ഖസാക്കിന്റെ ഇതിഹാസം (നാടകം)
തൃക്കരിപ്പൂർ കുതിരപ്പന്തിമഠത്തിൽ കുഞ്ഞമ്പു കലാസമിതിയുടെ നേതൃത്വത്തിൽ , ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ ആസ്പദമാക്കി , ദീപൻ ശിവരാമൻ സംവിധാനം ചെയ്ത, [1]നാടകമാണ് ഖസാക്കിന്റെ ഇതിഹാസം(നാടകം).
കെ.എം.കെ. കലാസമിതി
തിരുത്തുകസ്വാതന്ത്ര്യസമര സേനാനിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന കുതിരപ്പന്തിമഠത്തിൽ കുഞ്ഞമ്പുവിന്റെ നാമധേയത്തിൽ 1951-ൽ തൃക്കരിപ്പൂരിൽ തുടങ്ങിയ കലാസമിതിയാണ് കെ.എം.കെ കലാസമിതി. കലാസമിതി ഇതുവരെയായി എഴുപതോളം നാടകങ്ങൾ രംഗത്തെത്തിച്ചിട്ടുണ്ട്. തന്റെ മുപ്പത്തിയൊന്നാം വയസ്സിൽ വസൂരി പിടിപെട്ടാണ് സ്വാതന്ത്ര്യസമര സേനാനിയായ കുഞ്ഞമ്പു മരിച്ചത്. 2012-ൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി കുതിരപ്പന്തിമഠത്തിൽ കുഞ്ഞമ്പു എന്ന നാടകം കെ.എം.കെ. കലാസമിതി ചെയ്യുകയുണ്ടായി. [2] ഖസാക്കിന്റെ ഇതിഹാസം നാടകത്തിൽ 23 കഥാപാത്രങ്ങൾ ഉണ്ട്. 2015-ലാണ് നോവൽ നാടകമാക്കാൻ കലാസമിതി തീരുമാനിക്കുന്നത്. 2015 സെപ്തംബർ 13-നാണ് തൃക്കരിപ്പൂർ അമ്പലമൈതാനിയിൽ നാടകത്തിന്റെ ആദ്യത്തെ അവതരണം നടന്നത്. പിന്നീട് കൊടുങ്ങല്ലൂർ ,ബാംഗ്ലൂർ, കോഴിക്കോട്, വടകര, മുംബൈ, തിരുവനന്തപുരം, ജയ്പൂർ എന്നിവിടങ്ങളിലും പ്രദർശിപ്പിച്ചു. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനു സമീപമുള്ള കെട്ടിടത്തിലാണ് കലാസമിതി ഓഫീസ് പ്രവർത്തിക്കുന്നത്.
നാടക പിന്നാമ്പുറം
തിരുത്തുകവളരെ പണ്ട് ഒരു പൂർണ ചന്ദ്ര നാളിൽ ആയിരത്തൊന്ന് കുതിരകളുടെ പട ഖസാക്കിലേക്ക് വന്നിരുന്നു. മുത്തുനബിയുടേയും, ബദരീങ്ങളുടേയും, ഉടയവനായ സയ്യദ് മിയാൻ ഷെയ്ക്കും തങ്ങന്മാരുമായിരുന്നു അവർ. അവരുടെ പിൻഗാമികളാണ് തസ്രാക്കുകാർ എന്നറിയപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നാടകത്തിന്റെ തുടക്കം. അനുയോജ്യമായ വെളിച്ചത്തിന്റെ ഉപയോഗവും, ദൃശ്യാവിഷ്കാരങ്ങളും, നാടകത്തിലേക്ക് പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ഒരു നോവൽ നാടകമായി പരിണമിപ്പിക്കുന്നതിന്റെ എല്ലാ പ്രയാസങ്ങളും, നേരിട്ടാണ് കെ.എം.കെ കലാസമിതി നാടകം പൂർത്തിയാക്കിയിരിക്കുന്നത്. 2015 ഏപ്രിലിലാണ് നാടകത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത്. ജൂൺ ഏഴിന് നാടകക്യാമ്പ് ആരംഭിച്ചു. അമ്പതുപേരടങ്ങുന്ന കലാകാരന്മാരുടെ സംഘത്തെയാണ് നാടകാവതരണത്തിനായി തിരഞ്ഞെടുത്തത്. സാധാരണയായി ഹാളിലോ ഓഡിറ്റോറിയങ്ങളിലോ ആയി നടക്കുന്ന റിഹേഴ്സൽ ക്യാമ്പ് തുറന്ന ഒരിടത്താണ് നടത്തിയത്. അതിനായി ഒരു വലിയ പറമ്പ് അവർ കണ്ടെത്തി. അവിടെ ഒരു വലിയ ടെന്റ് കെട്ടുകയും ചെയ്തു. മഴക്കാലമായിരുന്നതിനാൽ അതിന്റേതായ മുൻകരുതലുകളും. ക്യാമ്പിന്റെ ഉദ്ഘാടനം സാഹിത്യ നിരൂപകൻ ഇ.പി.രാജഗോപാലൻ നിർവഹിച്ചു. [3] [4]
കൃത്യമായി ഷെഡ്യൂൾ ചെയ്ത മൂന്ന് മാസമായിരുന്നു റിഹേഴ്സൽ ക്യാമ്പ്. കലാകാരന്മാർ മാത്രമല്ല, ഒരു നാടുമുഴുവൻ തന്നെ സഹായത്തിനായെത്തിയിരുന്നു. ആറു ലക്ഷം രൂപയായിരുന്നു നാടകത്തിന്റെ ആകെ ചെലവായി കണക്കാക്കിയിരുന്നത്. പക്ഷെ അവസാനമായപ്പോഴേക്കും, ബഡ്ജറ്റിൽ ഒതുങ്ങാതെയായി. അവതരണത്തിലുടനീളം ഉപയോഗിച്ച ചൂട്ടുകളായിരുന്നു നാടകത്തിന്റെ പ്രത്യേകത. റിഹേഴ്സൽ ക്യാമ്പിലും ധാരാളമായി ചൂട്ട് ആവശ്യമായി വന്നു. ഓരോ ദിവസവും, നൂറ് ചൂട്ടുകൾ, അഞ്ച് കലങ്ങൾ എന്നിവ ആവശ്യമായി വന്നു. ഇതിനൊക്കെ മുൻകൈ എടുത്തത് സമീപപ്രദേശങ്ങളിലെ സ്ത്രീകളായിരുന്നു. നാടകക്യാമ്പിലെ കലാകാരന്മാർ മറ്റു തൊഴിലുകളും ഉള്ളവരായിരുന്നു. അതെല്ലാം മാറ്റിവച്ചാണ് അവർ നാടകറിഹേഴ്സൽ പൂർത്തിയാക്കിയത്.[5]
അവലംബം
തിരുത്തുക- ↑ Lal, Amrith (17 April 2016). "It Takes a Village". Indian Express. Retrieved 22 July 2016.
- ↑ തസ്രാക്ക് ഫെസ്റ്റിവൽ പതിപ്പ് |പാലക്കാട് | 2017-ഖസാക്ക് പലത് | കുതിരപ്പന്തിമഠത്തിൽ കുഞ്ഞമ്പു കലാസമിതി ഖസാക്കിനെ അവതരിപ്പിച്ച വിതം, എഴുതിയത് ബൈജൂ വിളയൂർ, പേജ് നമ്പർ 3
- ↑ തസ്രാക്ക് ഫെസ്റ്റിവൽ പതിപ്പ്| പാലക്കാട്| 2017-ഖസാക്ക് പലത്| കുതിരപ്പന്തിമഠത്തിൽ കുഞ്ഞമ്പു കലാസമിതി ഖസാക്കിനെ അവതരിപ്പിച്ച വിതം| എഴുതിയത് ബൈജൂ വിളയൂർ, പേജ് നമ്പർ 9
- ↑ തസ്രാക്ക് ഫെസ്റ്റിവൽ പതിപ്പ്| പാലക്കാട്| 2017-ഖസാക്ക് പലത്| കുതിരപ്പന്തിമഠത്തിൽ കുഞ്ഞമ്പു കലാസമിതി ഖസാക്കിനെ അവതരിപ്പിച്ച വിതം| എഴുതിയത് ബൈജൂ വിളയൂർ| പേജ് നമ്പർ 10
- ↑ തസ്രാക്ക് ഫെസ്റ്റിവൽ പതിപ്പ്| പാലക്കാട്, 2017-ഖസാക്ക് പലത്| കുതിരപ്പന്തിമഠത്തിൽ കുഞ്ഞമ്പു കലാസമിതി ഖസാക്കിനെ അവതരിപ്പിച്ച വിതം| എഴുതിയത് ബൈജൂ വിളയൂർ| പേജ് നമ്പർ 10