ചാറ്റ് എന്ന പദത്തിന് ശുദ്ധിയാക്കൽ,ശുദ്ധികർമം ചെയ്യൽ എന്നൊക്കെയാണ് അർത്ഥം.ചാറ്റ് നടത്തുന്നതിനു വേണ്ടി വായ്പാട്ടായി പാടുന്ന പാട്ടുകളെയാണ് ചാറ്റുപാട്ടുകൾ എന്നു പറയുന്നത്.പരദേവതാ പ്രീതിക്കും മറ്റും വേണ്ടി കേരളത്തിലെ ഒരു ആദിവാസിവിഭാഗമായ കാണിക്കാർ നടത്തുന്ന ഒരു ചടങ്ങാണിത്. കൊക്കര എന്ന ഉപകരണത്തിന്റെ അകമ്പടിയോടുകൂടി പാട്ടു പാടി നടത്തുന്ന ആരാധനയാണിത്. കാണിക്കാരുടെ മന്ത്രവാദത്തെ ചാറ്റ് എന്നാണ് പറയുന്നത്. ചാറ്റു നടത്തുന്നതിനു വേണ്ടി ഉപയോഗിക്കുന്ന പാട്ടാണ് ചാറ്റുപാട്ട്
പിണിചാറ്റ്,തുടിചാറ്റ്,നായാട്ടുചാറ്റ്,രാശിവെട്ടിചാറ്റ്,മണ്ണഴിച്ചു ചാറ്റ്,കരിങ്കാളി ചാറ്റ്,വലകെട്ടിചാറ്റ്,കൊടുതിചാറ്റ് തുടങ്ങി പല തരത്തിലുള്ള ചാറ്റുകളുണ്ട്. ഈണവും അവ്യക്തതയും കണക്കിലെടുത്ത് ചാറ്റിനെ പ്രധാനമായും രണ്ടായി തിരിക്കാം.പേച്ച് കൂടിയത് വടക്കൻ മൊഴിയെന്നും പേച്ച് കുറഞ്ഞതിനെ തെക്കൻ മൊഴിയെന്നും പറയുന്നു.ഓരോരോ ആവശ്യത്തിനും വ്യത്യസ്ത ചാറ്റുകളാണ് നടത്തുന്നത്. നടത്തുന്ന രീതി,ചൊല്ലുന്ന രീതി, കൊക്കരയുടെ താളം എന്നിവ ഓരോ ചാറ്റിനും വ്യത്യസ്തമായിരിക്കും. പ്ലാത്തി (മന്ത്രവാദി) രണ്ടു വരി വീതം മനഃപാഠമായി പാടുകയും രണ്ടു പേരടങ്ങുന്ന പിൻപാട്ടുകാർ ഏറ്റു പാടുകയും ചെയ്യുന്നു. ചാറ്റുപാട്ടിന് താളം നൽകുന്ന വാദ്യോപകരണമാണ് കൊക്കര. പല്ലു കൊത്തിയ അകം പൊള്ളയായ ഇരുമ്പു കുഴലും ചങ്ങല കൊണ്ട് കൊക്കരയുമായി ബന്ധിച്ചിരിക്കുന്ന ഇരുമ്പു ദണ്ഡും ചേർന്നതാണ് കൊക്കര .ദണ്ഡിനെ പുള്ളുവലിയെന്നാണ് പറയുന്നത്.ഇരുമ്പുകുഴൽ ഇടതു കൈയ്യിലും ദണ്ഡ് വലതു കൈയ്യിലും ചേർത്തു പിടിച്ച് തമ്മിൽ ഉരസിയാണ് ശബ്ദമുണ്ടാക്കുന്നത്. വായ് മൊഴിയായി,പിൻമുറക്കാർക്ക് പകർന്നു വരുന്ന ഒരു വായ്പ്പാട്ടു രൂപമാണിത്.

കൊക്കര എന്ന സംഗീത ഉപകരണം വായിക്കുന്നു

ഗണപതിപാട്ട്

തിരുത്തുക

ആറുമുഖ വാ ഗണപതിയേ
ഒടയതാ തന്നെ ഞാൻ
കാലനാം എരിശെയ്ത്
ആദരാൽ എതുർകൊൾകാ
അക്കാലെ അരനുവായ്
ഉമവടിവെ പിടിവതുമായ്
അടവി തന്നിൽ കളിച്ച കാലം
ഉമയാൾ തന്റെ തിരുവയറ്റിൽ
ഉളർവായോ കരിമുഖവാ
പിറന്നിതാ വളർന്നുള്ളേ
ചെറുക്കനായി ചോർ മുല
മങ്കയ്ക്കു മകനോ ഉമയ്ക്കൊരു
പൂത്തിരരും ഒറ്റക്കൊമ്പാ
നായകനെ നെറ്റിക്കണ്ണാലുടയവില്ലേ
.............................................
............................................

ചാവുതോറ്റിചാറ്റ്

തിരുത്തുക

മരിച്ചു പോയവരുടെ ആത്മാവിനെ ശുദ്ധി ചെയ്ത് വിശുദ്ധൻമാരുടെ ഗണത്തിൽ ഉൾപ്പെടുത്താനും ജീവിച്ചിരിക്കുന്നവർക്ക് അവരെക്കൊണ്ട് ഉപദ്രവമുണ്ടാകാതിരിക്കുന്നതിനും വേണ്ടി നടത്തുന്നതാണ് ചാവുതോറ്റിചാറ്റ്. [1]

[2]

  1. കാണിക്കാർ - സി.കെ.കരുണാകരൻ
  2. കാണിക്കാരുടെ ലോകം - സെബാസ്റ്റ്യൻആദികലഎഴുത്തുകാഴ്ച
"https://ml.wikipedia.org/w/index.php?title=ചാറ്റുപാട്ട്&oldid=2282372" എന്ന താളിൽനിന്ന് ശേഖരിച്ചത്