തേങ്ങ ചിരകാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ചിരവ. 1540-ൽ ഫ്രാങ്കോയിസ് ബൂളിയർ (François Boullier) ചിരവ കണ്ടുപിടിച്ചു. ജമൈക്കയിൽ പരമ്പരാഗത സംഗീതോപകരണങ്ങളുടെ പട്ടികയിൽ നാളികേര ചിരവയും സ്ഥാനം പിടിച്ചിരിക്കുന്നു. പാൽക്കട്ടി ചിരകാൻ വേണ്ടി കണ്ടുപിടിച്ച ചിരവയാണ് പിന്നീട് നാളികേരം ചിരകാനായി മാറ്റി രൂപകൽപ്പന ചെയ്തത്.

ചിരവയും ഉടച്ച തേങ്ങയും

തേങ്ങ ചിരവുന്നതിനുള്ള ഉപകരണമാണല്ലോ ചിരവ..... അതിൽക്കൂടുതലോന്നും ചിരവയെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. ചിരവയിലെന്തിരിക്കുന്നു എന്നൊരു ചിന്ത. പക്ഷേ അതിനും ഒരു ചരിത്രമുണ്ട് എന്ന് മനസ്സിലായത്‌ കുറച്ചു വർഷങ്ങൾക്കു മുൻപ് കൊലാലംപൂരിലുള്ള ഒരു മ്യൂസിയത്തിൽ പോയപ്പോഴാണ്. പാരമ്പര്യമായി ഉപയോഗിച്ച് വന്നിരുന്ന ചിരവകളുടെ ഒരു ശേഖരം തന്നെ അവിടെയുണ്ട്. കൂട്ടത്തിൽ അവയുടെ വിശദീകരണങ്ങളും.

ചിരവ എന്നു പറയുമ്പോൾ പുതുതലമുറയുടെ മനസ്സിൽവരുന്നത് ഒരു തടിക്കഷണവും അതിൽ പിടിപ്പിച്ചിട്ടുള്ള “നാക്കും” (തേങ്ങ ചിരവുന്നതിനുള്ള ഭാഗം) ഉള്ള ഒരു ഉപകരണം, ഇരുമ്പ് തകിട് “റ” ആകൃതിയിൽ ആക്കി അതിൽ നാല്കാലും ചിരവനാക്കും ഘടിപ്പിച്ച്, ഇരണ്ടപ്പക്ഷി തല ഉയർത്തി നിൽക്കുന്നത് പോലെയുള്ള ഒരു സാധനം അതുമല്ലെങ്കിൽ കടകളിലും വിവാഹ ആഡിറ്റോറിയങ്ങളിലും മറ്റും കാണുന്ന തരത്തിലുള്ളത്; ഒരു ബഞ്ചിൻറെ നടുക്കായി ഉരുണ്ട കമ്പിയിൽ ഘടിപ്പിച്ച വശങ്ങളിലേക്ക് നാക്കുകളുള്ള ഉപകരണം അരി അരക്കുന്ന യന്ത്രത്തിനോപ്പം പിടിപ്പിച്ചിരിക്കുന്ന വശങ്ങളിലേക്ക് നാക്കുകളുള്ള ഉപകരണം. ഇതൊക്കെയാണ് ഇന്നത്തെ സാധാരണ ചിരവക്കാഴ്ചകൾ.

1540-ൽ ഫ്രാങ്കോയിസ് ബൂളിയർ ആണ് ചിരവ കണ്ടുപിടിച്ചത് എന്ന് പറയുന്നു.ഇൻഡോനേഷ്യ, ജാവ (ജമൈക്ക),സിംഗപൂർ , മലേഷ്യ എന്നീ രാജ്യങ്ങളിൽ മുൻകാലത്ത് ഉപയോഗിച്ചിരുന്ന ചിരവകൾ നമ്മുടെ നാട്ടിൽ കാണുന്നവയിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. പക്ഷിമൃഗാദികളുടെ രൂപത്തിലും വളരെ മനോഹരമായ കൊത്തുപണികളിലും ഉള്ളവയാണ് ഇവിടെ സാധാരണയായി ഉപയോഗിച്ചിരുന്ന ചിരവകൾ.


തേങ്ങയും തേങ്ങപ്പാലും ചേർത്തുള്ള പാരമ്പര്യ വിഭവങ്ങൾ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള തേങ്ങ ചിരവുന്നതിനു വേണ്ടിയാണ് മലേഷ്യ, സിംഗപൂർ, ഇൻഡോനേഷ്യ,ജാവ തുടങ്ങിയ സ്ഥലങ്ങളിൽ ചിരവയുടെ ഉപയോഗം തുടങ്ങിയത്.

ഇന്തോനേഷ്യ,ജാവ തുടങ്ങിയ സ്ഥലങ്ങളിൽ അമ്മയും കുട്ടിയും തമ്മിലുള്ള ഗാഡമായ സ്നേഹത്തിന്റെ പ്രതീകമായി ചിരവയെ കണക്കാക്കുന്നു. എങ്ങനെയെന്നാൽ; അമ്മ തേങ്ങ ചിരവുംപോൾ കുട്ടി ചിരവയുടെ പിൻഭാഗത്ത് അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് മുന്നോട്ടു നോക്കിയിരിക്കും.ജോലി ചെയ്യുമ്പോഴും തൻറെ കുഞ്ഞിനെ പിരിയാൻ അമ്മക്ക് സാധിക്കുന്നില്ല എന്ന് അനുമാനിക്കാം

ചിരവയിൽ തന്നെ ആണും പെണ്ണും ഉണ്ടെന്നു രേഖകൾ പറയുന്നു. അതിൻറെ വിശദീകരങ്ങളും കൊടുത്തിട്ടുണ്ട്‌. ആൺചിരവയുടെ ശരീരഘടന പൊതുവേ ചെറുതായിരിക്കും. നീളം കുറഞ്ഞ കഴുത്തും, പൊക്കംകുറഞ്ഞ കാലുകളും ഇവയുടെ പ്രത്യേകതകളാണ്. വളരെ രസകരമായ ഒരു പ്രത്യേകത എന്നുപറയുന്നത് ഇതിൻറെ അടിഭാഗത്തായി പുരുഷ ലൈംഗികാവയവത്തോട് സാമ്യമുള്ള ഒരു മുഴപ്പ് കൊത്തിവച്ചിരിക്കുന്നതായിക്കാണാം. സ്ത്രീകളാണ് ആൺചിരവകൾ ഉപയോഗിക്കുന്നത്. ചിരവയ്ക്ക് ഇരുവശത്തുമായി, കണങ്കാൽ മടക്കി തുടകൾക്കടിയിൽ വച്ചാണ് സ്ത്രീകൾ തേങ്ങ ചുരണ്ടാൻ ഇരിക്കുന്നത്.

പെൺചിരവകൾ പൊതുവേ വലിയ ശരീരഘടനയോട് കൂടിയവ ആയിരിക്കും. നീളംകൂടിയ കഴുത്ത്, വലിയ ശരീരം, നീളം കൂടിയ കാലുകൾ ഇവ പെൺചിരവയുടെ പ്രത്യേകതകൾ ആയിരിക്കും. കുതിരപ്പുറത്ത്‌ ഇരിക്കുന്നതുപോലെ ഇരുന്നാണ് തേങ്ങ ചിരവുന്നത്. പുരുഷന്മാരാണ് സാധാരണ പെൺചിരവ ഉപയോഗിക്കുന്നത്.

ചിരവയുമായി ബന്ധപ്പെട്ട ഒരു കടങ്കഥ പ്രചാരത്തിലുണ്ട് “കുതിരപ്പുറത്തിരുന്നു പൂക്കൾ വിതറുക” (MOUNT A HORSE SCATTER FLOWERS) എന്നതാണ് അത്...

ചിരവയുടെ ചരിത്രവും അവയുടെ യഥാർത്ഥ രൂപവും അന്യമായിക്കൊണ്ടിരിക്കുന്ന ഈകാലത്ത്, മ്യൂസിയത്തിലെ അപൂർവ ചിരവ ശേഖരവും അതിനെക്കുറിച്ചുള്ള വിശദീകരണങ്ങളും വിലമതിക്കാനാവാത്തത് തന്നെ.

http://rajeshchannar.blogspot.com/2013/10/blog-post_19.html http://rajeshchannar.blogspot.com/search/label/%E0%B4%95%E0%B5%97%E0%B4%A4%E0%B5%81%E0%B4%95%E0%B4%82

"https://ml.wikipedia.org/w/index.php?title=ചിരവ&oldid=3088431" എന്ന താളിൽനിന്ന് ശേഖരിച്ചത്