കർണ്ണഭൂഷണം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച ഒരു ഖണ്ഡകാവ്യമാണ് 'കർണ്ണഭൂഷണം'’. മഹാഭാരതത്തിലെ ഉജ്വല കഥാപാത്രമായ കർണ്ണന്റെ മഹത്വമാണ് ഉള്ളൂർ ഈ കാവ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.കൊല്ലവർഷം 1104-ൽ ആണ് കർണഭൂഷണം പ്രസിദ്ധികരിച്ചത്. കർണ്ണഭൂഷണത്തിലെ പ്രതിപാദ്യം ഇതാണ്:മഹാഭാരതയുദ്ധം നടന്നു കൊണ്ടിരിക്കുന്ന കാലം. കർണ്ണൻ കൗരവപക്ഷത്ത് നിന്നുകൊണ്ട് പാണ്ഡവസേനക്കെതിരെ ശക്തിയായി പടപൊരുതി കൊണ്ടിരിക്കുകയാണ്. അക്കാലത്ത് ഒരു ദിവസം സൂര്യഭഗവാൻ ബ്രാഹ്മണ വേഷം ധരിച്ച് പുത്രന്റെ മുന്നിൽ എത്തി. പിതാവായ സൂര്യദേവനാണ് തന്റെ മുന്നിലെത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാതെ, കർണ്ണൻ തന്റെ മുന്നിലെത്തിയ ബ്രാഹ്മണനോട്, അങ്ങേക്ക് എന്താ ആഗ്രഹം ഉണ്ടെങ്കിലും കല്പിക്കൂ, കർണ്ണൻ അത് സാധിച്ചു തരുന്നതാണ് എന്ന് പറഞ്ഞു. ഈ ഘട്ടത്തിൽ, സ്വന്തം പുത്രനായ അർജുനന്റെ വിജയത്തിനു വേണ്ടി ദേവേന്ദ്രൻ കർണ്ണനെ സമീപിച്ച് വിലപ്പെട്ട കവച കുണ്ഡലങ്ങൾ ആവശ്യപ്പെടുമെന്നും,എന്നാൽ സ്വരക്ഷയെ കരുതി അത് നൽകരുതെന്നും സൂര്യ ഭഗവാൻ പുത്രനെ ഉപദേശിച്ചു.എന്നാൽ മഹാ മനസ്കനും ദാനശീലനുമായ കർണ്ണന് ആ ഉപദേശം സ്വീകാര്യമായിരുന്നില്ല. ദേവേന്ദ്രൻ വന്ന ആവശ്യപ്പെടുകയാണെങ്കിൽ, യാതൊരു മടിയും കൂടാതെ താൻ കുണ്ഡലം ദാനം ചെയ്യുമെന്ന് പുത്രൻ വിനീതനായി പിതാവിനെ അറിയിച്ചു. പുത്രന്റെ മഹത്തായ, ദാനശീലത്തെ സൂര്യ ഭഗവാൻ ഇപ്രകാരം വാഴ്ത്തുന്നു:
നിൻ കീർത്തി പൊങ്ങുക; നിൻ പേർ വിളങ്ങുക
നിൻ വിഘ്നം വെൽക നിൻ ദാനധർമ്മം
ഇക്കർണം കൈവിടും കുണ്ഡലം ലോകത്തിൻ
നൽക്കർണ്ണഭൂഷണ്ണമായ് വിളങ്ങും.
പ്രചോദനം
തിരുത്തുകകർണ്ണഭൂഷണത്തിന്റെ മുഖവുരയിൽ ഉള്ളൂർ തന്നെ പരാമർശിക്കുന്നതു പ്രകാരം, ബംഗാളി സാഹിത്യത്തിലെ അക്കാലത്തെ പുതിയ പ്രവണതയ്ക്കു സമാന്തരമായി അദ്ദേഹം രചിച്ച കാവ്യപരീക്ഷണമായിരുന്നു കർണ്ണഭൂഷണം. പുരാണങ്ങളിലും മറ്റും താരതമ്യേന ദുഷ്ടസ്വഭാവമുള്ളവരെന്നു് ജനങ്ങളാൽ കരുതപ്പെട്ടുവരുന്ന കഥാപാത്രങ്ങളുടെ നല്ല വശങ്ങളും അവരുടെ വീക്ഷണകോണിൽനിന്നുള്ള കഥാഗതിയും പ്രമേയമാക്കുന്ന ഈ ശൈലി പിന്നീട് ഭാരതീയസാഹിത്യത്തിൽ ധാരാളം എഴുത്തുകാർ ഉപയോഗിച്ചുവന്നിട്ടുണ്ടു്.
ആയിടെ പ്രസിദ്ധീകരിച്ചിരുന്ന ഉണ്ണിനമ്പൂരി എന്ന മാസികയിൽ അദ്ദേഹത്തിന്റെ രചനയായ ‘അന്നും ഇന്നും‘ എന്ന ലഘുകൃതി വായിക്കാനിട വന്ന ആസ്വാദകരാണു് അദ്ദേഹത്തിന് ഇത്തരമൊരു കാവ്യം എഴുതാൻ പ്രചോദനം നൽകിയതു്. പുരാണപുരുഷന്മാരിൽ ഒരാളുടെ ഒരപദാനത്തെയെങ്കിലും വിവരിക്കുന്ന ഒരു കാവ്യം രചിക്കണമെന്നു് അവർ അദ്ദേഹത്തോടു് ആവശ്യപ്പെട്ടിരുന്നുവത്രേ.
“കർണ്ണഭൂഷണത്തിന്റെ” മുഖവുരയിൽനിന്നും:
- "'അന്നും ഇന്നും' എന്ന എന്റെ ഒരു ചെറിയ ഭാഷാ കൃതി 'ഉണ്ണിനമ്പൂരി' മാസികയിൽ ഞാൻ ആദ്യമായി പ്രസിദ്ധപ്പെടുത്തിയപ്പോൾ അതു വായിച്ച ചില സാഹിത്യരസികന്മാർ ആ കൃതിയിൽ സൂചിപ്പിക്കുക മാത്രം ചെയ്തിട്ടുള്ള പുരാണപുരുഷന്മാരിൽ ഒരു മഹാത്മാവിന്റെ ഒരപദാനത്തെയെങ്കിലും സാമാന്യമായി പ്രപഞ്ചനം ചെയ്ത് ഒരു കവിത നിർമ്മിച്ചു കണ്ടാൽ കൊള്ളാമെന്ന് എന്നോട് അപേക്ഷിക്കുകയുണ്ടായി. അവരുടെ ആകാംക്ഷയെ പൂരിപ്പിക്കുന്നതിനു വേണ്ടിയാകുന്നു കല്യാണകൃത്തായ കർണ്ണന്റെ കവചകുണ്ഡലദാനോദ്യമത്തെ വിഷയീകരിച്ചുള്ള "കർണ്ണഭൂഷണം" എന്ന ഈ ഖണ്ഡകാവ്യം ഞാൻ രചിക്കുവാൻ ഒരുമ്പെട്ടത്. വിശ്വവിദിതമായ ഒരു പുരാവൃത്തത്തിന്റെ ഉദ്ദേശരഹിതമായ ഏതോ പുനരാഖ്യാനം മാത്രമാണ് ഈ കൃതി എന്നു നാമശ്രവണത്തിൽ തോന്നുമെങ്കിലും വാസ്തവം അങ്ങനെയല്ലെന്നുള്ളതു വായനക്കാർക്കു വേഗത്തിൽ മനസ്സിലാക്കുവാൻ കഴിയും. ഇത്തരത്തിലുള്ള ഒരു പ്രസ്ഥാനം വങ്ഗസാഹിത്യത്തിലും മറ്റും ഇപ്പോൾ ലബ്ധപ്രതിഷ്ഠമാണ്. പരമപാവനിയായ കൈരളീദേവിയുടെ പാദപത്മങ്ങളിൽ ഭക്തിപുരസ്സരം സമർപ്പിക്കുന്ന ഈ കവനകുസുമത്തെപ്പറ്റി എനിക്ക് ഇതിലധികമായി ഒന്നും ഉപക്രമണികാരൂപത്തിൽ പ്രസ്താവിക്കേണ്ടതില്ല. ഭാരതീയരുടെ പ്രാക്തനങ്ങളായ പരമാദർശങ്ങൾ ജയിക്കട്ടെ; ഭഗവാൻവേദവ്യാസ മഹർഷിയുടെ ഭാരതീവിലാസത്തിനു വീണ്ടും വീണ്ടും നമസ്കാരം, വന്ദേമാതരം.
ഘടന
തിരുത്തുകമുപ്പതു് ലഘുഖണ്ഡങ്ങളായി 908 വരികളാണു് കർണ്ണഭൂഷണത്തിന്റെ ഉള്ളടക്കം. അർജ്ജുനപിതാവായ ഇന്ദ്രൻ കവചകുണ്ഡലങ്ങൾ ദാനം ചെയ്യാൻ അഭ്യർത്ഥിച്ച് കർണ്ണനെ വന്നു കാണുന്ന രംഗത്തോടെയാണു് കവിത ആരംഭിക്കുന്നതു്. തുടർന്നുള്ള സംഭാഷണങ്ങളും അതോടൊപ്പമുള്ള കർണ്ണന്റെ മനോവ്യാപാരങ്ങളുമാണു് കവിതയിലെ പ്രമേയം.