കോൽത്താഴ്: പ്രധാനമായും ക്ഷേത്ര ശ്രീകോവിൽ, പൂജാമുറി തുടങ്ങിയവ പൂട്ടുവാനായിട്ടാണ് കോൽത്താഴ് ഉപയോഗിക്കുന്നത്. പണ്ടുകാലങ്ങളിൽ കൂടുതൽ അടച്ചുറപ്പ് ആവശ്യമുള്ള മുറികൾക്കാണ് ഇത്തരം താഴിട്ട് പൂട്ടാറുണ്ടായിരുന്നത്. സാധാരണ ഓടിലാണ് ഇത് നിർമ്മിക്കുന്നത്. രൂപത്തിൽ വാദ്യോപകരണമായ തിമിലയുടെ ആകൃതിയാണ് കോൽത്താഴിനുള്ളത്.

കോൽത്താഴ്

പ്രധാനമായും രണ്ടുഭാഗമാണ് താഴിനുള്ളത്. കോൽ എന്ന് വിളിക്കുന്ന താക്കോൽ ഇട്ട് തള്ളി തുറക്കുമ്പോൾ ത്രികോണാകൃതിയിൽ പുറത്തേക്ക് തുറന്നുവരുന്ന ഒരു ഭാഗവും, അടുത്തത് തിമിലാകൃതിയുള്ള രണ്ടാമത്തെ ഭാഗവുമാണ്. കോൽത്താഴിട്ടു പൂട്ടുന്ന അവസരത്തിൽ ത്രികോണാകൃതിയിലുള്ള താഴിന്റെ ഈ ഭാഗം വലിപ്പം കുറഞ്ഞ് ഉള്ളിൽകടക്കുകയും അതിനുശേഷം വികസിക്കുകയും താഴ് പൂട്ടുകയും ചെയ്യുന്നു. തുറക്കാൻ ഉപയോഗിക്കുന്ന കോൽ താഴിനുള്ളിൽ ഇടുമ്പോൾ ഈ ത്രികോണാകൃതിയിലുള്ള താഴിന്റെ ഭാഗം വലിപ്പം കുറയുകയും, കോൽതാക്കോലിട്ട് ബലമായി അകത്തേക്ക് തള്ളുമ്പോൾ താഴ് പുറത്തേക്ക് തുറന്നുവരികയും ചെയ്യുന്നു. എല്ലാ കോൽ താക്കോലുകളും കണ്ടാൽ ഒരുപോലെ ഇരിക്കുമെങ്കിലും, ഒരു താക്കോൽ ഒരു താഴിനുമാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു. അത്രയ്ക്കു വിചിത്രവും പ്രത്യേകതയും ഉള്ളതായിരുന്നു ഇതിന്റെ നിർമ്മാണം.


പുരാതനകാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഈ താഴ്, പുതിയ താഴിന്റെ ആവിർഭാവത്തോടെ ഇന്ന് അന്യം നിന്നുപോയിരിക്കുന്നു. എങ്കിലും ഇന്നും പല പുരാതന ക്ഷേത്രങ്ങളുടേയും, പഴയ തറവാടിന്റേയും പൂജാമുറികളും മറ്റും ഇതിട്ട് പൂട്ടാറുണ്ട്.

"https://ml.wikipedia.org/w/index.php?title=കോൽത്താഴ്&oldid=2282078" എന്ന താളിൽനിന്ന് ശേഖരിച്ചത്