കൊച്ചി തുറമുഖത്തു 1962 വരെ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു ചാപ്പ. തൊഴിലവസരം വിഭജിക്കുന്നതിനുള്ള ഒരു നടപടിക്രമമായിരുന്നു ഇത്. തൊഴിലിനായി കടപ്പുറത്തു കാത്തുനിൽക്കുന്ന ജനക്കൂട്ടത്തിലേക്കു സ്റ്റീവ്ഡോറുമാരുടെ കങ്കാണികൾ ചാപ്പ എന്നറിയപ്പെടുന്ന ലോഹ ടോക്കൻ വലിച്ചെറിയുകയും ഇത് ലഭിക്കുന്നവർക്കുമാത്രം തൊഴിലെടുക്കാൻ അവസരം ലഭിക്കുകയും ചെയ്യുമായിരുന്നു. ചാപ്പ നേടുന്നതിനായി പരക്കം പായുകയും തമ്മിലടിക്കുകയും ചെയ്യുന്ന തൊഴിലാളികളെ വിനോദമെന്നവണ്ണം വീക്ഷിക്കുന്നതിന് കങ്കാണികളും മുതലാളിമാരും അവരുടെ കുടുംബവും വന്നുനിൽക്കാറുണ്ടായിരുന്നു. പ്രാകൃതമായ സമ്പ്രദായത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങൾ ഉണ്ടാകുകയും ഡോക്ക് ലേബർ ബോർഡ് നിലവിൽ വന്നതോടെ 1962-ൽ ഈ സമ്പ്രദായം അവസാനിക്കുകയും ചെയ്തു.[1] ഈ സമ്പ്രദായത്തെ ചിത്രീകരിക്കുന്ന ചാപ്പ എന്ന പേരിൽത്തന്നെയുള്ള ഒരു ചലച്ചിത്രവും മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. പി.എ. ബക്കറാണ് ഇതിന്റെ സംവിധായകൻ.

Wiktionary
Wiktionary
ചാപ്പ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ചാപ്പക്കെതിരെയുള്ള സമരങ്ങൾ

തിരുത്തുക

ചാപ്പ സമ്പ്രദായത്തിനെതിരെ കൊച്ചിൻ പോർട്ട് കാർഗോ ലേബർ യൂണിയന്റെ നേതൃത്വത്തിൽ 1953 ജൂലൈയിൽ നടന്ന സമരം വെടിവയ്പിലാണു അവസാനിച്ചത്. എ.ഐ.ടി.യു.സി. യൂണിയന്റെ നേതാവ് ടി.എം. അബുവിനെ മട്ടാഞ്ചേരി ചക്കരയിടുക്കിലെ സമരമുഖത്തു നിന്ന് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു പൊലീസ് വാഹനത്തിനു മുൻപിൽ നിലയുറപ്പിച്ച തൊഴിലാളികൾക്കു നേരെ പൊലീസും പട്ടാളവും ചേർന്നു വെടിയുതിർത്തു. വെടിവെയ്പ്പിൽ സെയ്ദ്, സെയ്ദാലി എന്നീ തൊഴിലാളികൾ മരണമടഞ്ഞു. കസ്റ്റഡിയിലായ അബുവിന്റെ വിവരം അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ പ്രവർത്തകൻ ആന്റണിയെ പോലീസ് മർദ്ദിക്കുകയും വൈകാതെ മരിക്കുകയും ചെയ്തു. സമരം ആരംഭിച്ച് 75-ആം ദിവസം സെപ്റ്റംബർ 15-നാണു ഈ സംഭവങ്ങൾ അരങ്ങേറിയത്[2]. ഇതേതുടർന്നു ചില വിട്ടുവീഴ്ചകൾക്കു തയ്യാറായ സ്റ്റീവ്ഡോറുമാർ ചാപ്പ എറിയുന്ന കങ്കാണിപ്പണി യൂണിയന്റെ നേതാക്കൾക്കു നൽകാൻ ഉപാധിവെച്ചു. ഇതിനാൽ ചില യൂണിയനുകൾ സമരത്തിൽനിന്നും പിന്മാറി. എന്നാൽ അബു, ജോർജ് ചടയംമുറി, പി. ഗംഗാധരൻ തുടങ്ങിയവർ ചാപ്പ സമ്പ്രദായം നിർത്തലാക്കണമെന്ന നിലപാടിൽതന്നെ ഉറച്ചു നിന്നു. ഇതേതുടർന്ന് ചാപ്പസമ്പ്രദായത്തിനു അല്പം ഇളവുവന്നു.

ഒൻപതു വർഷങ്ങൾക്കു ശേഷമാണു കൊച്ചി തുറമുഖത്തു നിന്നു ചാപ്പ അപ്രത്യക്ഷമായത്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ 1963-ൽ കൊച്ചി പോർട്ട് ലേബർ ബോർഡ് സ്ഥാപിതമായി. 12000 തൊഴിലാളികൾ ഈ ബോർഡിൽ രജിസ്റ്റർ ചെയ്തു. ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം സ്റ്റീവ്ഡോറമാർ ബോർഡിനെ അറിയിക്കുകയും ബോർഡ്, നിര വ്യവസ്ഥയിൽ തൊഴിലാളികളെ നൽകുകയും ചെയ്യുന്ന സമ്പ്രദായം ആരംഭിച്ചു. ഡോക്ക് ലേബർ ബോർഡ് പിന്നീട് കൊച്ചിൻ പോർട്ടിന്റെ ഭാഗമാക്കിയപ്പോൾ ബോർഡ് ലേബർ ഡിവിഷൻ എന്നാണ് അറിയപ്പെടുന്നത്.

  1. 'ചാപ്പ' മറഞ്ഞിട്ട് അൻപത് വർഷം, മനോരമ ദിനപത്രം, മെട്രോ മനോരമ, 2012 സെപ്റ്റംബർ 12, പേജ് 3.
  2. ചാപ്പ സമ്പ്രദായവും മട്ടാഞ്ചേരി വെടിവയ്പ്പും പരിചയപ്പെടുത്തി ചരിത്രപ്രദർശനം, ദേശാഭിമാനി ഓൺലൈൻ
"https://ml.wikipedia.org/w/index.php?title=ചാപ്പ&oldid=3088409" എന്ന താളിൽനിന്ന് ശേഖരിച്ചത്