ചന്ദ്രോത്സവം (മണിപ്രവാളം)

(ചന്ദ്രോൽസവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മണിപ്രവാള കൃതി. അജ്ഞാത കർതൃകമായ ഒരു കാവ്യം. സംസ്കൃത- മലയാള സമ്മിശ്രമായ ഭാഷയിൽ രചിക്കപ്പെട്ടിരിക്കുന്നു. മലയാള വിഭക്തികൾ ഘടിപ്പിച്ച സംസ്കൃതപദങ്ങളുടെ പ്രാചുര്യത്തിനുപുറമെ സംസ്കൃതത്തിലെ വിഭക്ത്യന്തനാമങ്ങൾ, ക്രിയാപദങ്ങൾ എന്നിവയുടെ പ്രയോഗവും ഈ ഭാഷാരീതിയിൽ കാണാം. ആദ്യകാല മണിപ്രവാളകൃതികൾ എന്നപോലെ ചന്ദ്രോത്‌സവവും സ്ത്രീസൗന്ദര്യത്തെ പ്രകീർത്തിക്കുന്ന കാവ്യമാണ്. ഇതിൽ മേദിനീ വെണ്ണിലാവ് എന്ന ഗണികയുടെ ജനനം, ബാല്യകൗമാരങ്ങൾ, സൗന്ദര്യാതിരേകം എന്നിവ ചിത്രീകരിച്ചതിനു ശേഷം അവൾ ചന്ദ്രദേവന്റെ പ്രീതിക്കായി രാജാക്കന്മാരെയും നാടുവാഴികളെയും ഉൾപ്പെടുത്തി നടത്തുന്ന ഉത്‌സവം (ദേവദാസികളുടെ സംഗമോൽസവം) വിശദമായി വർണിക്കുന്നു. ചന്ദോത്‌സവം ആകെക്കൂടി ഒരു ഹാസ്യകൃതിയാണെന്ന് കുട്ടികൃഷ്ണമാരാരെപ്പോലുള്ള ചില സാഹിത്യനിരൂപകർക്ക് അഭിപ്രായമുണ്ട് .

മലയാള ഭാഷയുടെ വികാസപരിണാമ ചരിത്രത്തിൽ അമൂല്യസ്ഥാനം നൽകിയിരിക്കുന്ന മണിപ്രവാള കൃതികളിൽ ഒന്നാണിത്. വലിപ്പത്തിൽ ഗണികസാഹിത്യത്തെയെല്ലാം അതിശയിപ്പിക്കുന്ന 569 ശ്ലോകങ്ങളുടെ സംഘാതമാണ് ചന്ദ്രോത്സവം. പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതിയാണിത്. യുവജനമുതുകെന്നും പൊന്മണിത്തണ്ടുമേറി വരുന്ന മണിപ്രവാളകൃതിയാണിതെന്ന് പറഞ്ഞുവരുന്നു. കവനോദയം മാസികയിലാണ് ചന്ദ്രോത്സവം ആദ്യമായി പ്രസിദ്ധീകരിച്ചത്.