കേരളത്തിലെ ഒരു താളവാദ്യ കലാകാരനാണ് കൽപ്പാത്തി ബാലകൃഷ്ണൻ. പാലക്കാട് ജില്ലയിലെ കൽപ്പാത്തി എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ചെണ്ടയിൽ വൈദഗ്ധ്യം നേടിയ ഇദ്ദേഹം തായമ്പക, പഞ്ചാരി, പഞ്ചവാദ്യം എന്നീ മേളങ്ങളിൽ പങ്കെടുത്തുവരുന്നു. 2009-ലെ മികച്ച തായമ്പക കലാകാരനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. [1][2]

കൽപ്പാത്തി ബാലകൃഷ്ണൻ
ജനനം
സജീവ കാലം1990 – തുടരുന്നു

2019-ൽ വാദ്യകലാകാരൻമാരെ അണി നിരത്തി ഡോ. സത്യനാരായണൻ ഉണ്ണി സംവിധാനം ചെയ്ത ഒരു ദേശവിശേഷം എന്ന ചിത്രത്തിൽ ഒരു പ്രമുഖ വേഷത്തിൽ അഭിനയിച്ചു[3].

ആദ്യകാലജീവിതം

തിരുത്തുക

അടുത്ത ബന്ധുവായിരുന്ന കാരേക്കാട്ട്പറമ്പ് അപ്പു നായരാണ് ബാലകൃഷ്ണനെ ചെണ്ടയുടെ ലോകത്തേക്ക് എത്തിച്ചത്. അദ്ദേഹമായിരുന്നു ആദ്യ ഗുരു. വാദ്യകലയിലെ അതീവതാല്പര്യം മനസ്സിലാക്കിയ അമ്മയും അമ്മാവനും ചേർന്ന് ബാലകൃഷ്ണനെ മാങ്കുറിശ്ശി അപ്പമാരാരുടെ ശിക്ഷണത്തിലാക്കി. ഒമ്പതാം വയസ്സിലായിരുന്നു ബാലകൃഷ്ണന്റെ അരങ്ങേറ്റം. കല്ലേക്കുളങ്ങര അച്യുതൻ കുട്ടി മാരാരോടൊത്തുള്ള പ്രകടനങ്ങൾ ബാലകൃഷ്ണന്റെ വാദ്യകലാരംഗത്തെ മുന്നേറ്റത്തിന് സഹായകമായി. കഷ്ടിച്ച് 12 വയസ്സുള്ളപ്പോൾ, പാലക്കാട് കൂനത്തറയ്ക്കടുത്തുള്ള ആര്യങ്കാവ് ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാൻ സംഘാടകർ അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി. അവിടെ വച്ച് ഈ ബാലന്റെ കഴിവ് തിരിച്ചറിഞ്ഞ തൃത്താല കേശവപ്പൊതുവാൾ സ്വമേധയാ ബാലകൃഷ്ണന് പിന്തുണയുമായി അകമ്പടി വായിക്കുകയുണ്ടായി[4]

വലം കൈ കൊണ്ടും ഇടം കൈ കൊണ്ടും ഒരുപോലെ ഇത്ര മികവോടെ ചെണ്ട വായിക്കുന്ന മറ്റൊരാൾ ഇല്ലെന്ന് വിലയിരുത്തപ്പെടുന്നു.[5] ചെണ്ടക്കോൽ ഇരു കൈകളിലും മാറിപ്പിടിച്ച് ദ്രുതകാലത്തിൽ വായിക്കുന്ന ഒരു ശൈലി ഇദ്ദേഹം ശ്രദ്ധേയമായി അനുവർത്തിച്ചു പോരുന്നു. ശീലം കൊണ്ട് ഇടം കൈയ്യൻ ആയ ബാലകൃഷ്ണൻ ആദ്യകാലങ്ങളിൽ ഇടംകൈ കൊണ്ടാണ് ചെണ്ട വായിച്ചിരുന്നത്. പിൽക്കാലത്ത് അത് ബോധപൂർവ്വം മാറ്റുകയും തായമ്പകക്ക് വലംകൈ ശീലമാക്കുകയും ചെയ്തു.

പരിശീലനം നേടിയത് ചെണ്ടയിൽ മാത്രമാണെങ്കിലും പഞ്ചവാദ്യത്തിൽ തിമിലയിലും കൽപ്പാത്തി ബാലകൃഷ്ണൻ തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്. അപൂർവ്വമായെങ്കിലും മദ്ദളവും വായിച്ചിട്ടുണ്ട്.

പുരസ്ക്കാരങ്ങൾ

തിരുത്തുക

കേരള സംഗീതനാടക അക്കാദമി പുരസ്കാരം (തായമ്പക) - 2009 [1]

  1. 1.0 1.1 "Kerala Sangeetha Nataka Akademi Award: Keraleeya Vadyangal". Department of Cultural Affairs, Government of Kerala. Retrieved 26 February 2023.
  2. "The Hindu : Arts / Music : Unrivalled artistry". The Hindu. Archived from the original on 2012-10-25. Retrieved 2011-06-15.
  3. ഒരു ദേശവിശേഷം - M3DB.com
  4. അൺറാവെൽഡ് ആർട്ടിസ്റ്റ്രി, ദി ഹിന്ദു
  5. ഔട്ട്‌ലുക്ക് ഇന്ത്യ, 28 സെപ്റ്റംബർ 2017
"https://ml.wikipedia.org/w/index.php?title=കൽപ്പാത്തി_ബാലകൃഷ്ണൻ&oldid=4005259" എന്ന താളിൽനിന്ന് ശേഖരിച്ചത്