ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി
ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി (Khalid bin Mohammed Al Qasimi)(1931 - 25 ജനുവരി 1972) ഒരു എമിറാത്തി രാജകുടുംബാംഗവും രാഷ്ട്രീയക്കാരനും ഐക്യ അറബ് എമിറേറ്റ്സിൻ്റെ സ്ഥാപകന്മാരിൽ ഒരാളുമായിരുന്നു, 1965 മുതൽ 1972 ൽ കൊല്ലപ്പെടുന്നത് വരെ അദ്ദേഹം ഷാർജ എമിറേറ്റിൻ്റെ ഭരണാധികാരിയായി സേവനമനുഷ്ഠിച്ചു.
ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി | |
---|---|
24 June 1965 – 25 January 1972[1] | |
മുൻഗാമി | സഖ്ർ ബിൻ സുൽതാൻ അൽ ഖസിമി |
പിൻഗാമി | സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖസിമി |
രാജവംശം | അൽ ഖാസിമി |
പിതാവ് | മൊഹമ്മദ് ബിൻ സഖ്ർ ബിൻ ഘാലിദ് അൽ ഖാസിമി |
ജീവചരിത്രം
തിരുത്തുകഅതു വരെ ഷാർജ ഭരിച്ചിരുന്ന തൻ്റെ ബന്ധുവായ ഷെയ്ഖ് സഖർ ബിൻ സുൽത്താൻ അൽ ഖാസിമിയെ നാടുകടത്തിയതിനെ തുടർന്ന് ഷെയ്ഖ് ഖാലിദ് ഷാർജയുടെ ഭരണാധികാരിയായി. അദ്ദേഹത്തെ രാജകുടുംബത്തിൻ്റെ ഏകകണ്ഠമായ സമ്മതത്തോടെയാണ് ഷാർജയുടെ ഭരണാധികാരിയായി നിയമിച്ചത്. [2] ബഹ്‌റൈനിലെ ബ്രിട്ടീഷ് രാഷ്ട്രീയ റസിഡന്റ് ആയ വില്യം ലൂസ് 1965 ജൂൺ 25-ന് അദ്ദേഹത്തിൻ്റെ പദവി സ്ഥിരീകരിച്ചു.[3]
ശാന്തനും അധികം സംസാരിക്കാത്ത സ്വഭാവക്കാരനുമായ ഖാലിദ് ആദ്യം ഷാർജയിൽ ഒരു ഔപചാരിക പോലീസ് സേന സ്ഥാപിക്കുകയും 1971 ഡിസംബർ 2 ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ അടിത്തറയ്ക്ക് കാരണമായ ചർച്ചകളിലും കരാറുകളിലും പങ്കാളിയായി ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. അദ്ദേഹം ഷാർജ എമിറേറ്റിൻ്റെ പ്രതിനിധിയായി യൂണിയൻ രൂപീകരിക്കുന്നതിനുള്ള യോഗങ്ങളിൽ പങ്കെടുത്തു. 1971 ഡിസംബർ 2-ന് അദ്ദേഹം ഇടക്കാല ഭരണഘടനയിൽ ഒപ്പുവച്ചു, ഷാർജ യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ ഭാഗമായി, യൂണിയൻ സുപ്രീം കൗൺസിൽ അംഗമായി അദ്ദേഹം ചേർന്നു. യു.എ.ഇ സ്ഥാപിക്കുന്നതിന് മുമ്പ്, എമിറേറ്റ്സ് ഭരണാധികാരികളുടെ കൗൺസിൽ ഒന്നിന് അദ്ദേഹം അധ്യക്ഷനായിരുന്നു.
സഖറിൻ്റെ സ്മരണ ഇല്ലാതാക്കാനുള്ള ശ്രമത്തിൽ ഷാർജയിലെ കോട്ട അദ്ദേഹം പകുതിയോളം തകർത്തു. അദ്ദേഹത്തിൻ്റെ സഹോദരൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഈ ശ്രമം തടസ്സപ്പെടുത്തി, അദ്ദേഹം കെട്ടിടത്തിൻ്റെ നിരവധി ഭാഗങ്ങൾ സംരക്ഷിച്ചു. ചിത്രങ്ങളും മറ്റും വരക്കുകയും ചെയ്തു. വളരെ വൈകിയാണെങ്കിലും, പൊളിക്കൽ നിർത്താൻ അദ്ദേഹം തൻ്റെ സഹോദരനെ പ്രേരിപ്പിച്ചു. 'ബൂർജ്' എന്നും വിളിക്കപ്പെടുന്ന അൽ ഖുബ്‌സ് എന്ന ഒരൊറ്റ ഗോപുരം മാത്രമാണ് അന്ന് അവശേഷിച്ചത്. ഏകദേശം ഇരുപത് വർഷത്തിന് ശേഷം, ഷെയ്ഖ് സുൽത്താൻ കോട്ട പൂർണ്ണമായും അതിന്റെ പഴയ പ്രാതാപത്തിൽ പുനഃസ്ഥാപിച്ചു.
1972 ജനുവരി 24 ന്, ഈജിപ്തിലേക്ക് നാടുകടത്തപ്പെട്ട സഖർ ഷാർജയിലേക്ക് നിരവധി കൂലിപ്പടയാളികളോടൊപ്പം മടങ്ങി. ഒരു അട്ടിമറി ശ്രമം നടത്തി പഴയ അധികാരം ഖാലിദിൽ നിന്ന് പിടിച്ചെടുത്തു. ഏകദേശം 2.30 മണിയോടെ സംഘം റംല കൊട്ടാരം ആക്രമിച്ചു, കൊട്ടാരവളപ്പിനുള്ളിൽ വെടിവെപ്പും ഗ്രനേഡ് സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി രേഖപ്പെടുത്തിയിടുണ്ട്.
ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം അവിടെ എത്തിയ യൂണിയൻ ഡിഫൻസ് ഫോഴ്സ് ഈ ശ്രമത്തെ ഉപരോധിച്ചു, സഖർ ഒടുവിൽ ജനുവരി 25 ന് പുലർച്ചെ യുഎഇ പ്രതിരോധ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനു മുന്നിൽ കീഴടങ്ങി. അട്ടിമറി ശ്രമം പരാജയപ്പെട്ടു എങ്കിലും ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കൊലപാതകത്തിലേക്ക് അത്നയിച്ചു. [4] ഈ അട്ടിമറി ശ്രമം ഐക്യ എമിറേറ്റ്സിന്റെ സുപ്രീം കൗൺസിൽ നിരസിച്ചു. ആദ്യം നിരസിച്ചത് ദുബായ് എമിറേറ്റാണ്. റംല കൊട്ടാരത്തിലെ ഗൂഢാലോചനക്കാർ സ്വയം കീഴടങ്ങുകയും അവരെ വിചാരണ ചെയ്യുകയും ചെയ്തു. ഇതിനു ശേഷം, ഖാലിദിന്റെ ഇളയ സഹോദരൻ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ എമിറേറ്റിൻ്റെ ഭരണാധികാരിയായി നിയമിതനായി, അങ്ങനെ അദ്ദേഹം യൂണിയൻ സുപ്രീം കൗൺസിൽ അംഗമായി.[5]
മക്കൾ
തിരുത്തുക- ഷെയ്ഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസിമി (മുൻ യുവജന കായിക മന്ത്രി)
- ഷെയ്ഖ് മുഹമ്മദ് ബിൻ ഖാലിദ് അൽ ഖസിമി, ടേബിൾ ടെന്നീസ് ഫെഡറേഷൻ്റെ മുൻ തലവൻ (1996 ഏപ്രിലിൽ ഒരു മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു)
- ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് അൽ ഖാസിമി.
- ഷെയ്ഖ് അഹമ്മദ് ബിൻ ഖാലിദ് അൽ ഖാസിമി. (അട്ടിമറി സമയത്ത് പിതാവിനൊപ്പം മരിച്ചു)
റഫറൻസുകൾ
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;emirs
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ De Butts, Freddie (1995). Now the Dust has Settled. Tabb House. p. 192. ISBN 1873951132.
- ↑ Al Qasimi, Sultan bin Muhammad (2011). My Early Life. Bloomsbury. pp. 285–7. ISBN 9781408814208.
- ↑ Al Qasimi, Sultan bin Muhammad (2011). My Early Life. Bloomsbury. pp. 285–7. ISBN 9781408814208
- ↑ Omar's Journey Book - Ali Hashem from p. 119 - to p. 123 - May 1991 issue