ഗാസിയാബാദ് ഭവിഷ്യനിധി കുംഭകോണം

(ഗാസിയാബാദ് പ്രോവിഡന്റ് ഫണ്ട് തട്ടിപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ ഉത്തരപ്രദേശ് സംസ്ഥാനത്തെ ഗാസിയാബാദ് ജില്ലാക്കോടതിയിലെ മൂന്നും നാലും ശ്രേണികളിൽ പെട്ട ജീവനക്കാരുടെ ഭവിഷ്യനിധി നിക്ഷേപങ്ങളിൽ(Provident Fund Accounts) നിന്ന് 2000-ത്തിനും 2008-നും ഇടയ്ക്ക് വ്യാജരേഖകളുടെ ആശ്രയത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന ധനചോരണമാണ്‌ ഗാസിയാബാദ് ഭവിഷ്യനിധി കുംഭകോണം എന്നറിയപ്പെടുന്നത്. 658 ലക്ഷം രൂപയാണ്‌ ഈ തട്ടിപ്പിൽ ജീവനക്കാരുടെ ഭവിഷ്യനിധി നിക്ഷേപങ്ങളിൽ നിന്ന് ചോർത്തപ്പെട്ടതായി പറയപ്പെടുന്നത്. 2000-മാണ്ട് ഏപ്രിൽ മാസം തുടങ്ങി 2008 ഫെബ്രുവരി വരെയുള്ള കാലത്ത്, കോടതിയിലെ കീഴേക്കിട ജീവനക്കാരുടെ പേരിൽ ഭവിഷ്യനിധി നിക്ഷേപങ്ങളിൽ നിന്ന് കൊടുത്ത 792 ലക്ഷം രൂപയ്ക്കുള്ള 781 ട്രഷറി ചെക്കുകൾ പരിശോധിച്ച കേന്ദ്ര കുറ്റാന്വേഷണ വിഭാഗം അവയിൽ 658,67,892 രൂപയ്ക്കുള്ള 482 ചെക്കുകൾ വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ അനധികൃതമായി നൽകിയവയാണെന്ന് കണ്ടെത്തി.[1] കോടതിയിലെ ഖജനാവുദ്യോഗസ്ഥനായിരുന്ന അശുതോഷ് അസ്താനായാണ്‌ ഈ കുംഭകോണത്തിന്റെ മുഖ്യ ആസൂത്രകനായി ആരോപിക്കപ്പെട്ടിട്ടുള്ളത്. ജില്ലാക്കോടതിയിലെ ന്യായാധിപന്മാരിൽ ചിലരുടെ പങ്കാളിത്തത്തോടെയാണ്‌ ഈ തട്ടിപ്പ് നടന്നതെന്ന് ആരോപണമുണ്ട്. ആരോപണവിധേയരായ ന്യായാധിപന്മാരിൽ ഒരാൾ പിന്നീട് ഭാരതീയ സുപ്രീം കോടതിയിലും, എട്ടു പേർ അലഹബാദ് ഹൈക്കോടതിയിലും, ഓരോരുത്തർ വീതം ഉത്തരാഖണ്ഡ്, കൊൽക്കത്ത ഹൈക്കോടതികളിലും ന്യായാധിപന്മാരായി.


ഗാസിയാബാദ് ജില്ലക്കോടതിയിൽ, കേന്ദ്ര കുറ്റാന്വേഷണവിഭാഗത്തിന്റെ പ്രത്യേക ജഡ്ജിയും വിജിലൻസ് അധികാരിയുമായിരുന്ന രമാ ജെയിനിന്റെ അന്വേഷണത്തിലാണ്‌ ഈ തട്ടിപ്പ് ആദ്യമായി വെളിപ്പെട്ടത്. ഈ ആരോപണവുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റു ചെയ്യപ്പെട്ടത്, മുഖ്യ ആസൂത്രകനായി പറയപ്പെടുന്ന ഖജനാവുദ്യോഗസ്ഥൻ അശുതോഷ് അസ്താന ആണ്‌. 2009 ഒക്ടോബർ മാസത്തിൽ അയാൾ ഉത്തരപ്രദേശത്തെ ദാസ്നാ ജില്ലാ ജെയിലിൽ രഹസ്യമയമായ സാഹചര്യങ്ങളിൽ മൃതിയടഞ്ഞു. രോഗാവസ്ഥയിൽ ആല്ലായിരുന്ന അസ്താനയെ വിഷം കൊടുത്തു കൊല്ലുകയായിരുന്നെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.[2]

  1. "Ghaziabad PF Scam: 6.58 Crore Fraudulently Withdrawn", 2010 ജൂലൈ 18-ന്‌ Outlook india.com-ൽ വന്ന റിപ്പോർട്ട്[പ്രവർത്തിക്കാത്ത കണ്ണി]
  2. PF scam: Officer kept record of gift receipts signed by judges, 2010 ജൂലൈ 30-ആം തിയതിയിലെ ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിലെ വാർത്ത