കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദർ കമ്മറ്റി. ഡോ. എം. എ ഖാദർ ചെയർമാനും ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്. സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിക്കുതിന് ഭാരത സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ കമ്മിറ്റിയുടെ നിയമനം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയാണ് സമിതിയുടെ പ്രധാന ചുമതല.[1][2][3]

പ്രധാന ശുപാർശകൾ

തിരുത്തുക

2019 ജനുവരി 24 ന് ഖാദർ കമ്മീഷൻ കേരള സർക്കാരിന് റിപ്പോർട്ടിന്റെ ഒന്നാം ഭാഗം സമർപ്പിച്ചു.[4]

  • നിയന്ത്രണവും ഏകോപനവും സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിക്ഷിപ്തമാക്കണം
  • നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഒറ്റ ഡയറക്ടറേറ്റിന്റെ പരിധിയിൽ കൊണ്ടുവരണം
  • വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന് അധ്യാപകരെ പ്രൊഫഷണലുകളാക്കി മാറ്റണം. ഇതിൻറെ ഭാഗമായി അധ്യാപക യോഗ്യതകളെല്ലാം ഉയർത്തണം.
  • പ്രൈമറിതലത്തിൽ (ഒന്നു മുതൽ ഏഴു വരെ) ബിരുദം അടിസ്ഥാന യോഗ്യതയാകണം. കൂടാതെ ബിരുദ നിലവാരത്തിലുള്ള പ്രൊഫഷണൽ യോഗ്യതയും ആവശ്യമാണ്.
  • സെക്കന്ററിതലത്തിൽ ബിരുദാന്തര ബിരുദം അടിസ്ഥാന യോഗ്യതയായിരിക്കണം. പ്രൊഫഷണൽ യോഗ്യത ബിരുദ നിലവാരത്തിലുള്ളതാകണം.
  • പ്രീ-സ്കൂളിന് അധ്യാപക വിദ്യാഭ്യാസത്തിനുള്ള ദേശീയ സമിതി നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ അധ്യാപക യോഗ്യതയാക്കണം.
  • മൂന്നു വയസ്സു മുതൽ സ്കൂൾ പ്രവേശന പ്രായം വരെ കുട്ടികൾക്ക് പ്രീ-സ്കൂളിങ് സൗകര്യം ഒരുക്കണം. പ്രീ-സ്കൂളിങ്ങിന് ഏകോപിത സംവിധാനം വേണം.
  • അംഗീകാരമില്ലാത്ത പ്രീ-സ്കൂൾ അധ്യാപക പരിശീലന കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം.
  • പ്രീ-സ്കൂളിങ് നയവും നിയമവും രൂപീകരിക്കണം.
  • റവന്യൂ, ജില്ലാതല വിദ്യാഭ്യാസ ഓഫീസ് ഉണ്ടാകണം. ഇതിനായി ജോയൻറ് ഡയറക്ടർ ഓഫ് സ്കൂൾ എജൂക്കേഷൻ എന്ന തസ്തികയുണ്ടാക്കണം.
  • വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രവർത്തന ഘടകം സ്കൂളായിരിക്കും. ഒരു സ്കൂളിന് ഒരു സ്ഥാപന മേധാവി മാത്രമേ ഉണ്ടാകൂ.
  • നാഷണൽ സ്കിൽ ക്വാളിഫയിംഗ് ഫ്രെയിംവർക്കിന്റെ പശ്ചാത്തലത്തിൽ മുഴുവൻ വൊക്കേഷണൽ ഹയർസെക്കൻററി സ്കൂളുകളും സെക്കൻററി സ്കൂളുകളായി മാറ്റേണ്ടതാണ്.
  • സ്ഥാപന മേധാവികൾ പ്രിൻസിപ്പാൾ എന്ന പേരിൽ ആയിരിക്കണം. പ്രിൻസിപ്പാൾ (സെക്കൻററി), പ്രിൻസിപ്പാൾ (ലോവർ സെക്കൻററി), പ്രിൻസിപ്പാൾ (പ്രൈമറി), പ്രിൻസിപ്പാൾ (ലോവർ പ്രൈമറി) എന്നിങ്ങനെയായിരിക്കും പുനർനാമകരണം.
  • ഇപ്പോൾ പ്രഖ്യാപിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് വിദ്യാഭ്യാസ രംഗത്ത് കേരള എജൂക്കേഷൻ സർവ്വീസ് എന്ന നിലയിൽ വികസിപ്പിക്കണം.
  • അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുളള കുട്ടികൾക്ക് ശാസ്ത്രീയമായി കായിക പരിശീലനവും കലാ പരിശീലനവും നൽകണം.
  • സ്കൂൾ സമയം രാവിലെ 8.00 മണി മുതൽ ആക്കുക.

നടപ്പിലാക്കിയ നിർദ്ദേശങ്ങൾ

തിരുത്തുക
  1. പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്‌, ഹയർസെക്കൻഡറി ഡയറക്ടറേറ്റ്‌ വൊക്കേഷണൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ്‌ എന്നീ മൂന്ന്‌ ഡയറക്ടറേറ്റുകളേയും സംയോജിപ്പിച്ച്‌ ഡയറക്ടറേറ്റ്‌ ഓഫ്‌ ജനറൽ എഡ്യുക്കേഷൻ എന്ന പുതിയ പൊതുസംവിധാനം രൂപീകരിക്കുകയും ഡയറക്ടർ ഓഫ്‌ ജനറൽ എഡ്യക്കേഷൻ (ഡി.ജി.ഇ.) എന്ന അധികാരസ്ഥാനം സ്ഥാപിച്ച്‌ അതിൽ നിക്ഷിപ്പമാകുന്നതുമാണ്‌. ഡയറക്ടർ ഓഫ്‌ ജനറൽ എഡ്യൃക്കേഷൻ (ഡി.ജി.ഇ.) എന്നത്‌ ഐ.എ.എസ്‌. കേഡറിലുള്ള ഒരു കേഡർ തസ്തികയായിരിക്കും.[5]
  2. ബോർഡ്‌ ഓഫ്‌ പബ്ലിക്‌ എക്സാമിനേഷൻ, ബോർഡ്‌ ഓഫ്‌ ഹയർ സെക്കന്ററി എക്സാമിനേഷൻ, ബോർഡ്‌ ഓഫ്‌ വൊക്കേഷണൽ ഹയർസെക്കണ്ടറി എക്ണാമിനേഷൻ എന്നിവ നടത്തുന്ന പൊതു പരീക്ഷകൾ നടത്തുന്നതിനായി കമ്മീഷണർ ഫോർ ഗവൺമെൻ്റ് എക്സാമിനേഷൻ (പരീക്ഷ കമ്മീഷ്ണർ) ചുമതലപ്പെട്ടുത്തി. ഡയറക്ടർ ഓഫ്‌ ജനറൽ എഡ്യക്കേഷനെ (പൊതുവിദ്യാഭ്യാസ ഡയറക്ടർ) പരീക്ഷാ കമ്മീഷണറായി നിയമിച്ചു.
  3. സംയോജിത സംവിധാനത്തിലേക്ക്‌ മാറ്റപ്പെടുന്ന 1 മുതൽ 12 വരെയുള്ള സ്കൂളിന്റെ മേധാവി പ്രിൻസിപ്പൽ ആയിരിക്കും. ഇത്തരം സ്കൂളുകളുടെ പൊതുച്ചുമതലയും ഹയർസെക്കണ്ടറി വിഭാഗത്തിന്റെ അക്കാദമിക ചുമതലയും പ്രിൻസിപ്പലിനായിരിക്കും. ഇത്തരം സ്കൂളുകളിലെ നിലവിലുള്ള ഹൈസ്കൂൾ ഹെഡ്മാസ്റ്റർ തസ്തികയുടെ പേര്‌ ഹെഡ്മാസ്റ്റർ എന്നതിന്‌ പകരം വൈസ്‌ പ്രിൻസിപ്പൽ എന്ന്‌ പുനഃനാമകരണം ചെയ്തു. ഹയർസെക്കണ്ടറി വിഭാഗം ഇല്ലാത്ത സ്കൂളുകളിൽ നിലവിലുള്ള സംവിധാനം തൽസ്ഥിതിയിൽ തുടരുന്നതാണ്‌.
  4. നിലവിലുള്ള ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നീ സ്കൂൾതല സംവിധാനങ്ങൾ അതേപോലെ തുടരുന്നതാണ്‌. ഇവ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്ൻ്റെ അധികാര പരിധിയിൽ ആയിരിക്കും. നിലവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഭരണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫീസുകൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ, വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകൾ എന്നിവയും ഹയർസെക്കണ്ടറി ഡയറക്ടറേറ്റിന്റെ ഭരണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന റീജിയണൽ ഡെപ്പൂ്ടി ഡയറക്ടർ ഓഫീസുകളും വൊക്കേഷണൽ ഹയർസെക്കണ്ടറി ഡയറക്ടറേറ്റിന്റെ ഭരണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ്‌ ഡയറക്ടർ ഓഫീസുകളും തൽസ്ഥിതിയിൽ ഡയറക്ടർ ഓഫ്‌ ജനറൽ എഡ്യുക്കേഷന്റെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുന്നത്‌.

എതിർപ്പ്

തിരുത്തുക

കേരളത്തിലെ ഭൂരിഭാഗം ഹയർ സെക്കണ്ടറി അദ്ധ്യാപകരും ഖാദർ കമ്മറ്റി റിപ്പോർട്ടിനെ എതിർക്കുന്നു.

ഒളിവിൽ കഴിയുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട്

തിരുത്തുക

സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ഘടനാപരമായി ഏറ്റവും നിർണായക മാറ്റങ്ങൾക്കു വഴിതുറക്കുന്ന റിപ്പോർട്ടാണ് ഡോ.എം.എ.ഖാദർ കമ്മിറ്റിയുടേത്. അത്തരമൊരു റിപ്പോർട്ട് ഒരു ചർച്ചയും കൂടാതെ തുടർനടപടികളിലേക്കു കൊണ്ടുപോകുന്നത് പല സംശയങ്ങൾക്കും ഇടയാക്കുന്നു. സുതാര്യതയില്ലാതെയാണ് ഇതു സംബന്ധിച്ച സർക്കാർ നടപടികളെന്ന പരാതി ഗൗരവമുള്ളതാണ്.

വിദ്യാഭ്യാസ അവകാശ നിയമം (2009) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ചു പഠിക്കാൻ എസ്‌സിഇആർടി മുൻ ഡയറക്ടർ ഡോ.എം.എ.ഖാദർ അധ്യക്ഷനായി മുന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത് 2017 സെപ്റ്റംബറിലാണ്. മൂന്നു മാസമായിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. എന്നാൽ കാലാവധി നീട്ടിക്കൊണ്ടേയിരുന്നു. 2019 ജനുവരിയിലാണ് റിപ്പോർട്ടിന്റെ ഒന്നാം ഭാഗം സമർപ്പിച്ചത്. അതിലെ പല നിർദേശങ്ങളോടും കടുത്ത എതിർപ്പുയർന്നിരുന്നു. ഇവയെല്ലാം എങ്ങനെ നടപ്പാക്കുമെന്നതിൽ വ്യക്തത വരുത്തേണ്ടതും അക്കാദമിക കാര്യങ്ങളിലെ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കേണ്ടതും രണ്ടാം ഭാഗത്തിലാണ്. തൊട്ടാൽ പൊള്ളുന്ന ഈ കാര്യങ്ങളുടെ റിപ്പോർട്ട് അനിശ്ചിതമായി വൈകുകയും ചെയ്തു.

ഖാദർ കമ്മിറ്റി രണ്ടു വർഷം മുൻപ് സമർപ്പിച്ച രണ്ടാം ഭാഗ റിപ്പോർട്ട് ഇതുവരെ സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ല. പ്രാഥമിക റിപ്പോർട്ട് മാത്രമാണ് അഭിപ്രായ രൂപീകരണത്തിനും ചർച്ചകൾക്കുമായി പരസ്യപ്പെടുത്തിയത്. ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ രഹസ്യമാക്കാൻ ഒന്നുമില്ലെന്നും പരസ്യപ്പെടുത്തുമെന്നും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഒരു വർഷത്തിനിടെ പലതവണ പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്ന റിപ്പോർട്ടുകളും അതിൻ്റെ അടിസ്ഥാനത്തിലുള്ള കരടു ചട്ടങ്ങളും എങ്ങനെ നടപ്പാക്കുമെന്ന ചോദ്യമാണുയരുന്നത്.

അതിനിടെ, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും ഭേദഗതി ചെയ്യാനായി ഡ്രാഫ്റ്റിങ് കമ്മിറ്റിയെ നിയോഗിച്ചു കഴിഞ്ഞദിവസം ഉത്തരവിറങ്ങി. ഉള്ളടക്കം രഹസ്യമാക്കിവച്ച് ഏകപക്ഷീയമായി ശുപാർശകൾ നടപ്പാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നാണ് ആരോപണം. വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും നിർദേശങ്ങൾ സ്വീകരിച്ച് ജനാധിപത്യപരമായി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നുവെന്നു തുടക്കത്തിൽ അവകാശപ്പെട്ട സർക്കാർ, പുതിയതായി തയാറാക്കിയ പാഠപുസ്തകങ്ങളുടെ അന്തിമരൂപം പോലും നൽകാതെയാണു കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയിൽ അതിന് അംഗീകാരം നൽകിയതെന്നും പരാതിയുണ്ട്.

ഖാദർ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ജനാധിപത്യ സ്വഭാവമോ സുതാര്യതയോ ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. രഹസ്യാത്മകത നിലനിർത്താൻ ശ്രമിക്കുന്നത് ഘടനാപരമായ മാറ്റങ്ങളോട് എതിർപ്പുയരുമെന്ന സംശയം കൊണ്ടാണെന്ന വാദമുണ്ട്. അതെന്തായാലും, റിപ്പോർട്ട് പൊതുചർച്ചയ്ക്കു വച്ച്, എതിർവാദങ്ങൾ ഉണ്ടെങ്കിൽ അവ കണക്കിലെടുക്കുകയും മറുപടി പറയുകയും ചെയ്ത്, സുതാര്യമായും കഴിയുന്നത്ര അഭിപ്രായസമന്വയത്തോടെയും നടപ്പാക്കേണ്ട റിപ്പോർട്ടാണ് ഖാദർ കമ്മിറ്റിയുടേത്.


നമ്മുടെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും നിർണായക മാറ്റങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. മുൻപ് ഈ മേഖലയിലുണ്ടായ ഏറ്റവും വലിയ മാറ്റം കോളജുകളിൽനിന്നു പ്രീഡിഗ്രി വേർപെടുത്തി, സ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചതാണ്. അന്നു പക്ഷേ, പ്രൈമറി തലത്തിലോ സെക്കൻഡറി തലത്തിലോ ഒരു മാറ്റവും ഉണ്ടായില്ല. എന്നാൽ, ഇപ്പോഴിതാ ഹൈസ്കൂളും ഹയർസെക്കൻഡറിയും ചേർന്നു പുതിയ വിഭാഗം വരുന്നു, അധ്യാപക യോഗ്യതകളിൽ ഏറെ മാറ്റങ്ങളുണ്ടാകുന്നു, അധ്യാപകരുടെ പുനർവിന്യാസം വേണ്ടിവരുന്നു..

പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള നാലു തലങ്ങളിലുള്ള എല്ലാ അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും ബാധിക്കുന്ന മാറ്റം ഇങ്ങനെ രഹസ്യാത്മകമായും ചർച്ചകളില്ലാതെ ഏകാധിപത്യരീതിയിലുമല്ല നടപ്പാക്കേണ്ടത്. ഇക്കാര്യത്തിൽ അധ്യാപകരെയും പൊതുസമൂഹത്തെയും വിശ്വാസത്തിലെടുത്തുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.

ഖാദർ കമ്മിറ്റി റിപ്പോർട്ട്: ഒരു പേജിന്റെ ഡിടിപി ചെലവ് 1671 രൂപ !

തിരുത്തുക

സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം പഠിക്കാൻ നിയോഗിക്കപ്പെട്ട ഡോ.എം.എ.ഖാദർ കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിന്റെ ഡിടിപി ചെലവ് (ടൈപ് ചെയ്‌ത്‌, പേജ് സെറ്റ് ചെയ്യുന്നതിനുള്ള ചെലവ്) നാലു ലക്ഷത്തിലേറെ രൂപ. നിയമസഭാ ചോദ്യത്തിന് മന്ത്രി വി. ശിവൻകുട്ടി നൽകിയ ഉത്തരത്തിൽ 4,17,789 രൂപ ഡിടിപി ചെലവ് അനുവദിച്ചതായി വ്യക്‌തമാക്കുന്നു. 125 പേജുള്ള ഒന്നാം ഭാഗത്തിൻ്റെയും പുറത്തുവിടാത്ത രണ്ടാം ഭാഗത്തിന്റെയും ഡിടിപി ചെലവാണ് ഇത്രയും തുക. രണ്ടു ഭാഗവും കുടി 250 പേജെന്ന് കണക്കുകുട്ടിയാൽ ഒരു പേജിന് സർക്കാർ നൽകിയത് 1671 രൂപ!. പ്രിൻ്റിങ്ങിന് 72,461 രൂപയും പരിഭാഷയ്ക്ക് 18,000 രൂപയും വേറെയും അനുവദിച്ചു.

ഉച്ചഭക്ഷണം കൊടുക്കാൻ ഒരു കുട്ടിക്ക് ദിവസം വെറും എട്ടു രൂപ അനുവദിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഒരു പേജ് പ്രിൻ്റെടുക്കാൻ ഇത്രയും തുക നൽകിയത് ധൂർത്താണെന്ന് ആക്ഷേപം ഉയർന്നു.

മൂന്നംഗ ഖാദർ കമ്മിറ്റിക്കായി സർക്കാർ ആകെ ചെലവഴിച്ചത് 14,16,814 രൂപയാണ്. സിറ്റിങ്ങുകളുടെ എണ്ണം സംബന്ധിച്ച് മൂന്ന് അംഗങ്ങളും മൂന്നു കണക്കാണു നൽകിയിരിക്കുന്നത്. ചെയർമാനായ ഡോ. എം.എ.ഖാദർ ഒരു സിറ്റിങ്ങിന് 2000 രൂപ തോതിൽ 69 സിറ്റിങ്ങിന് 1.38 ലക്ഷം രൂപയും 67,508 രൂപ യാത്രാബത്തയും കൈപ്പറ്റി. ഡോ.സി.രാമകൃഷ്‌ണൻ 76 സിറ്റിങ്ങിന് 1.52 ലക്ഷം രൂപയും 16,838 രൂപ യാത്രാബത്തയും കൈപ്പറ്റി. ജി. ജ്യോതിചുഡൻ 70 സിറ്റിങ്ങിന് 1.40 ലക്ഷം രൂപ കൈപ്പറ്റി. യാത്രാബത്ത വാങ്ങിയിട്ടില്ല. ഇതിനു പുറമേ ടാക്സ‌സി കുലിയായി കമ്മിറ്റി 1,21,690 രൂപ കൈപ്പറ്റിയിട്ടുണ്ട്.

റിപ്പോർട്ടിന്റെ രണ്ടാം ഭാഗം സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് അടിസ്‌ഥാനമാക്കി കെഇആറിൽ ഭേദഗതി വരുത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. തുടർനടപടികൾക്കായി ഡോ.സി.രാമകൃഷ്‌ണനെയും ജ്യോതിചൂഡനെയും നിയോഗിച്ചിട്ടുണ്ട്. യാത്രാബത്ത ഉൾപ്പെടെ ഈ ഇനത്തിൽ 4,92,290 ലക്ഷം രൂപ സർക്കാർ ചെലവഴിച്ചു കഴിഞ്ഞു.

  1. "Teachers slam unification move". Deccanchronicle. 2018-04-26. Retrieved 2019-01-24.[പ്രവർത്തിക്കാത്ത കണ്ണി]
  2. [https://english.mathrubhumi.com/news/kerala/state-to-integrate-secondary-higher-secondary-education-kerala--1.2911356%7CState[പ്രവർത്തിക്കാത്ത കണ്ണി] to integrate secondary-higher secondary education._mathrubhumi
  3. [1] Archived 2019-01-29 at the Wayback Machine.|Government Plans Unified School Education Directorate
  4. [2]|Committee Report_part1.
  5. "സർക്കാർ ഉത്തരവ്: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച്".
"https://ml.wikipedia.org/w/index.php?title=ഖാദർ_കമ്മറ്റി&oldid=4107075" എന്ന താളിൽനിന്ന് ശേഖരിച്ചത്