പ്രശസ്തനായ ഒരു തെലുഗുകവി ആയിരുന്നു ഗുരസാദ വെങ്കട അപ്പാറാവു. 1861-ൽ വിജയനഗരത്തിൽ ജനിച്ചു. അവിടത്തെ നാടുവാഴിയായ ആനന്ദഗജപതിയുടെ ആസ്ഥാനകവിയായിരുന്നു. ഭാരതീയ കാവ്യമീമാംസയിലും പാശ്ചാത്യസാഹിത്യ സിദ്ധാന്തങ്ങളിലും അഗാധമായ ജ്ഞാനം നേടി. തെലുഗുകവിതയെ ക്ളാസിക്കൽ പാരമ്പര്യങ്ങളിൽനിന്ന് മോചിപ്പിച്ച് പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ അപ്പാറാവു മുൻകൈയെടുത്തു. ഇക്കാര്യത്തിൽ ഇദ്ദേഹത്തിന്റെ സമകാലികരായ ഗിഡുഗു വെങ്കട രാമമൂർത്തിയും രായപ്രോലു സുബ്ബറാവുവും പല സേവനങ്ങളും ചെയ്തിട്ടുണ്ട്. സാമാന്യജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ സാഹിത്യരചന ചെയ്തവരാണ് ഇവർ മൂവരും.

ഗുരസാദ അപ്പാറാവു
Gurajada Apparao
തൊഴിൽPlays
ദേശീയത ഇന്ത്യ
GenrePlays
ശ്രദ്ധേയമായ രചന(കൾ)കന്യാശുല്കം

ഭാരതത്തിന്റെ പൂർവകാല മഹത്ത്വത്തോട് അങ്ങേയറ്റത്തെ ആദരം ഉണ്ടായിരുന്നെങ്കിലും സങ്കുചിതമായ പ്രാദേശിക പക്ഷപാതങ്ങൾ സ്വന്തം ചിന്താഗതികൾക്ക് കടിഞ്ഞാണിടുന്നതിനെ അപ്പാറാവു ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ സുന്ദരമായ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നു എന്ന് വെറുതെ കുഴലൂതി നടക്കരുത്. രാജ്യമെന്നുവച്ചാൽ അതിലെ മണ്ണോ ചെളിയോ അല്ല; മാംസവും രക്തവുമുള്ള മനുഷ്യരാണ്' എന്ന് ഇദ്ദേഹം ദേശഭക്തി എന്ന കവിതയിൽ പറഞ്ഞിരിക്കുന്നു. പുട്ടായിബൊമ്മവൂർണമ്മ (സ്വർണപ്രതിമ) എന്ന കഥാകാവ്യമാണ് അപ്പാറാവുവിന്റെ ഏറ്റവും ഉത്കൃഷ്ടമായ കൃതി. ലവണരാജുകാല, കന്യക, മുത്യലശരമുലു, ഡാമൺപൈത്തിയാസ് എന്നീ കവിതകളും കന്യാശുല്കം എന്ന ഒരു നാടകവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. നീലഗിരിപാടുലു എന്നത് അപ്പാറാവുവിന്റെ ഒരു ഭാവഗീതസമാഹാരമാണ്. സാഹിതീയസങ്കല്പങ്ങളെയും സാമൂഹികിഷ്കരണത്വരയേയും 20-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആന്ധ്രദേശത്തിൽ പുതിയ അടിസ്ഥാനങ്ങളിൽ ഉറപ്പിക്കുന്നതിൽ സാരമായ സംഭാവന ചെയ്ത ഈ കവി 1915-ൽ നിര്യാതനായി.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പാറാവു, ഗുരുസാദ വെങ്കട എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.