ഖാദി മുഹമ്മദ്

കോഴിക്കോട് ഖാസി

കോഴിക്കോട് ഖാസിമാരിൽ ഏറ്റവും പ്രശസ്തനാണ് 16 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഖാസി മുഹമ്മദ് എന്ന ഖാദി മുഹമ്മദ് ഇബ്‌നു അബ്ദുൽ അസീസ്'[1] സാമൂതിരിയുടെ ഭരണകേന്ദ്രമായ കോഴിക്കോട്ട് മുസ്ലിംകളുടെ ഖാസി (ന്യായാധിപൻ) ആയിരുന്ന ഇദ്ദേഹം. ഹിജ്റ 980 ൽ ജനിച്ചു എന്നു കരുതപ്പെടുന്നു.മണ്മറഞ്ഞത് ഹിജ്റ1025 റബീഉൽ അവ്വൽ 15 ബുധനാഴ്ചയാണ് (1616 ഏപ്രിൽ 1). സൂഫി ഗുരു , ഖാസി (ന്യായാധിപൻ ) കർമ്മ ശാസ്ത്ര അദ്ധ്യാപകൻ, മുദരിസ് (മതാധ്യാപകൻ ), എഴുത്തുകാരൻ[2], കവി എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ് ഖാദി മുഹമ്മദ് . ഇദ്ദേഹമാണ് ഭക്തി കാവ്യമായ മുഹ്‌യദ്ദീൻ മാല രചിച്ചത്[2]

ജീവചരിത്രം

തിരുത്തുക

സാമൂതിരി രാജവംശത്തിന്റെ കീഴിലെ കോഴിക്കോട് ഖാസി വംശ പാരമ്പരയിലായിരുന്നു ഖാദി മുഹമ്മദിന്റെ ജനനം. കേരളത്തിൽ മതപ്രചാരണത്തിനു വന്ന മാലിക് ബിൻ ഹബീബ്, ഹബീബ് ബിൻ മാലിക് എന്നിവരുടെ പിന്മുറക്കാരാണ് ചാലിയം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഖാസിമാർ. ഇവർ പിന്നീട് ആസ്ഥാനം കോഴിക്കോട്ടേക്കു മാറുകയായിരുന്നു. ഖാസി പരമ്പരയിലെ പ്രസിദ്ധനും സൈനുദ്ധീൻ ഒന്നാമന്റെ ആത്മീയ - കർമ്മ ശാസ്ത്ര ഗുരുവുമായിരുന്ന അബൂബക്കർ ശാലിയാത്തി ഖാദി മുഹമ്മദിന്റെ പിതാമഹനും, ഖാദി അബ്ദുൽ അസീസ് പിതാവുമാണ് . സൂഫികളിലെ പ്രസിദ്ധനായ ഖാസി മുഹിയിദ്ധീൻ മകനാണ്.

മത രംഗത്തെന്ന പോലെ സാഹിത്യ സാമൂഹിക രംഗങ്ങളിലും ഖാദി മുഹമ്മദ് സംഭാവനകൾ അർപ്പിച്ചിട്ടുണ്ട് . പോർച്ചുഗീസുകാർക്കെതിരായ ചാലിയം യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട് . ഖാദിരിയ്യ സൂഫി സരണിയിലെ ഗുരുവായിരുന്ന ഖാസി മുഹമ്മദ് വൈദേശിക ആധിപത്യനെതിരെ ശക്തമായി നിലക്കൊള്ളുകയും, പൊരുതുകയും ചെയ്ത പോരാളിയായിരുന്നു. സാമൂതിരിയുടെ കപ്പൽ പട തലവൻ കുഞ്ഞാലി മരയ്ക്കാർ മൂന്നാമനും നാലാമനും ഇദ്ദേഹത്തിന്റെ ആത്മീയ ശിഷ്യന്മാരായിരുന്നു .

ഖാദി മുഹമ്മദിന്റെ രചനകളിൽ ഏറെ പ്രസിദ്ധമായ കൃതിയാണ് മുഹ്യുദ്ദീൻ മാല , തന്റെ സൂഫി ഗുരുവും ബാഗ്‌ദാദിലെ സൂഫി സന്യാസിയും പ്രശസ്തപണ്ഡിതനുമായ ശൈഖ് മുഹ്യുദ്ദീൻ അബ്ദുൽഖാദിർ ജീലാനിയുടെ അപദാനങ്ങൾ വാഴ്ത്തി ജീവചരിത്രവസ്തുതകളും, അത്ഭുതകഥകളും കൂട്ടിച്ചേർത്തു അദ്ദേഹം അറബി മലയാളത്തിൽ രചിച്ച ഭക്തികാവ്യമാണു മുഹ്‌യദ്ദീൻ മാല. കേരളക്കരയിൽ കണ്ടെടുക്കപ്പെട്ടതിൽ ഏറ്റവും പഴക്കമുള്ള ഭക്തി കാവ്യമാണിതെന്ന് വിശ്വസിക്കപ്പെടുന്നു[അവലംബം ആവശ്യമാണ്]. 1607 ആണ് ഇതിന്റെ രചനാകാലം. എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതുന്നതിനു തൊട്ടു ശേഷമുള്ള കാ‍ലഘട്ടമാണിത്. അൽ ഫത്ഹുൽ മുബീൻ എന്ന പോർച്ചുഗീസുകാർക്കെതിരായ അറബി മഹാകാവ്യവും [3], പോർച്ചുഗീസുകാർക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്ന ഖുതുബകളുടെ സമാഹാരമായ അൽ ഖുതുബതുൽ ജിഹാദിയ്യ തുടങ്ങിയ അറബി രചനകളും പ്രസിദ്ധമാണ്. ലണ്ടനിലെ ഇന്ത്യാ ഓഫീസ് ലൈബ്രറിയിൽ ഫത്ഹുൽമുബീന്റെ കൈയെഴുത്തു പ്രതി സൂക്ഷിച്ചിട്ടുണ്ട് .

ചരിത്രം, ഗണിതം, വ്യാകരണം ആത്മീയം, തത്ത്വചിന്ത, കർമ്മ ശാസ്ത്രം, ജ്യോതിശാസ്ത്രം, സാഹിത്യ ശാസ്ത്രം, പ്രകീർത്തന കാവ്യങ്ങൾ എന്നിവയിലെല്ലാം കൂടി ഏകദേശം അഞ്ഞൂറിൽ പരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഒന്നിലധികം ഭാഷകളെ തൻറെ കാവ്യരചനകളിൽ ഉൾപ്പെടുത്തി എന്നതും ഖാദിമുഹമ്മദിൻറെ രചന സവിശേഷതയാണ്[അവലംബം ആവശ്യമാണ്].

  1. പ്രഫ.മങ്കട അബ്ദുൽ അസീസ് മൗലവി-പുസ്തകം-ഫത്ഹുൽ മുബീൻ പരിഭാഷ
  2. 2.0 2.1 P Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 3. Archived from the original (PDF) on 2020-07-26. Retrieved 1 ഡിസംബർ 2019.
  3. ഇ.എം സക്കീർ ഹുസൈൻ-പുസ്തകം-സാമൂതിരിക്കുവേണ്ടി ഒരു സമരാഹ്വാനം-ഖാദി മുഹമ്മദ്
"https://ml.wikipedia.org/w/index.php?title=ഖാദി_മുഹമ്മദ്&oldid=3995298" എന്ന താളിൽനിന്ന് ശേഖരിച്ചത്