ഒരു ഇസ്രയേലി അദ്ധ്യാപികയും രാഷ്ട്രീയപ്രവർത്തകയുമായിരുന്നു ഗോൾഡാ മെയർ(മേയ് 3, 1898 – ഡിസംബർ 8, 1978). ഇസ്രയേലിന്റെ തൊഴിൽ മന്ത്രി, വിദേശകാര്യ മന്ത്രി എന്നീ പദവികൾക്കുശേഷം 1969 മാർച്ച് 17-ന്[1] ഇസ്രയേലിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റു. ഇസ്രയേൽ രാഷ്ട്രീയത്തിൽ അവർ 'ഉരുക്കുവനിത'[2] എന്നറിയപ്പെട്ടിരുന്നു.

ഗോൾഡാ മെയർ
Golda Meir 03265u.jpg
ഇസ്രയേൽ പ്രധാനമന്ത്രി
In office
മാർച്ച് 17, 1969 – ജൂൺ 3, 1974
ആഭ്യന്തരമന്ത്രി
In office
ജൂലൈ 16, 1970 – സെപ്റ്റംബർ 1, 1970
Personal details
Born
ഗോൾഡാ മാബോവിച്ച്

(1898-05-03)മേയ് 3, 1898
കിയേവ്, റഷ്യൻ സാമ്രാജ്യം
Diedഡിസംബർ 8, 1978(1978-12-08) (പ്രായം 80)
ജെറുസലേം, ഇസ്രയേൽ
Political partyഅലൈന്മെന്റ്
Spouse(s)മോറിസ് മെയെർസൺ
Children2
Alma materവിസ്കോൺസിൻ-മിൽവൗകീ യൂണിവേഴ്സിറ്റി
Professionഅധ്യാപനം, നയതന്ത്രം

1974-ൽ യോം കിപ്പുർ യുദ്ധത്തിനു ശേഷം അവർ പ്രധാനമന്ത്രിപദം രാജിവച്ചു. 1978-ൽ ലിംഫോമ ബാധിച്ച് മരണമടഞ്ഞു[3].

ആദ്യകാലജീവിതംതിരുത്തുക

ഇന്നത്തെ ഉക്രെയിനിൽ സ്ഥിതി ചെയ്യുന്ന കിയേവ് പട്ടണത്തിൽ മോഷെ മാബോവിച്ച്-ബ്ലൂം നെയ്ദിച്ച് ദമ്പതികളുടെ മകളായി 1898 മേയ് 3-ന് ജനിച്ചു. പിതാവ് 1903-ൽ തൊഴിലന്വേഷിച്ച് ന്യൂയോർക്ക് നഗരത്തിലേക്ക് തിരിച്ചു[4]. ഈ കാലത്ത് ഗോൾഡയും സഹോദരിമാരും പിൻസ്കിലുള്ള അമ്മയുടെ കുടുംബത്തോടൊത്ത് കഴിഞ്ഞു. 1905-ൽ വിസ്കോൺസിനിലെ മിൽവൗകീയിലെത്തിയ മോഷെ മാബോവിച്ച് സാമ്പത്തികമായി മെച്ചപ്പെടുകയും കുടുംബത്തെ അമേരിക്കയിലെത്തിക്കുകയും ചെയ്തു.

 
ഗോൾഡാ മെയർ, 1910

അവിടെ ഒരു പലചരക്കുകട നടത്തിയിരുന്ന മാതാവിനെ ഗോൾഡ എട്ടാം വയസ്സുമുതൽ കച്ചവടത്തിൽ സഹായിച്ചു പോന്നു. 1906-1912 കാലഘട്ടത്തിൽ അവിടെ ഫോർത്ത് സ്റ്റ്രീറ്റ് ഗ്രേഡ് സ്കൂളിൽ(ഇന്നത്തെ ഗോൾഡ മെയർ സ്കൂൾ) ഗോൾഡ പഠിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ നേതൃത്വപാടവം പ്രകടിപ്പിച്ചിരുന്ന ഗോൾഡ അമേരിക്കൻ യങ്ങ് സിസ്റ്റേഴ്സ് സൊസൈറ്റി സ്ഥാപിക്കുകയും സഹപാഠികൾക്ക് പാഠപുസ്തകങ്ങൾ വാങ്ങുന്നതിലേക്കായി ധനശേഖരണാർത്ഥം യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

 
ഗോൾഡാ മെയർ, മിൽവൗകീയിൽ,1914

14 വയസ്സുമുതൽ പഠനവും ജോലിയും ഒരുമിച്ചു ചെയ്തു. പഠനമുപേക്ഷിച്ച് വിവാഹം കഴിക്കുവാനുള്ള മാതാവിന്റെ പ്രേരണയിൽ പ്രതിഷേധിച്ച് ഗോൾഡ ഡെൻവറിൽ വിവാഹിതയായി കഴിഞ്ഞിരുന്ന സഹോദരി ഷെയ്ന കോൺഗോർഡിനരികിലെത്തി. അവിടെ സായാഹ്നങ്ങളിലെ സൗഹൃദക്കൂട്ടായ്മകളിലൂടെ സയണിസം, സാഹിത്യം, സ്ത്രീകളുടെ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ കൂടുതലായി അറിഞ്ഞു. തന്റെ പിൽക്കാലത്തെ കാഴ്ച്ചപ്പാടുകളെ ഡെൻവറിലെ ജീവിതം ആഴത്തിൽ സ്വാധീനിച്ചതായി അവർ ആത്മകഥയിൽ പ്രസ്താവിച്ചിട്ടുണ്ട്. പിൽക്കാലത്ത് തന്റെ ജീവിതപങ്കാളിയായ മോറിസ് മെയർസണെ പരിചയപ്പെട്ടതും ഡെൻവറിൽ വച്ചായിരുന്നു.

സോഷ്യലിസ്റ്റ്-സയണിസ്റ്റ് പ്രവർത്തനംതിരുത്തുക

1913-ൽ മിൽ‌വൗകീയിലേക്ക് മടങ്ങിയ ഗോൾഡാ 1915-ൽ നോർത്ത് ഡിവിഷൻ ഹൈസ്കൂളിൽ നിന്നും ബിരുദമെടുത്തു. ഇക്കാലത്ത് അവർ ലേബർ സയണിസ്റ്റ് യുവജന പ്രസ്ഥാനത്തിന്റെ(യങ്ങ് പോളേയ് സയോൺ) സജീവപ്രവർത്തകയായി പലസ്തീനിൽ നിന്നുള്ള സന്ദർശകരെ സ്വീകരിക്കുകയും പൊതുവേദികളിൽ പ്രസംഗിക്കുകയും ചെയ്തു. മിൽവൗകീ സ്റ്റേറ്റ് നോർമൽ സ്കൂളിൽ നിന്നും അദ്ധ്യാപകപരിശീലനം നേടി. തുടർന്ന് അവിടെ പബ്ലിക് സ്കൂളുകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു.

ഇസ്രയേലിൽതിരുത്തുക

1917-ൽ മോറിസ് മെയർസണെ വിവാഹം കഴിച്ചു. 1921-ൽ ഇരുവരും പലസ്തീനിലെത്തി ഒരു കിബ്ബുട്സിൽ ചേർന്നു. സഹോദരി ഷെയ്നയും ഒപ്പമുണ്ടായിരുന്നു. അവിടെ കാർഷികവൃത്തിയും പാചകവുമായി കഴിയവേ ഗോൾഡയുടെ നേതൃത്വഗുണങ്ങൾ തിരിച്ചറിഞ്ഞ കിബ്ബുട്സ് അവരെ തൊഴിലാളി സംഘടനയുടെ(ഹിസ്താദ്രുത്) പ്രതിനിധിയായി നിയോഗിച്ചു.

1924-ൽ അവർ ഭർത്താവുമൊത്ത് ടെൽ-അവീവിലും തുടർന്ന് ജെറുസലേമിലും എത്തി. അവിടെ വച്ച് 1924-ൽ ഒരു മകനും 1926-ൽ ഒരു മകളും ജനിച്ചു. 1928-ൽ വർക്കിംഗ് വിമൻസ് കൗൺസിലിന്റെ സെക്രട്ടറിയായി. ഈ പദവിയിലിരിക്കെ രണ്ടുവർഷം(1932-34) അമേരിക്കയിൽ എമിസറിയായി പ്രവർത്തിച്ചു. ഇക്കാലത്ത് മക്കൾ ഗോൾഡയോടൊത്ത് അമേരിക്കയിലെത്തിയെങ്കിലും മോറിസ് ജറുസലേമിൽ തുടർന്നു. നിയമപരമായി വേർപെട്ടില്ലെങ്കിലും അവർ അകലുകയായിരുന്നു. 1951- മോറിസ് മരിച്ചു.

1934-ൽ തിരികെ ഇസ്രയേലിലെത്തിയ മെയെർ ഹിസ്താദ്രുതിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ എത്തി. തുടർന്ന് സംഘടനയുടെ രാഷ്ട്രീയ വിഭാഗം മേധാവിയായി.1938-ൽ, നാസികളുടെ നരവേട്ടയിൽ നിന്നു പാലായനം ചെയ്യുന്ന ജൂത അഭയാർഥികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് വിളിച്ചുചേർത്ത ഈവിയാൻ കോൺഫ്രൻസിൽ ഗോൾഡാ മെയർ നിരീക്ഷകയായിരുന്നു. പങ്കെടുത്ത 32 രാജ്യങ്ങളും യൂറോപ്യൻ ജൂതരോട് സഹതാപം പ്രകടിപ്പിച്ചുവെങ്കിലും 31 രാജ്യങ്ങളും അവർക്കഭയം നൽകുവാൻ തയ്യാറായില്ല. ഒരു ലക്ഷം പേർക്ക് അഭയം നൽകാമെന്ന് ഡൊമിനിക്കൻ റിപ്പബ്ലിക് മാത്രം പ്രഖ്യാപിച്ചു. ഇതിൽ വേദനിച്ച ഗോൾഡാ മെയെർ "എന്റെ ജനങ്ങൾ സഹതാപം ആവശ്യമില്ലാത്തവരായി ജീവിക്കുന്നതു കാണുക എന്ന ഒരു പ്രതീക്ഷ മാത്രമേ മരണം വരെ എനിക്കുള്ളൂ എന്നു പ്രസ്താവിച്ചു.1949-ൽ ഇസ്രയേൽ പാർലിമെൻറായ നെസറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും തൊഴിൽ മന്ത്രിയാകുകയും ചെയ്തു.1956-ൽ വിദേശകാര്യ മന്ത്രിയായി.1969-1974 ൽ ഗോൾഡാ മെയർ ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി.1973- യോം കിപ്പൂർ യുദ്ധത്തിൽ ഇസ്രയേൽ വൻ വിജയം നേടിയെങ്കിലും ഇന്റലിജൻസിന്റെ പരാജയം മൂലമുണ്ടായ നാശ നഷ്ടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി പദം രാജിവച്ചു.1978 ഡിസംബറിൽ ക്യാൻസർ രോഗത്തെത്തുടർന്ന് ഗോൾഡാമെയർ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. Golda Meir becomes Israeli Prime Minister, ഹിസ്റ്ററി ടുഡേ
  2. എലിനോർ ബർക്കറ്റ് Golda Meir; The Iron Lady of the Middle East, ഗിബ്സൺ സ്ക്വയർ, ISBN 978-1-906142-13-1 p. 37.
  3. വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]." ജ്യൂയിഷ് ടെലിഗ്രാഫിക് ഏജൻസി 11 ഡിസംബർ 1978.
  4. "അമേരിക്കൻ റൂട്ട്സ്". Ajhs.org. ശേഖരിച്ചത് സെപ്റ്റംബർ 2, 2011.
"https://ml.wikipedia.org/w/index.php?title=ഗോൾഡാ_മെയർ&oldid=3653497" എന്ന താളിൽനിന്ന് ശേഖരിച്ചത്