കോട്ടയ്ക്കകം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കോട്ടയ്ക്കകം. തിരുവിതാംകൂർ രാജഭരണകാലത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റും വിവിധങ്ങളായ കോട്ടകൾ സൃഷ്ടിക്കുകയുണ്ടായി. അതിനുള്ളിൽ വരുന്ന ഈ പ്രദേശം മതിലകം എന്നും അറിയപ്പെടുന്നു. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ ശ്രീ അനിഴംതിരുനാൾ മാർത്താണ്ഡവർമ ടിപ്പുസുൽത്താന്റെ ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന് ശ്രീപത്മനാഭസ്വാമിക്ഷേത്ര പ്രദേശങ്ങൾക്ക് ചുറ്റും കരിങ്കൽകോട്ടകൾ കെട്ടുകയുണ്ടായി. എന്നാൽ എല്ലാ ചുറ്റിലും കരിങ്കൽകോട്ടകൾ കെട്ടാൻ സമയം തികയില്ലെന്ന് കണ്ടപ്പോൾ ചിലയിടങ്ങളിൽ മൺ കോട്ട കെട്ടിപ്പൊക്കി. 1747ൽ മാർത്താണ്ഡവർമ്മ നിർമ്മാണമാരംഭിച്ച കോട്ട 1787ൽ കാർത്തിക തിരുനാളിന്റെ കാലത്ത് പൂർത്തിയായി. 1320 അടി നീളവും 15 അടി ഉയരമുള്ള കോട്ട വാസ്തുവിദഗ്ദ്ധൻ വിഷ്ണു നമ്പൂതിരിയുടെ പദ്ധതിപ്രകാരം നിർമ്മിക്കപ്പെട്ടതാണ്. കിഴക്കേകോട്ട, തെക്കേക്കോട്ട, പടിഞ്ഞാറേകോട്ട, പഴവങ്ങാടി കോട്ട, വിറകുപുരകോട്ട ,അഴിക്കോട്ട, വെട്ടിമുറിച്ചകോട്ട, പുന്നപുരം കോട്ട, ശ്രീകണ്ഠേശ്വരം കോട്ട എന്നീ ഒമ്പത് കോട്ടയ്ക്കുള്ളിലെ പ്രദേശമാണ് കോട്ടക്കകം എന്നുപറയുന്നത്.