ചുവന്ന ഇമ്പോർട്ടഡ് തീയുറുമ്പ്

തെക്കേ അമേരിക്കൻ തദ്ദേശവാസിയായ ഒരു ഉറുമ്പാണ്‌ ചുവന്ന ഇമ്പോർട്ടഡ് തീയുറുമ്പ്‌. (Red imported fire ant - RIFA). (ശാസ്ത്രീയനാമം: Solenopsis invicta). invicta എന്നു പറഞ്ഞാൽ തോൽപ്പിക്കാൻ ആവാത്തത്‌ എന്നാണ് അർത്ഥം. അബദ്ധത്തിൽ ഇവ ആസ്ത്രേലിയ, ന്യൂസിലാന്റ്‌, ഏഷ്യൻ രാജ്യങ്ങൾ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ എത്തിയിട്ടുണ്ട്‌. കാടുകൾ, മരുഭൂമികൾ, പുൽമേടുകൾ, റോഡുകൾ, കെട്ടിടങ്ങൾ അങ്ങനെ എവിടെയും ഇവ ജീവിക്കും. ഒരു തുറസ്സും കാണാനില്ലാത്ത വലിയ മൺകൂനകൾ ഉണ്ടാക്കി താമസിക്കുന്ന ഈ കൂടുകളുടെ പ്രവേശനകവാടം ദൂരെ മണ്ണിനടിയിൽ എവിടെങ്കിലും ആവും. അതിജീവനത്തിന്റെ ആശാന്മാരായ ഇവ എന്തും തിന്നും, ഒന്നോ അതിലധികമോ രാജ്ഞികൾ ഉണ്ടാകുന്ന കൂടുകളിൽ ഒരുലക്ഷം മുതൽ രണ്ടര ലക്ഷം വരെ അംഗങ്ങൾ ഉണ്ടാവും. മനുഷ്യരെ ഇവ കടിക്കുമ്പോൾ മിക്കവർക്കും പൊള്ളുകയും കടികിട്ടിയ ഇടം തടിച്ചുവരികയും ചെയ്യും. ഏതാണ്ട്‌ 6 ശതമാനം വരെ ആൾക്കാർക്ക്‌ ചികിൽസിച്ചില്ലെങ്കിൽ മാരകമായ രീതിയിൽ നീരുവന്നുവീർക്കുന്നു. മയക്കം, നെഞ്ചുവേദന, ഓക്കാനം, വലിയതോതിൽ വിയർക്കൽ, ശ്വാസതടസ്സം എന്നിവയെല്ലാം ചിലർക്കുണ്ടാകുന്നു. അമേരിക്കയിൽ വർഷത്തിൽ ഒന്നരക്കോടിയിലേറെപ്പേർക്ക്‌ ഇതിന്റെ കടി കിട്ടുന്നുണ്ടെന്നാണ്‌ കണക്കുകൾ. ഇവയുടെ കടിയേറ്റ്‌ എൺപതോളം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്‌. നഗരങ്ങളിലും പെരുകുന്ന ഇവ വലിയസാമ്പത്തികപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്‌. വഴികളിലും കെട്ടിടങ്ങളുടെ ഇടയിലും ഉണ്ടാക്കുന്ന കൂടുകൾ അവയുടെ അടിത്തറ വരെ നശിപ്പിക്കുന്നു. വൈദ്യുതിയോട്‌ ആകർഷണമുള്ള ഇവർ ഉപകരണങ്ങൾ കേടുവരുത്തുന്നു. വയറിംഗിൽ കടന്നുചെന്ന് ട്രാഫിക്‌ സിഗ്നലുകളെ തകരാറിലാക്കി റ്റെക്സാസിൽ മാത്രം വർഷംതോറും 14 കോടി ഡോളറിന്റെ നഷ്ടം ഇവ ഉണ്ടാക്കുന്നു. അലഞ്ഞുതിരിയുന്ന ഉറുമ്പുകൾ വൈദ്യുതിവാഹികൾ കടിച്ചുമുറിക്കുമ്പോൾ ഉണ്ടാവുന്ന ശക്തമായ രാസസിഗ്നലുകൾ ബാക്കി ഉറുമ്പുകൾ അവിടെ എത്താൻ ഇടയാക്കുന്നുണ്ടത്രേ. വിളകൾ, യന്ത്രങ്ങൾ, പുൽമേടുകൾ എല്ലാം ഇവ നശിപ്പിക്കുന്നു. ഇവയുടെ വലിയ കൂടുകൾ വിളവെടുപ്പിനെപ്പോലും തടയാറുണ്ട്‌. വളർത്തുമൃഗങ്ങളെ പരിക്കേൽപ്പിക്കാനോ കൊല്ലാൻപോലുമോ ഇവയ്ക്കു കഴിയും. എത്തിച്ചേർന്ന ഇടങ്ങളിലെല്ലാം പ്രദേശിക സസ്യ-ജന്തു വൈവിധ്യങ്ങളെ ഇവ പാടേ തകരാറിലാക്കിയിട്ടുണ്ട്‌. മനുഷ്യനെ സംബന്ധിച്ച്‌ ഏറ്റവും ഭീകരനായ അധിനിവേശജീവിയായ ഇവയുടെ ഈ സവിശേഷതകളെല്ലാം കാരണം വളരെയേറെ പഠനം നടന്നിട്ടുള്ള പ്രാണികളിലേറ്റവും മുൻപിലാണ്‌ ഇവയുടെ സ്ഥാനം. എന്നിട്ടും കാര്യക്ഷമമായി ഇവയെ തടയാനുള്ള വഴികൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

Red imported fire ant
A group of fire ant workers
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Hymenoptera
Family: Formicidae
Subfamily: Myrmicinae
Genus: Solenopsis
Species:
S. invicta
Binomial name
Solenopsis invicta
Buren, 1972
Synonyms[1]
  • Solenopsis saevissima wagneri Santschi, 1916

ലോകത്തിലെ ഏറ്റവും ഭീകരന്മാരായ അധിനിവേശസ്പീഷിസുകൾ ആയി അറിയപ്പെടുന്ന ഇവ മനുഷ്യർ തകരാറിലാക്കിയ ഇടങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നു. മറ്റു ജൈവവൈവിധ്യങ്ങൾ എല്ലാം കളഞ്ഞ്‌ പുൽമൈതാനങ്ങളും മറ്റും ഉണ്ടാക്കിയ ഇടങ്ങളിലെ ബാക്കി ഉറുമ്പിനങ്ങളെല്ലാം ഇവയുടെ വരവോടെ ഇല്ലാതാവുന്നു, എന്നാൽ പാരിസ്ഥിതികമായി ശല്യപ്പെടുത്താത്ത ഇടങ്ങളിൽ ഇവയുടെ സ്വാധീനം കുറവാണ്. അമേരിക്കയിൽ മാത്രം ഈ തീയുറുമ്പുകൾ ഒരു വർഷം 500 കോടി ഡോളറിന്റെ നഷ്ടമാണത്രേ ഉണ്ടാക്കുന്നത്‌. 1933 -40 കാലത്ത്‌ വടക്കേ അമേരിക്കയിൽ എത്തിയ ഇവ തെക്കുഭാഗത്ത്‌ എല്ലാ സംസ്ഥാനങ്ങളിലും വ്യാപിച്ചിരിക്കുന്നു. ഓരോ വർഷവും 193 കിലോമീറ്റർ വീതം വടക്കോട്ടുനീങ്ങിക്കൊണ്ടുമിരിക്കുന്നു.

ജീവിക്കുന്ന ചുറ്റുപാടിനോട്‌ വളെരെ നന്നായി ഇണങ്ങുന്ന ഇവയ്ക്ക്‌ വരൾച്ചയോ വെള്ളപ്പൊക്കമോ ഒന്നും പ്രശ്നമല്ല. വെള്ളപ്പൊക്കസമയത്ത്‌ കൂടിനുമീതേ വെള്ളമെത്തിയാൽ എല്ലാവരുംകൂടി ഒരു പന്തുപോലെയായി അതിനുള്ളിൽ റാണിയേയും വഹിച്ച്‌ ഒഴുകുന്നു. ഏറ്റവും ഉയർന്ന ഭാഗത്ത്‌ മുട്ടകളും ലാർവകളും സുരക്ഷിതമായി സൂക്ഷിക്കും. ചിലസമയത്ത്‌ കോളനിയെ രക്ഷിക്കാൻ ചങ്ങാടത്തിലുള്ള ആണുങ്ങളെ മുഴുവൻ പുറത്താക്കാറുമുണ്ട്‌. 12 ദിവസം വരെ ഈ ചങ്ങാടം ഒഴുകിനടക്കും. കൂട്ടത്തെ രക്ഷിക്കാനുള്ള വ്യഗ്രതയിൽ ഈ സമയത്ത്‌ കൂടതൽ വിഷം ഇവ ശത്രുക്കൾക്ക്‌ നേരെ പ്രയോഗിക്കുകയും ഇവ കൂടുതൽ അപകടകാരികളാവുകയും ചെയ്യും.

നിയന്ത്രിക്കാനാവുമെങ്കിലും ഇവയെ ഇല്ലായ്മ ചെയ്യാനാവില്ലെന്നു തന്നെ പറയാം. റാണിയെ പിടിച്ചുകൊന്നാൽ മാത്രമേ ഒരു കോളനി ഇല്ലായ്മ ചെയ്യാനാവുകയുള്ളൂ, അതാവട്ടെ, ഏതാണ്ട്‌ രണ്ടുമീറ്റർ മണ്ണിനടിയിലുമായിരിക്കും. റാണിയെ കിട്ടിയില്ലെങ്കിൽ വളരെ വേഗം തന്നെ നശിപ്പിക്കപ്പെട്ട കോളനി വീണ്ടും രൂപം കൊള്ളുകയും ചെയ്യും. ചിലയിടങ്ങളിൽ ഇവയെ വിജയകരമായി ഉന്മൂലനം ചെയ്തിട്ടുണ്ട്‌. ഇന്ത്യയിൽ ഇതുവരെ ഈ തീയുറുമ്പുകൾ എത്തിയിട്ടില്ലെങ്കിലും എത്തിച്ചേർന്നാൽ വളരെ വേഗം വ്യാപിക്കുമെന്നാണ്‌ ശാസ്ത്രകാരന്മാർ കരുതുന്നത്‌.

  1. Johnson, N.F. (19 December 2007). "Solenopsis invicta Buren". Hymenoptera Name Server version 1.5. Columbus, Ohio, USA: Ohio State University. Archived from the original on 20 September 2016. Retrieved 1 April 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക