കേരളീയയായ ഒരു ഭരതനാട്യം നർത്തകിയും നൃത്ത അധ്യാപികയുമാണ് ഗിരിജ ചന്ദ്രൻ. 2011 ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുള്ള അവർ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ഐസിസിആർ) ഒരു എം-പാനൽഡ് ആർട്ടിസ്റ്റ് കൂടിയാണ്.

ഗിരിജ ചന്ദ്രൻ
ജനനം
ദേശീയതഇന്ത്യ
തൊഴിൽനർത്തകി, നൃത്ത അധ്യാപിക

ജീവിത രേഖ

തിരുത്തുക

സംസ്കൃത പണ്ഡിതനായ ആർ ശിവശങ്കരപിള്ളയുടെയും ശ്രീമതി മാലതി അമ്മാളിന്റെയും മകളായി 1951 ൽ ജനിച്ച ഗിരിജ വളരെ ചെറുപ്പത്തിൽ തന്നെ കലയിൽ താൽപര്യം കാണിക്കാൻ തുടങ്ങി.[1] പിതാവ് ആർ.എസ്. പിള്ളയാണ് ഗിരിജയിലെയും സഹോദരി ഗീതയിലെയും നർത്തകരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്.[2] കലയോടുള്ള സ്നേഹം വളർത്താൻ ഗ്രാമത്തിലും പരിസരത്തുമുള്ള വിവിധ നൃത്ത പരിപാടികൾക്ക് പിതാവ് അവരെ കൊണ്ടുപോകുമായിരുന്നു. കലാക്ഷേത്ര ഭാസ്കറിൽ നിന്ന് നാടോടി നൃത്തവും ഭരതനാട്യവും അഭ്യസിച്ചുകൊണ്ടാണ് അവർ നൃത്ത പഠനം തുടങ്ങുന്നത്.[3] കലാക്ഷേത്ര ഭാസ്കറിൽ നിന്ന് നൃത്തത്തിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിച്ച ശേഷം, ഗിരിജ ശുചീന്ദ്രം എം‌എം പിള്ളയുടെ കീഴിൽ ഭരതനാട്യത്തിൽ പരിശീലനം നേടി.[2] വിവാഹശേഷം, ഗിരിജ ചെന്നൈയിലേക്ക് പോയി അഡയാർ കെ. ലക്ഷ്മണനിൽ നിന്ന് ഭരതനാട്യം കൂടുതലായി പഠിച്ചു. പ്രശസ്ത നർത്തകരായ ധനഞ്ജയൻമാരുടെ കീഴിലും അവർ നൃത്തം പഠിച്ചിട്ടുണ്ട്.[2] ഭരതനാട്യത്തിനു പുറമേ, പ്രശസ്ത കുച്ചിപ്പുടി ഗുരു വെമ്പടി ചിന്ന സത്യത്തിന്റെ കീഴിൽ കുച്ചുപ്പുടിയിലും ഗിരിജ പരിശീലനം നേടി.[1] നെല്ലിയോട് വാസുദേവൻ നമ്പൂതിരിയാണ് അവരുടെ കഥകളി ഗുരു.[3]

ഗിരിജ ചന്ദ്രൻ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ മാസ്റ്റേഴ്സ് ഡിഗ്രി നേടിയിട്ടുണ്ട്.[3]

ശ്രദ്ധേയ നൃത്തങ്ങൾ

തിരുത്തുക

അയ്യപ്പ ചരിതം (2000), ആഞ്ജനേയ ചരിതം (2002), പൂക്കൾ (2004), പൊരുൾ (2005), കാനനം (2007), കടംകഥ (2008), മീനാക്ഷി കല്യാണം(2011), സപ്തസ്വരം (2012) എന്നിവ ഗിരിജ ചന്ദ്രന്റെ ശ്രദ്ധേയ നൃത്ത പ്രകടനങ്ങളാണ്.[3]

പുരസ്കാരങ്ങളും അംഗീകാരങ്ങളും

തിരുത്തുക
  • ഭരതനാട്യത്തിൽ 2011 ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം[4]
  • ഇന്ത്യയുടെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിൽ നിന്നും ‘ബാല ശ്രീ’ അവാർഡ്[1]
  • ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ഐസിസിആർ) ഒരു എം-പാനൽഡ് ആർട്ടിസ്റ്റ് കൂടിയാണ് അവർ[1]
  • ഓൾ കേരള ഡാൻസ് ടീച്ചേറ്‌സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കൂടിയാണ് ഗിരിജ ചന്ദ്രൻ[5]

റിഗാറ്റ

തിരുത്തുക

1972 ൽ ഗിരിജ ചന്ദ്രൻ തിരുവനന്തപുരത്ത് ആരംഭിച്ച റിഗാറ്റ കൾച്ചറൽ സൊസൈറ്റി തുടക്കത്തിൽ സാമൂഹ്യക്ഷേമ ബോർഡ് ഗ്രാന്റിന് കീഴിൽ സ്ത്രീ ശാക്തീകരണത്തിനുള്ള ഒരു സംഘടനയായിരുന്നു.[2] സൊസൈറ്റിക്ക് കീഴിലുള്ള റിഗാറ്റ ഡാൻസ് ആൻഡ് മ്യൂസിക് സ്കൂൾ ഇപ്പോൾ ഭരതനാട്യം, കുച്ചിപ്പുടി, ശാസ്ത്രീയ സംഗീതം തുടങ്ങിയ വിവിധ കലകളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു.[2] ഡാൻസ് സ്കൂളിൽ ഗിരിജയുടെ വിദ്യാർഥികളായിരുന്നവരിൽ പ്രശസ്ത നർത്തകികളായ മേതിൽ ദേവിക, ഗോപിക വർമ്മ, നീന പ്രസാദ് എന്നിവരുമുണ്ട്.[2] മോഹിനിയാട്ടത്തിലെ റിഗാറ്റയുടെ ബിരുദ, ബിരുദാനന്തര കോഴ്സുകൾ ഭാരതിദാസൻ സർവകലാശാല അംഗീകരിച്ചിട്ടുണ്ട്.[6]

  1. 1.0 1.1 1.2 1.3 "The silent warrior". Deccan Herald (in ഇംഗ്ലീഷ്). 23 ഫെബ്രുവരി 2020.
  2. 2.0 2.1 2.2 2.3 2.4 2.5 George, Liza (17 ഒക്ടോബർ 2012). "Born to teach". The Hindu (in Indian English).
  3. 3.0 3.1 3.2 3.3 Sankar, Dr Achuth; Sankar, Adithya (2021). VANCHIYOOR VIGNETTES: Local History of a Bygone Village (in ഇംഗ്ലീഷ്). Adithya Sankar. ISBN 978-93-5426-581-5.
  4. "നൃത്തം, അവാർഡുകൾ, കേരള സംഗീത നാടക അക്കാഡമി". www.keralaculture.org.
  5. "നൃത്ത സംഗീത അദ്ധ്യാപകരെ സർക്കാർ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു : നൃത്താധ്യാപിക റിഗാറ്റ ഗിരിജ ചന്ദ്രൻ - Media Mangalam". Dailyhunt (in ഇംഗ്ലീഷ്).
  6. "Training Centres of Kerala". www.keralatourism.org.
"https://ml.wikipedia.org/w/index.php?title=ഗിരിജ_ചന്ദ്രൻ&oldid=3671798" എന്ന താളിൽനിന്ന് ശേഖരിച്ചത്