(ചാമിന്ദ വാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചമിന്ദ വാസ് (ജനനം: 27 ജനുവരി 1974, മട്ടുമഗല, ശ്രീലങ്ക) ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരമാണ്. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ഒരു ഫാസ്റ്റ് ബൗളറായാണ് അദ്ദേഹം പരിഗണിക്കപ്പെടുന്നത്. ന്യൂബോളിൽ ഏറ്റവും കൂടുതൽ പ്രഹരശേഷിയും കഴിവുമുള്ള ശ്രീലങ്കൻ ക്രിക്കറ്ററായാണ് അദ്ദേഹം കരുതപ്പെടുന്നത്.[1]. 2004ൽ ലോക ടെസ്റ്റ് ടീമിലും, ഏകദിന ഇലവണ്ണിലും ഇടം നേടിയതോടെയാണ് അദ്ദേഹം അന്താരാഷ്ട്രശ്രദ്ധ നേടുന്നത്. 2009 ജൂലൈയിൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
ചാമിന്ദ വാസ് ഒരു ഒരു ഇടംകയ്യൻ ഫാസ്റ്റ് ബൗളറാണ്. പലപ്പോഴും ശ്രീലങ്കക്കു വേണ്ടി ബൗളിങ് ആരംഭിക്കാൻ നിയോഗിക്കുന്നതും വാസിനെയായിരുന്നു. പന്ത് ഇൻസ്വിങ്ങ് ചെയ്യിക്കാനുള്ള കഴിവുകൊണ്ട് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മികച്ച രീതിയിൽ ഓഫ് കട്ടറുകൾ എറിയാനും അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. പിന്നീട് റിവേഴ്സ് സ്വിങ്ങ് പന്തുകളെറിയാനുള്ള കഴിവ് അദ്ദേഹം നേടിയെടുത്തു. അതോടെ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തുന്ന ഒരു ബൗളറായി അദ്ദേഹം മാറി. പിൽക്കാലത്ത് അദ്ദേഹത്തിന്റെ പന്തുകളുടെ വേഗത കുറഞ്ഞെങ്കിലും മികച്ച ലൈനും ലെങ്തും വിക്കറ്റുകൾ നേടുന്നതിൽ അദ്ദേഹത്തെ പിന്തുണച്ചു. ഒരു മികച്ച പിൻനിര ബാറ്റ്സ്മാനും കൂടിയായിരുന്നു അദ്ദേഹം തന്റെ ടെസ്റ്റ് കരിയറിലാകെ 13 അർദ്ധസെഞ്ച്വറികളും, 1 സെഞ്ച്വറിയുമടക്കം 3,089റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരു മികച്ച ഫീൽഡറും കൂടിയായിരുന്നു അദ്ദേഹം.