ഭാരതത്തിൽ ദുർഗ്ഗാ സങ്കൽപ്പത്തിൽ ചിലന്തിയെ ആരാധിക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന അപൂർവ ക്ഷേത്രങ്ങളിലൊന്നാണിത്.[1] പത്തനംതിട്ട ജില്ലയിൽ ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ കൊടുമൺ ജങ്ഷനിൽ നിന്നും 1.5 കി. മീ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന പള്ളിയറ ദേവീക്ഷേത്രമാണ് "ചിലന്തിയമ്പലം" എന്ന പേരിൽ അറിയപ്പെടുന്നത്‌. ഈ ഭഗവതീ ക്ഷേത്രത്തിൽ വന്നു പൂജ ചെയ്തു പ്രസാദം കഴിപ്പിച്ചാൽ എത്ര കടുത്ത ചിലന്തി വിഷ ബാധയും ശമിക്കുമെന്നാണ് ഭക്ത ജന വിശ്വാസം. [2]

ചരിത്രം തിരുത്തുക

ഈ ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും ആശ്ചര്യ ചൂഢാമണിയുടെ കർത്താവും ചെന്നീർക്കര സ്വരൂപത്തിന്റെ അധിപനുമായ ശക്തിഭദ്രനുമായി ബന്ധപ്പെട്ടതാണ്.കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരുന്നതാണ് ഈ വിഗ്രഹം. നമ്പൂതിരിമാരുമായുള്ള അവകാശതർകത്തെതുടർന്ന് തന്റെ അവകാശമായ് ലഭിച്ച മഹാവിഷ്ണു, ദുർഗ്ഗാദേവി, ഗണപതി എന്നീ ദേവ വിഗ്രഹങളിൽ ദുർഗ്ഗാഭഗവതിയെ ശക്തിഭദ്രൻ കൊടുമണ് പള്ളിയറയിലും മഹാവിഷ്ണുവിനെ വൈകുണ്ഠ്പുരത്തും പ്രതിഷ്ഠിച്ചു.[3]

ശക്തിഭദ്രനും ചെന്നീർക്കര സ്വരൂപവും   തിരുത്തുക

ശക്തിഭദ്രൻ കുന്നത്തൂർ താലൂക്കിൽ ഉൾപെട്ട കൊടുമൺ പകുതിയിൽപെട്ട ചെന്നീർക്കര സ്വരൂപം എന്ന ബ്രാഹ്മണ പ്രഭുകുടുംബത്തിലാണ് ജനിച്ചത് എന്ന് ലേഖനത്തിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ചിട്ടുള്ളതാണ്. ചെന്നീർക്കര സ്വരൂപത്തെക്കുറിച്ച് ഉള്ള ആധികാരിക രേഖകളും കണ്ടെത്തലുകളും പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ വീരയോദ്ധാവായ ശ്രീ.വേലുത്തമ്പി ദളവ വീരമൃത്യുവരിച്ച മണ്ണടിയിൽ ഉള്ള വാക്കവഞ്ഞിപ്പുഴ മഠവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാലക്രമത്തിൽ ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ഇവരെ 966 ൽ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു എന്നും പറയപ്പെടുന്നു. (കുടുംബ സ്വത്തുക്കൾ ഉൾപ്പെടെ). പഴയ മലയാണ്മ ലിപിയിൽ എഴുതി രേഖപ്പെടുത്തിയിട്ടുള്ള ദത്തോലക്കരണം (എഴുത്തോല) ഇന്നും മഠത്തിൽ സൂക്ഷിച്ചിട്ടുള്ളതായി കാണാവുന്നതാണ്.  ശക്തിഭദ്രനും ചിലന്തി അമ്പലവും  ശക്തിഭദ്ര കുടുംബത്തിന്റെ ആസ്ഥാനം കൊടുമൺ പള്ളിയറ ദേവീക്ഷത്രത്തിന് സമീപമുള്ള കോയിക്കൽ കൊട്ടാരം ആയിരുന്നു എന്ന് വ്യക്തമായി കാണുന്നു. ക്ഷേത്ര സ്പർശികളായ കല്പിത കഥകൾ പരിശോധിച്ചാൽ അവയിൽ ചിലത് ചരിത്രസംഭവങ്ങളുമായി അടുത്ത് കിടക്കുന്നതായി കാണാൻ കഴിയും. പുരാതനകാല ജനതയുടെ ആചാരാനുഷ്ഠാനങ്ങളും അവരുടെ ജീവിതചര്യകളും മനസ്സിലാക്കുവാൻ ചില ലിഖിതങ്ങളും വാസ്തു ശില്പങ്ങളും ഗ്രന്ഥസമുച്ഛയങ്ങളും സ്ഥലത്തെ മറ്റു പുരാവസ്തുക്കളും പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഉജ്ജ്വങ്ങളായ എത്രയോ ആവിഷ്കാരങ്ങൾ ഉടലെടുത്തത് ക്ഷേത്രസങ്കേതങ്ങളിൽ വച്ചാണ്. അതിൽ മേൽപ്പത്തൂരും, പൂന്താനവും, കാളിദാസനും തുടങ്ങിയ നിരവധി സാഹിത്യ കലാകാരന്മാരുടെ വിജ്ഞാനരശ്മികൾ വിതറിയ സന്ദർഭങ്ങൾ ക്ഷേത്രങ്ങളായിരുന്നു എന്നു പറയപ്പെടുന്നു. അതുപോലെതന്നെ ശക്തിഭദ്രമഹാകവിക്ക് തന്റെ കാവ്യമായ ആശ്ചര്യചൂഢാമണി രചിക്കാനിടയായ വിജ്ഞാന ഉദയം ലഭിച്ചത് പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം) ആയിരുന്നു എന്ന് അനുമാനിക്കാവുന്നതാണ്.  

ക്ഷേത്ര ഐതിഹ്യം   തിരുത്തുക

ചെന്നീർക്കര രാജസ്വരൂപത്തിന്റെ കൊട്ടാരം വക തേവാരമൂർത്തി ആയിരുന്ന ശ്രീ പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം). ഈ ക്ഷേത്രത്തിന് പിന്നീട് ചിലന്തിയമ്പലം എന്ന് പേര് വരാൻ കാരണം ശക്തിഭദ്രകുടുംബത്തിലെ ഒരു അന്തർജനത്തിന്റെ നിർവാണകഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഏകദേശം തൊള്ളായിരത്തി അൻപ്പത്തി ആറാം (956) ആണ്ടോടുകൂടി ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു എന്നും മുൻപ് സൂചിപ്പിച്ചിട്ടുള്ളതാകുന്നു. പിന്നീട് ഇവർ കോയിക്കൽ കൊട്ടാരത്തിൽ (ചിലന്തി അമ്പലത്തിനു സമീപം) താമസമാക്കി ജീവിച്ചുപോന്നു. കാലാന്തരത്തിൽ അതിൽ ഒരു അന്തർജനം ഏകാന്തവാസത്തിൽ ഏർപെടുകയും ആത്മീയതയിൽ ലയിച്ച് അറയ്കുള്ളിൽ ആദിപരാശക്തിയായ ദുർഗ്ഗാഭഗവതിയെ തപസ് അനുഷ്ഠിച്ചു പോന്നു. തുടർന്ന് ഇവരിൽ ദേവീ ചൈതന്യമുള്ള ചിലന്തികൾ വലകെട്ടുകയും , ചിലന്തികൾ ഇവരുടെ ആജഞാനുവർത്തികൾ ആകുകയും ചെയ്തു എന്നും, ഈ വലക്കുള്ളിൽ ഇരുന്ന് അന്തർജനം സമാധിയായി തീർന്നു, ഈ ഭക്തയുടെ ആത്മചൈതന്യം തൊട്ടടുത്ത ദുർഗ്ഗാക്ഷേത്രത്തിൽ ലയിച്ചു ചേർന്നു ജഗദംബയിൽ മോക്ഷം പ്രാപിച്ചു എന്നാണ് പറയപ്പെടുന്നത്. അന്നു മുതൽ ക്ഷേത്രത്തിന് "ചിലന്തിയമ്പലം" എന്ന പേരു വന്നത് എന്ന് കരുതുന്നു. ഈ വിശ്വാസത്തിന്റെ പിൻബലത്താൽ അനേകം ചിലന്തി വിഷബാധയേറ്റ വിഷബാധകരും മറ്റു തീർത്ഥാടകരും ഈ ക്ഷേത്രദർശനം നടത്തി രോഗശാന്തി നേടുന്നു എന്ന് അനുഭവസ്ഥരും ക്ഷത്രേസമീപവാസികളും സാക്ഷ്യപ്പെടുത്തുന്നു. ഈ ക്ഷേത്രത്തിനു സമീപമുള്ള മറ്റൊരു ക്ഷേത്രമായ വൈകുണ്ഠപുരം മഹാവിഷ്ണുക്ഷേത്രം ശക്തിഭദ്രനാൽ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. വൃത്താകൃതിയിലുള്ള ശ്രീകോവിലും അതിനോടു ചേർന്നുള്ള ചുവർചിത്രങ്ങളും ഈ കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണെന്ന് ചരിത്രകാരന്മാരും ഗവേഷകരും സമർത്ഥിക്കുന്നു. ഈ രണ്ടു ക്ഷേത്രങ്ങളുടെയും സമീപത്തുനിന്നും ലഭിച്ചിട്ടുള്ള ചില കൽത്തൂണുകളും, കിണറുകളും, കുളങ്ങളും എല്ലാം പഴയ ചില നാഗരികതകൾ വിളിച്ചോതുന്ന ചരിത്ര സംഭവങ്ങൾ തന്നെയാണെന്ന് വിസ്മരിക്കാൻ പറ്റാത്ത കാര്യമാണ്.[4]

അവലംബം തിരുത്തുക

  1. http://lsgkerala.in/kodumonpanchayat/history/[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.keralabhooshanam.com/?p=142774[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-13.
  4. www.youtube.com/watch?v=nKiqlRFL-3c
"https://ml.wikipedia.org/w/index.php?title=ചിലന്തിയമ്പലം&oldid=3631270" എന്ന താളിൽനിന്ന് ശേഖരിച്ചത്