ഗബ്രിയേൽ ടാർഡ്
ഫ്രഞ്ചു സാമൂഹികചിന്തകനും ക്രിമിനോളജിസ്റ്റുമാണ് ഗബ്രിയേൽ ടാർഡ്. 'സാമൂഹിക സമ്പർക്കം' എന്ന സിദ്ധാന്തത്തിന്റെ ആവിഷ്ക്കാരത്തിലൂടെ സാമൂഹികശാസ്ത്രരംഗത്ത് ശ്രദ്ധേയനായ വ്യക്തിയാണ് ടാർഡ്.
Gabriel Tarde | |
---|---|
ജനനം | 12 March 1843 Sarlat-la-Canéda, Dordogne, France |
മരണം | 13 May 1904 Paris, France |
ദേശീയത | French |
കലാലയം | University of Toulouse University of Paris |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | sociologist, criminologist and social psychologist |
സ്ഥാപനങ്ങൾ | Collège de France |
സ്വാധീനങ്ങൾ | Antoine Augustin Cournot, Gottfried Wilhelm Leibniz[1] |
സ്വാധീനിച്ചത് | Alexandre Lacassagne Eugen Lovinescu Bjorn Thomassen Paolo Virno Peter Sloterdijk Serge Moscovici Everett Rogers W. I. Thomas Florian Znaniecki Robert E. Park Sigmund Freud B. R. Ambedkar Bruno Latour |
ജീവിതരേഖ
തിരുത്തുക1843 മാർച്ച് 12-നു ഫ്രാൻസിലെ സലത്തിൽ ജനിച്ചു. ദോദോണിൽ മജിസ്ട്രേറ്റായി ഔദ്യോഗിക ജീവിതമാരംഭിച്ച ടാർഡ് 1893-ൽ മിനിസ്ട്രി ഒഫ് ജസ്റ്റീസിനു കീഴിലുള്ള ക്രിമിനൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയുടെ ഡയറക്ടറായി നിയമിതനായി. 1900 മുതൽ കോളജ് ദ് ഫ്രാൻസിൽ തത്ത്വചിന്താവകുപ്പ് പ്രൊഫസ്സറായി പ്രവർത്തിച്ചു.
വ്യക്തിയെ അടിസ്ഥാനഘടകമായി കാണുന്ന ഒരു രീതിശാസ്ത്രമാണ് ടാർഡ് അവലംബിച്ചത്. വ്യക്തികളുടെ വിശ്വാസങ്ങളും അഭിലാഷങ്ങളുമാണ് സാമൂഹിക ബന്ധങ്ങളെ നിർണയിക്കുന്നതെന്ന് ഇദ്ദേഹം സിദ്ധാന്തിക്കുന്നു. വ്യക്തികളെയും അവരുടെ മനോവ്യാപാരങ്ങളെയും അപഗ്രഥിക്കുന്നതിലൂടെ മാത്രമേ, സമൂഹത്തെ മനസ്സിലാക്കാനാവുകയുള്ളൂവെന്ന് ടാർഡ് വാദിച്ചു.
കണ്ടുപിടിത്തങ്ങളിലേക്കു നയിക്കുന്ന പ്രതിഭയാണ് സാമൂഹിക പുരോഗതിയുടെ ചാലകശക്തിയെന്നും നൂറിലൊരാൾ വീതം അത്തരം പ്രതിഭാശാലിയായിരിക്കുമെന്നും ടാർഡ് വിശ്വസിച്ചു. കണ്ടുപിടിത്തം, ആവർത്തനം, സംഘർഷം, അനുകൂലനം എന്നിവയുടെ ക്രമാനുഗതവികാസത്തെ വിശകലനം ചെയ്തുകൊണ്ട് സാമൂഹികവികാസപ്രക്രിയകളെ വിശദീകരിക്കാമെന്ന സിദ്ധാന്തം ടാർഡ് ആവിഷ്ക്കരിച്ചു. വൈയക്തിക പ്രതിഭകളുടെ വൈരുദ്ധ്യങ്ങൾ സംഘർഷങ്ങളിലേക്കും ഒടുവിൽ അനുകൂലനത്തിലേക്കും നയിക്കുമെന്ന് ഇദ്ദേഹം സമർഥിക്കുന്നു. വ്യക്തിയുടെ ഒരു സർഗാത്മകപ്രവൃത്തിയായിട്ടാണ് ടാർഡ് അനുകൂലനത്തെ വിശേഷിപ്പിക്കുന്നത്. അനുകൂലനം സാമൂഹിക പുരോഗതിയെ പ്രതിഫലിപ്പിക്കുന്നുവെന്നും ഇദ്ദേഹം വിശ്വസിച്ചു.
ദ് ലോസ് ഒഫ് ഇമിറ്റേഷൻ (The Laws of Imitation, 1890), സോഷ്യൽ ലോസ് (Social Laws, 1898) എന്നിവയാണ് ടാർഡിന്റെ മുഖ്യകൃതികൾ. മനുഷ്യന്റെ കുറ്റവാസനയേയും അതിനു നൽകേണ്ട ശിക്ഷയേയും കുറിച്ച് മൗലികമായ പല നിരീക്ഷണങ്ങളും ടാർഡ് നടത്തിയിട്ടുണ്ട്. കുറ്റവാളിയുടെ സ്വഭാവരൂപീകരണത്തിൽ പാരിസ്ഥിതികഘടകങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ ശ്രദ്ധേയങ്ങളാണ്. ഇദ്ദേഹത്തിന്റെ ആശയങ്ങൾ വിഖ്യാതസാമ്പത്തിക ശാസ്ത്രജ്ഞരായ ജോൺ ഹോബ്സനെയും തോർസ്തീൻ വെബ്ലനെയും വളരെയേറെ സ്വാധീനിച്ചിരുന്നു. 1904 മേയ് 13-ന് പാരിസിൽ നിര്യാതനായി.
അവലംബം
തിരുത്തുക- ↑ "It is in Leibniz that Tarde finds the main conditions for the metaphysics of possession.He sees in Monadology (1714) the beginning of a movement of dissolution of classical ontology (notably the identity of “being” and “simplicity”), which would, in a still implicit and unthinking form, find its most obvious confirmation in today’s science.The Dynamics of Possession: An Introduction to The Sociology of Gabriel Tarde" by Didier Debaise
- ^ Bruno Latour (2005). Reassembling the Social: An Introduction to Actor-Network-Theory (Oxford: Oxford University Press).
- ^ http://www.bartleby.com/65/ta/Tarde-Ga.html Archived 2009-01-31 at the Wayback Machine..
- ^ See also: Pietro Semeraro, Il sistema penale di Gabriel Tarde, Padova 1984.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Paper by Bruno Latour attempting to expand Tarde's insights Archived 2010-12-25 at the Wayback Machine.
- Downloadable versions of many of Tarde's works (in French)
- Bibliography of his works
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഗബ്രിയേൽ ടാർഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |