ഖംഭാത് ഉൾക്കടൽ

(ഘാംബട്ട് ഉൾക്കടൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുൻപ് കാംബേ ഉൾക്കടൽ എന്ന് അറിയപ്പെട്ടിരുന്ന ഖംഭാത് ഉൾക്കടൽ ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് ഗുജറാത്ത് സംസ്ഥാനത്തിൽ അറബിക്കടലിലെ ഒരു ഉൾക്കടലാണ്. 80 മൈലോളം നീളമുള്ള ഇത് പടിഞ്ഞാറ് കത്തിയവാർ ഉപദ്വീപിനെയും കിഴക്ക് ഗുജറാത്ത് സംസ്ഥാനത്തിലെ മറ്റു ഭാഗങ്ങളേയും തമ്മിൽ വേർതിരിക്കുന്നു. നർമദ, തപ്തി എന്നീ നദികൾ ഈ ഉൾക്കടലിലേയ്ക്ക് ഒഴുകിച്ചേരുന്നു. അധികം ആഴമില്ലാത്ത ഈ ഉൾക്കടലിൽ ധാരാളം മണൽത്തിട്ടകളും മണൽഭിത്തികളും ഉണ്ട്. ഇവയിൽ നദീമുഖത്തുള്ള മൽ ബാങ്ക്, ഉൾക്കടൽ അറബിക്കടലിലേയ്ക്കു ചേരുന്നിടത്തുള്ള മലാക്ക മണൽത്തിട്ടകൾ, എന്നിവ ഉൾപ്പെടും. വളരെ ഉയർന്ന വേലിയേറ്റങ്ങൾക്ക് പ്രശസ്തമാണ് ഈ ഉൾക്കടൽ. വലിയ ഉയരത്തിലുള്ള ഈ വേലിയേറ്റങ്ങൾ അതിവേഗത്തിൽ തുറമുഖത്തിൽ എത്തുന്നു. വേലിയിറക്കത്തിന്റെ സമയത്ത് ഖംഭാത് പട്ടണത്തോട് ചേർന്നുള്ള കടലിന്റെ പല ഭാഗങ്ങളും ഏകദേശം ഉണങ്ങി കരകാണുന്നു.

വലതുവശത്ത്, ഖംഭാത് ഉൾക്കടൽ. നാസ ഭൌമ നിരീക്ഷണശാലയിൽ നിന്നുള്ള ചിത്രം

ഈ തുറമുഖത്തിലെ വളരെ ഉയർന്ന വേലിയേറ്റങ്ങൾ അലാങ്ങ് കപ്പൽ പുനരുപയോഗ ശാല ഉപയോഗപ്പെടുത്തുന്നു. മാസത്തിൽ രണ്ടുതവണ വരുന്ന ഉയർന്ന വേലിയേറ്റങ്ങളുടെ സമയത്ത് വലിയ കപ്പലുകൾ തുറമുഖത്തിൽ അടുപ്പിക്കുകയും, വേലിയേറ്റം ഇറങ്ങുമ്പോൾ കപ്പലുകൾ അഴിച്ചെടുക്കുകയും ചെയ്യുന്നു.

പുരാതന കാലം മുതൽക്കേ ഖംഭാത് ഉൾക്കടൽ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു; ഇന്ത്യൻ മഹാസമുദ്രത്തിലെ വാണിജ്യപാതകളുമായി ഇതിന്റെ തുറമുഖങ്ങൾ മദ്ധ്യ ഇന്ത്യയെ യോജിപ്പിച്ചു. ഭറൂച് (ബ്രോച്ച്), സൂറത്ത്, ഖംഭാത്, ഭാവ്നഗർ, ദമൻ എന്നിവ ചരിത്രപ്രാധാന്യമുള്ള തുറമുഖങ്ങളാണ്. ഭറൂച്ച് പുരാതന കാലം മുതൽക്കേ പ്രധാനമായിരുന്നു; ഖംഭാത് മദ്ധ്യ കാലഘട്ടങ്ങളിൽ ഉൾക്കടലിലെ പ്രധാന തുറമുഖമായിരുന്നു, എന്നാൽ ഇവിടെ മണ്ണ് കയറി അടിഞ്ഞതിനുശേഷം, സൂറത്ത്, മുഗൾ സാമ്രാജ്യത്തിലെ പ്രധാന തുറമുഖമായി.

2000-ൽ, ഇന്ത്യയുടെ അന്നത്തെ ശാസ്ത്ര, സാങ്കേതിക മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷി കാംബേ ഉൾക്കടലിൽ ഒരു പുരാതന നാഗരികതയുടെ അവശിഷ്ടങ്ങൾ നിലനിന്നിരുന്നു എന്നതിന്റെ തെളിവുകൾ, കടലിനടിയിൽ വലുതും സങ്കീർണ്ണവുമായ മനുഷ്യനിർമ്മിത നിർമ്മിതികളുടെ രൂപത്തിൽ നിലനിൽക്കുന്നു എന്ന് അവകാശപ്പെട്ടു.

22°10′01″N 72°25′19″E / 22.16694°N 72.42194°E / 22.16694; 72.42194

"https://ml.wikipedia.org/w/index.php?title=ഖംഭാത്_ഉൾക്കടൽ&oldid=2353624" എന്ന താളിൽനിന്ന് ശേഖരിച്ചത്