്തുനാട് രാജാവിന്റെ ഭൂസ്വത്തുക്കൾ അവകാശികളില്ലാതെ കിടന്നിരുന്നു. ഇവ സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിന് പരിശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട 1701 കേസുകൾ തീർപ്പാക്കി 1854 ആയപ്പോഴേക്കും സർക്കാരിന് 70000 രൂപ മുതൽക്കൂട്ടുണ്ടാക്കി. മലബാറിലെ പട്ടയം മുഴുവൻ ഇന്നത്തെ നിലയിലേക്ക് മാറ്റിയത് കണാരനാണ്. റെയിൽപ്പാതയും കലാപവും ബ്രിട്ടീഷുകാർക്കെതിരായ കലാപത്തെ ഒരുതുള്ളി ചോര പൊടിയാതെ കൈകാര്യം ചെയ്ത് കണാരൻ കൂടുതൽ ശ്രദ്ധേയനായി. 1849-ൽ മഞ്ചേരിയിലും 1851-ൽ കൊളത്തൂരിലും 1852-ൽ മട്ടന്നൂരിലുമുണ്ടായ കലാപത്തെ തോക്കും പട്ടാളവുമില്ലാതെയായിരുന്നു പരിഹരിച്ചത്. ഒരു സായുധ അകമ്പടിയുമില്ലാതെയാണ് അദ്ദേഹം സമുദായനേതാവിനെ കണ്ട് സംസാരിച്ചത് സമാധാനത്തിന് വഴിയൊരുക്കിയത്. ഇത് അദ്ദേഹത്തിന്റെ അനിതരസാധാരണമായ ധീരതയും നയതന്ത്രമികവുമാണെന്ന് സർ വില്യം റോബിൻസൺ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബേപ്പൂരിലേക്ക് റെയിൽപ്പാത നീട്ടുന്നതിന് ഭൂമിയേറ്റെടുക്കുന്ന ഉത്തരവാദിത്വം കണാരൻ ഭംഗിയായി ചെയ്തു. മലബാറിലെ എസ് ചീറ്റ് വില്പന വഴി നാലുലക്ഷം രൂപയാണ് വരുമാനമായി കളക്ടറുടെ ചുമതല വഹിച്ച വില്യം റോബിൻസൺ പ്രതീക്ഷിച്ചത്. പക്ഷേ, കണാരന്റെ പരിശ്രമത്തിലൂടെ 30 ലക്ഷം പിരിച്ചെടുത്തു. ഇതിന്റെ ഫലമായി 1859-ൽ തെക്കേ മലബാർ മേഖലയുടെ ​െഡപ്യൂട്ടി കളക്ടറും മജിസ്ട്രേറ്റുമായി കണാരൻ നിയമിക്കപ്പെട്ടു.[3]

ശമ്പളത്തുകതന്നെ പെൻഷനും

തിരുത്തുക

1869 ഡിസംബർ 31-ന് ഡെപ്യൂട്ടി കളക്ടർ സ്ഥാനത്തുനിന്ന് കണാരൻ വിരമിച്ചു. 16 വർഷം നീതിന്യായരംഗം, 23 വർഷം റവന്യു വിഭാഗം-39 വർഷത്തെ സേവനം. പെൻഷൻ കൊണ്ട് ജീവിക്കാനാകില്ലെന്നും അവസാനത്തെ ശമ്പളത്തിന്റെയത്രതന്നെ പെൻഷൻതുക അനുവദിക്കണമെന്നും അപേക്ഷിച്ച് അദ്ദേഹം കളക്ടർ മെൽ ഗ്രിഗർക്ക് കത്തയച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ആർഗിൽ പ്രഭു ഇതിന് അനുമതി നൽകി- ചൂര്യയി കണാരൻ ചെയ്ത വിലയേറിയ കാര്യങ്ങളെ അനുസ്മരിച്ച് തന്റെ ശമ്പളമായ 600 രൂപ പെൻഷനായും അനുവദിച്ചിരിക്കുന്നു. ഇന്ത്യയിലാദ്യമായി അവസാന ശമ്പളം തന്നെ പെൻഷനായി ലഭിക്കുന്ന ആദ്യത്തെ വ്യക്തിയായി അദ്ദേഹം മാറി.[4]

തലശ്ശേരിയുടെ ആദ്യ മലയാളി നഗരസഭാധ്യക്ഷൻ

തിരുത്തുക

വിരമിച്ചശേഷം തലശ്ശേരി നാരങ്ങാപ്പുറത്തായിരുന്നു കണാരന്റെ താമസം. മലബാറിലെ ആദ്യത്തെ നഗരസഭയായിരുന്ന തലശ്ശേരിയുടെ മലയാളിയായ ആദ്യത്തെ വൈസ് പ്രസിഡന്റാ(ചെയർമാൻ) യി. കളക്ടർ മെഗ്രിനാണ് സ്ഥാനമേറ്റെടുക്കാൻ നിർദേശിച്ചത്. മരണം വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. തലശ്ശേരിയിലെ പ്രധാനപ്പെട്ട രണ്ട് റോഡുകൾ നിർമിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ട്രാഫിക്ക് പോലീസ് സ്റ്റേഷൻ - നാരങ്ങാപ്പുറം- മഞ്ഞോടി റോഡും വാടിക്കൽ -പള്ളിക്കുന്ന് -കോടതി റോഡുമാണ് അവ. നാരങ്ങാപ്പുറം -മഞ്ഞോടി റോഡിന് അദ്ദേഹത്തിന്റെ നാമധേയമാണ്. ചിലർ അതിനെ ചുരുക്കി സി.കെ.റോഡ് എന്നും വിളിക്കുന്നു. എന്നാൽ ആ റോഡിനെ സൂചിപ്പിക്കുന്ന ഒരു ബോർഡ് പോലും കാണാനില്ല.[5] പെൺപള്ളിക്കൂടവും കുപ്പായവും

തലശ്ശേരിയിൽ ആദ്യമായി പെൺകുട്ടികൾക്ക് വിദ്യാലയം തുടങ്ങി . സംസ്കൃത വ്യാകരണം എല്ലാവിഭാഗം ജനങ്ങൾക്കും പഠിപ്പിക്കുന്നതിന് മുൻകൈയെടുത്തു. സ്വയം കുപ്പായം ധരിച്ചുകൊണ്ട് തലശ്ശേരിയിലെ പലരുടെയും വസ്ത്രധാരണ രീതി പരിഷ്കരിക്കുന്നതിനും കണാരൻ വലിയ പ്രേരണയായി. എല്ലാ വിഭാഗങ്ങൾക്കും വേണ്ടി തലശ്ശേരിയിൽ ക്ഷേത്രം സ്ഥാപിക്കുന്നതിന് 1870-ൽ കണാരൻ ഒരുശ്രമം നടത്തിയിരുന്നു. ശ്രീനാരായണഗുരു തലശ്ശേരിയിൽ ജഗന്നാഥക്ഷേത്രം സ്ഥാപിക്കുന്നതിനും പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ഇത്. കായ്യത്ത് റോഡിന് അടുത്ത് ഒരു കുളമുണ്ടായിരുന്നു-ചൂര്യയി കുളം. ഇതാണ് പിന്നീട് സൂര്യകുളമായത്. ആ കുളം ഇന്നില്ല. റോഡരികിൽ കാണുന്ന ചെറിയൊരു ബോർഡിൽ സൂര്യകുളം എന്ന് രേഖപ്പെടുത്തിയത് കാണാം. സർവ്വീസിൽ നിന്നും വിരമിച്ച അദ്ദേഹം തലശ്ശേരി മുനിസിപ്പൽ കൗൺസിലിൽ വൈസ് ചെയർമാനായി നിയമിതനായി .ആ ജോലിയിൽ തുടരവേ 1876 ഒൿടോബർ പതിനെട്ടാം തീയതി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.[6]

റഫറൻസുകൾ

തിരുത്തുക
  1. https://www.mathrubhumi.com/kannur/kazhcha/1.3677579[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 2.3 kazhcha. Mathrubhoomi. kannur, google books. ISBN 1.3677579. {{cite book}}: Check |isbn= value: invalid character (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. https://www.mathrubhumi.com/kannur/kazhcha/1.3677579[പ്രവർത്തിക്കാത്ത കണ്ണി]
  4. https://www.mathrubhumi.com/kannur/kazhcha/1.3677579[പ്രവർത്തിക്കാത്ത കണ്ണി]
  5. https://www.mathrubhumi.com/kannur/kazhcha/1.3677579[പ്രവർത്തിക്കാത്ത കണ്ണി]
  6. https://www.mathrubhumi.com/kannur/kazhcha/1.3677579[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ചൂരയിൽ_കണാരൻ&oldid=3809654" എന്ന താളിൽനിന്ന് ശേഖരിച്ചത്