ഉത്തർപ്രദേശിലെ ഫൈസാബാദിൽ 1985 വരെ താമസിച്ചിരുന്നതും നേതാജി സുഭാഷ് ചന്ദ്രബോസായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നതുമായ ഒരു അജ്ഞാത സന്യാസിയായിരുന്നു ഗുംനാമി ബാബ.[1] 1945 ആഗസ്റ്റ് 18ന് തായ്വാനിൽ നടന്ന വിമാനാപകടത്തിൽ സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടില്ല എന്നും ഗുംനാമി ബാബ എന്ന പേരിൽ ഉത്തർപ്രദേശിലെ ഫൈസാബാദിലും അയോദ്ധ്യയിലുമായി അവസാനത്തെ 10 വർഷക്കാലം (1985 വരെ) അദ്ദേഹം ജീവിച്ചിരുന്നുവെന്നും അനേകർ വിശ്വസിക്കുന്നു. 1985 ൽ ഗുംനാമി ബാബ മരണമടഞ്ഞതിനു ശേഷം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവളായിരുന്ന ലളിതാ ബോസും ഫൈസാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സുഭാഷ് ചന്ദ്രബോസ് വിചാർ മഞ്ചും ഇതിലെ നിഗൂഢതയുടെ ചുരുളഴിക്കുന്നതിനും അദ്ദേഹത്തിൻറെതായുള്ള വസ്തുവകകൾ സംരക്ഷിക്കുന്നതിനുമായി കോടതിയുടെ സഹായം അഭ്യർത്ഥിച്ചിരുന്നു.

ഗുംനാമി ബാബ
ഗുംനാമി ബാബ
ഫൈസാബാദിൽ സുഭാഷ് ചന്ദ്രബോസ് എന്ന് വിശ്വസിക്കപ്പെടുന്ന ഗുംനാമി ബാബയുടെ സ്മാരകം. ഇവിടെയാണ് ബാബയുടെ ശവദാഹം നടത്തപ്പെട്ടത്.
മരണം1985
ഫൈസാബാദ്, ഉത്തർപ്രദേശ്
ദേശീയതഇന്ത്യൻ

ഗുംനാമി ബാബയുടെ ജീവിതം വളരെയധികം രഹസ്യം നിറഞ്ഞതായിരുന്നു. അദ്ദേഹം അന്തരിച്ചതിനുശേഷം ഫൈസാബാദ് ജില്ലാ ട്രഷറിയിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ പെട്ടികളിൽ ഏതാനും കാലങ്ങൾക്കു മുമ്പു നടത്തിയ വിശദമായ പരിശോധനയിൽ നേതാജിയുടെ കുടുംബചിത്രങ്ങളും നേതാജി ഉപയോഗിച്ചതായ കരുതപ്പെടുന്ന ചില വസ്തുക്കളും കണ്ടെത്തിയതോടെ ഇതുസംബന്ധിച്ച നിഗൂഢതകൾ പൊതുശ്രദ്ധയിലെത്തിയിരുന്നു.[2] ഇക്കൂട്ടത്തിൽ നേതാജിയുടെ മാതാപിതാക്കളുടെ ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു. നേതാജിയുടെ സഹോദരൻറെ മകൾ ലളിത ബോസ് ഈ ഫോട്ടോകളിലുള്ള വ്യക്തികളെ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിൻറെ പെട്ടികൾ തുറന്നു നടത്തിയ വിശദമായ പരിശോധനയിൽ നേതാജിയുടേതിനു സമാനമായ വട്ടക്കണ്ണടയും വാച്ചും മാത്രമല്ല ഒരു ബ്രിട്ടിഷ് നിർമിത ടൈപ്‌റൈറ്റർ, രണ്ടാം ലോകമഹായുദ്ധകാലത്തു ജർമൻ സൈനികർ ഉപയോഗിച്ചിരുന്ന ഒരു ബൈനോക്കുലർ എന്നിവയും ബാബയുടെ പെട്ടിയിൽ നിന്നു കണ്ടെത്തിയിരുന്നു. അതുകൂടാതെ നേതാജി സംസാരിച്ചിരുന്ന വിദേശ ഭാഷകൾ ബാബക്കും അറിയാമായിരുന്നു. ബാബ ജീവിച്ചിരുന്ന കാലത്ത് നേതാജിയുടെ കുടുംബത്തിൽ നിന്നുള്ള ചിലർ അദ്ദേഹത്തെ ഇടയ്ക്കിടെ സന്ദർശിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിൻറെ ജന്മദിനത്തിൽ മുൻ ഐഎൻഎ ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന പബിത്ര മോഹൻ റോയി, സുനിൽകാന്ത് ഗുപ്ത എന്നിവർ ബാബയ്ക്ക് അയച്ച ടെലിഗ്രാമുകളും പെട്ടിയിൽനിന്നു കണ്ടെത്തിയ വസ്തുക്കളിൽ ഉൾപ്പെടുന്നു.


  1. "Was Gumnami Baba actually Netaji himself?".
  2. "8 Items From Gumnami Baba That Link Him To Netaji Subhash Chandra Bose".
"https://ml.wikipedia.org/w/index.php?title=ഗുംനാമി_ബാബ&oldid=3732690" എന്ന താളിൽനിന്ന് ശേഖരിച്ചത്