കൂടാളി ഗ്രാമപഞ്ചായത്തിലെ 7, 8 വാർഡുകളിലായാണ് കൊടോളിപ്രം സ്ഥിതി ചെയ്യുന്നത്. കൊടോളിപ്രം എന്ന് പൊതുവായി പറയാറുണ്ടെങ്കിലും നിരവധി മൂലകൾ ചേർന്നതാണ് കൊടോളപ്രം. കവിടിശ്ശേരി, പടുവ, തന്നക്കൽ, ആമേരി, പാലക്കീൽ, പാളാട്, വരുവക്കുണ്ട്, ഇല്ലത്തുംതാഴെ, ... തുടങ്ങിയ മൂലകളോടൊപ്പം ഗ്രാമത്തിന്റെ ഹൃദയഭാഗമായ കൊടോളിപ്രവും ചേർന്ന പ്രദേശമാണ് കൊടോളിപ്രം എന്ന് പൊതുവായി വിളിക്കപ്പെടുന്നത്.

എല്ലാ ഭാഗത്തും കുന്നുകൾ അതിരിടുന്ന, സമുദ്രനിരപ്പിൽ നിന്നും 5-10 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊടോളിപ്രത്തിന്റെ വടക്കുഭാഗത്ത് കമ്മാളൻ കുന്നും വെള്ളപ്പറമ്പും (പണ്ടുകാലത്ത് കമ്മാളന്മാർ ധാരാളമായി താമസിച്ചിരുന്നുവത്രെ), തെക്ക് ഭാഗത്ത് ഹാജിമെട്ടയും കിഴക്ക് ഭാഗത്ത് നെരേമ്മൽ കുന്നും പടിഞ്ഞാറ് ഭാഗത്ത് കരടിക്കുന്നും അതിരിടുന്നു. ചുറ്റും കുന്നുകളായതിനാൽ അവിടെ ന്നിനുമുള്ള നീർച്ചാലുകൾ മൂലക്കുണ്ടിൽ സംഗമിച്ച് കൈത്തോടായി മാറി ഗ്രാമത്തിന്റെ വടക്കുഭാഗത്തുകൂടി ഒഴുകുന്ന നായിക്കാലി പുഴയിൽ (വളപട്ടണം പുഴയുടെ കൈവഴി) ചേരുന്നു. നാടിന് വടക്കു കിഴക്കായി ചെരിവുണ്ടെന്ന് ഉറപ്പാക്കാം.

കുന്നുകളിലെ എക്കലുകൾ അടിഞ്ഞുകൂടി താഴ് വര പ്രദേശങ്ങൾ വയലുകളായി മാറിയിട്ടുണ്ട്. വെള്ളപ്പറമ്പിന്റെ താഴെയുള്ള പടുവ പണ്ടുകാലത്ത് വലിയ ചതുപ്പ് നിലമായിരുന്നുവത്രേ. പട്ടുപോകുന്ന (താണുപോകുന്ന) ധാരാളം അട്ടകൾ ഉണ്ടായിരുന്ന സ്ഥലമായിരുന്നു പടുവ. ചെങ്കൽ ഖനനം വെള്ളപ്പറമ്പിന്റെ ജലസംഭരണ ശേഷി നഷ്ടപ്പെടുത്തിയതിനാൽ പടുവക്ക് പഴയ പ്രതാപം ഇന്നില്ല. കൊടോളിപ്രത്തിലെ വിശാലമായ വയലിനെ കീറി മുറിച്ചുകൊണ്ടാണ് ചാവശ്ശേരി പറമ്പിൽ നിന്നുള്ള കുടിവെള്ളത്തിന്റെ പൈപ്പ് ലൈൻ കടന്നുപോകുന്നത്. അതിനു മുകളിലായി നിർമ്മിച്ച റോഡ് നാട്ടുകാരുടെ യാത്രാസൗകര്യം വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും വയലുകൾ മണ്ണിട്ട് നികത്തുന്നതിന് ‍ഇടനൽകിയിട്ടുണ്ട്. മഴക്കാലത്ത് മാത്രം സജീവമാകുന്ന കൊടോളിപ്രത്തിന്റെ തെക്ക് കിഴക്കായുള്ള കക്കോട് വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചയാണ്. ധാരാളം ആളുകൾ അത് കാണാനും വെള്ളച്ചാട്ടത്തിൽ കുളിക്കാനുമായി എത്തിച്ചേരാറുണ്ട്.

കേരളത്തിലെ സാധാരണ കാലാവസ്ഥ നമുക്കും ബാധകമാണ്. മഴക്കാലത്ത് അപൂർവ്വമായി നായിക്കാലി പുഴയിലെ വെള്ളം കൊടോളിപ്രത്തിന്റെ താഴ്ന്ന ഭാഗങ്ങളെ വെള്ളത്തിനടിയിലാക്കാറുണ്ട്.

ഐതിഹ്യം

തിരുത്തുക

കൊടോളിപ്രം എന്ന് പേര് ലഭിച്ചതിനെപ്പറ്റി നാട്ടിൽ ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. അത് ഏതാണ്ട് ഇപ്രകാരമാണ്. ചുഴലി നാട്ടിലുള്ള ഒരു പെൺകിടാവ് ചുഴലി ഭഗവതിയുടെ വലിയ ആരാധികയായിരുന്നു. എല്ലാ ദിവസവും ക്ഷേത്രഭജനം നടത്തിയിരുന്ന അവൾക്ക് വിവാഹത്തോടനുബന്ധിച്ച് ദേവിയെ പിരിയേണ്ടി വന്നു. ദേവി ഒപ്പമുണ്ടാവണമെന്ന് കരഞ്ഞുപറഞ്ഞ് പ്രാർത്ഥിച്ചു. ചാത്തോത്ത് തറവാട്ടിലേക്ക് വിവാഹിതമായി വന്ന അവളുടെ കൈയിലുണ്ടായിരുന്ന ഓലക്കുട വഴിയിൽ വിശ്രമിക്കാനിരുന്ന സ്ഥലത്ത് ഉറച്ചു പോയി. എടുക്കാൻ ശ്രമിച്ചപ്പോൾ കുട തുള്ളി ക്കളിച്ചത്രേ. ദൈവഹിതം അറിഞ്ഞപ്പോൾ ചുഴലി ദേവിയുടെ അധിവാസം ഉണ്ടായതിനാലാണ് കുട തുള്ളിയതെന്നും ദേവി അവിടെക്കഴിയാൻ ആഗ്രഹിക്കുന്നതെന്നും വ്യക്തമായി. ഇന്ന് കാണുന്ന ചുഴലി ഭഗവതീക്ഷേത്രം അതിൻപടി ഉണ്ടാക്കിയതാണത്രേ. കുട തുള്ളിയ സ്ഥലം കാലാന്തരത്തിൽ കുടതുള്ളിയ പുറമായും കൊടോളിപ്രമായും മാറിയെന്നും പഴമക്കാർ പറയുന്നു.

കൊടോളിപ്രം മുഖ്യമായും കാർഷികഗ്രാമമാണ്. കൃഷിയാണ് പലരുടെയും ഉപജീവനമാർഗം. പണ്ടുകാലത്ത് പുനം കൃഷി വ്യാപകമായിരുന്നുവത്രേ. നാട്ടിൽ ധാരാളമായുള്ള പുനത്തിൽ വീടുകൾ പുനംകൃഷിയുടെ ബാക്കി പത്രമാകാം. പുനംകൃഷിക്കൊപ്പം വയൽകൃഷിയും ഉണ്ടായിരുന്നു. പച്ചവിരിച്ച വയലേലകൾ ആരെയും ആകർഷിക്കും തോട്ടിൻ ചിറയിലും വയലുകളോട് ചേർന്നും തെങ്ങും കവുങ്ങും വ്യാപകമായി കൃഷി ചെയ്തു വരുന്നു.പണ്ട് രണ്ടോ മൂന്നോ പൂവ് നെല്ല് കൃഷി ചെയ്തിരുന്ന വയലുകളിൽ അത് ഒന്നോ രണ്ടോ വിളയായി ചുരുങ്ങി. പൊതുവെ തരിശിടുന്ന വയലുകളുടെ അളവ് കുറവാണ്. ജലദൗർലഭ്യത്തേക്കാൾ അധ്വാനത്തിന് കണക്കായ വരുമാനം ലഭിക്കാത്തത് തന്നെ കാരണം. നെൽക്കൃഷി ചെയ്യാത്ത വയലുകളിൽ നേമ്ത്രവാഴക്കൃഷി വ്യാപകമായി ചെയ്തു വരുന്നു. ഡിസംബർ- ജനുവരി മാസത്തിൽ വെള്ളരി വർഗ കൃഷികൾ പല വീട്ടുകാരും ചെയ്തു വരുന്നു. പച്ചക്കറികളുടെ ഉല്പാദനത്തിൽ നമുക്ക് ഏറെ മുന്നേറനായിട്ടുണ്ട്. പ്രാദേശിക കൂട്ടായ്മയിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ സാമാന്യം മികച്ച രീതിയിൽ തന്നെ പച്ചക്കറികളുടെ ഉല്പാദനം വർദ്ധിച്ചിട്ടുണ്ട്.

സംസ്കാരികം. വിദ്യാഭ്യാസം

തിരുത്തുക

നാട്ടിലെ പ്രധാന സംസ്കാരിക സ്ഥാപനമാണ് 1956 ൽ സ്ഥാപിതമായ വാണീവിലാസം ഗ്രന്ഥാലയം. കൊടോളിപ്രത്തിന്റെ ഹൃദയഭാഗത്ത് മട്ടന്നൂർ ഇരിക്കൂർ റോഡിനോട് ചേർന്ന് രണ്ട് നിലകളിലായി സ്ഥിതി ചെയ്യുന്ന ഗ്രന്ഥാലയത്തിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. നാട്ടിലെ ആദ്യ റേഡിയോ ഗ്രന്ഥാലയത്തിലാണ് സ്ഥാപിതമായിരുന്നത്. അത് കേൾക്കാനായി മാത്രം വൈകുന്നേരങ്ങളിൽ നാട്ടുകാർ ഗ്രന്ഥാലയത്തിൽ എത്തിച്ചേരുമായിരുന്നു. കൊടോളിപ്രത്തിന്റെ വികസനത്തിൽ രാഷ്ട്രീയത്തിനതീതമായി നേതൃത്വം വഹിക്കാൻ ഗ്രന്ഥാലയത്തിന്റെ മുൻഗാമികൾക്ക് സാധീച്ചിട്ടുണ്ട്. കൊടോളിപ്രത്തുകാർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമാണ് കൊടോളിപ്രം ഗവ.എൽ പി സ്കൂൾ. കൊടോളിപ്രത്തിന് കിഴക്കായി പാലക്കീൽ (പാലക്കു കീഴിൽ എന്നത് ലോപിച്ചതാണത്രേ പാലക്കീൽ) എന്ന സ്ഥലത്തെ സ്കൂൾ നാട്ടുകാർക്ക് പാലക്കി സ്കൂളാണ്. ഉപരിപഠനത്തിനായി പട്ടാന്നൂർ യു പി സ്കൂളായിരുന്നു ആശ്രയം. ഹൈസ്കൂൾ വിദ്യാഭ്യാസം എല്ലാവർക്കും സാധ്യമായിരുന്നില്ല. പഠനത്തിന് ഫീസ് നൽകണമായിരുന്നു. കൂടാളിയിലാണ് ഹൈസ്കൂൾ ഉണ്ടായിരുന്നത്. സർക്കാർ ജോലി ലഭിച്ചിരുന്ന പലരും കൂടാളിയിലേക്ക് നടന്നുപോയാണ് പഠിച്ചത് എന്നത് പുതിയ തലമുറക്ക് വിശ്വസിക്കാൻ പ്രയാസകരമായിരിക്കും. പ്രീ-പ്രൈമറി വിഭാഗത്തിനായി 1983 ൽ പ്രിയദർശിനി മഹിളാ സമാജം ആരംഭിച്ച ബാലവാടി ഇന്ന് സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ മികച്ച അംഗൺവാടികളിലൊന്നാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച അംഗൺവാടിയായി 2024 ൽ തെരഞ്ഞെടുത്തത് സെന്റൻ നമ്പർ 2 ആയ കൊടോളിപ്രം അംഗൺവാടിയെ ആണ്. ഇവ കൂടാതെ ധാരാളം ക്ലബ്ബുകളും കൊടോളിപ്രത്തുണ്ട്. അതിൽ ചില ക്ലബ്ബുകൾ മികച്ച പ്രകടനം നടത്തുന്നവ തന്നെ.

ആരാധനലായങ്ങൾ

തിരുത്തുക

ആരാധനാലയങ്ങളുടെ എണ്ണത്തിൽ ഏറെ മുന്നിലാണ് ഈ ഗ്രാമം ചെറുതും വലുതുമായ ധാരാളം ക്ഷേത്രങ്ങളും കാവുകളും സ്ഥാനങ്ങളും ഇവിടെയുണ്ട്. കൊടോളിപ്രമെന്ന പേരിന് തന്നെ കാരണമായ ചുഴലി ഭഗവതീക്ഷേത്രവും ഖരനാൽ പ്രതിഷ്ഠിതമായതെന്ന് കരുതപ്പെടുന്ന കവിടിശ്ശേരി (കവിളുകൊണ്ട് പ്രതിഷ്ഠ നിർവ്വഹിച്ചതിനാൽ കവളശ്ശേരി എന്നും പിന്നീടത് കവിടിശ്ശേറിയായി മാറിയെന്നും വിശ്വസിക്കപ്പെടുന്നു) ശിവക്ഷേത്രവും കതുവനൂർ വീരന്റെ ആരൂഢമായ ആമേരി പള്ളിയറ ക്ഷേത്രവും കൊടോളിപ്രത്തിന്റെ ഐശ്വര്യമായി കരുതപ്പെടുന്ന, വരവിൽക്കാവും കൊടോളിപ്രത്തുള്ള മുല്ലേരിക്കണ്ടി മഠപ്പുരയും വരുവക്കുണ്ടിലുമുള്ള മുത്തപ്പൻ ക്ഷേത്രവും തന്നക്കൽ ഭഗവതി ക്ഷേത്രവും വരുവക്കുണ്ടിലെ മുച്ചിലോട്ട് കാവും നാട്ടുകാരുടെ സംസ്കാരിക കേന്ദ്രങ്ങൾ തന്നെ. വരവിൽക്കാവിൽ പുരുഷന്മാർക്ക് മാത്രമേ പ്രവേശനമുള്ളൂ. എന്നാൽ ആദിവാസി വിഭാഗത്തിലെ കരിമ്പാല വിഭാഗത്തിലെ സ്ത്രീകൾക്ക് ഇവിടെ പ്രവേശിക്കാം. ദൈവം വെള്ളം ചോദിച്ചപ്പോൾ ഉയർന്ന ജാതിക്കാരുടെ വീട്ടിലെ സ്ത്രീകൾ വെള്ളം നൽകാതം മടക്കി അയച്ചെന്നും കരിമ്പാല വിഭാഗത്തിലെ സ്ത്രീകൾ തേൻ ഒഴിച്ച് വെള്ളം നൽകി എന്നും ഇതിനുള്ള പ്രതിഫലമായാണ് പ്രവേശനം നൽകിയെന്നുമുള്ള ഐതിഹ്യം പ്രചാരത്തിലുണ്ട്. എന്തായാലും മറ്റെവിടെയും കാണാത്ത സവിശേഷത തന്നെയാണിത്. 6ഇസ്ലാം വിശ്വാസികളുടെ പള്ളി വരുവക്കുണ്ടിൽ സ്ഥിതി ചെയ്യുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊടോളിപ്രം&oldid=4074729" എന്ന താളിൽനിന്ന് ശേഖരിച്ചത്