കൊച്ചുകലുങ്ക്
കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പങ്കിടുന്ന തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് കൊച്ചുകലുങ്ക്.
പശ്ചിമഘട്ട മലനിരകളുടെ താഴ്വരയിലെ പ്രകൃതി മനോഹാരിത ഈ ഗ്രാമത്തെ വശ്യമനോഹരമാക്കുന്നു. തിരുവനന്തപുരം, കൊല്ലം, തമിഴ്നാട്ടിലെ ചെങ്കോട്ട എന്നീ നഗരങ്ങളിൽനിന്ന് തുല്യ ദൂരമാണ് ഈ ഗ്രാമത്തിലേക്ക്. 52 കിലോമീറ്റർ. തിരുവനന്തപുരം - ചെങ്കോട്ട റോഡായ സ്റ്റേറ്റ് ഹൈവേ രണ്ട് ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട്, പാലോട്, മടത്തറ വഴിയും കൊല്ലത്തുനിന്ന് പാരിപ്പള്ളി, നിലമേൽ, കടയ്ക്കൽ, മടത്തറ വഴിയും ചെങ്കോട്ടനിന്ന് ആര്യങ്കാവ്, തെന്മല, കുളത്തുപ്പുഴ വഴിയും കൊട്ടാരക്കരനിന്ന് ആയൂർ, അഞ്ചൽ, കുളത്തുപ്പുഴ വഴിയും പുനലൂരിൽനിന്ന് അഞ്ചൽ കുളത്തൂപ്പുഴ വഴിയും ഈ ഗ്രാമത്തിൽ എത്താൻ കഴിയും. പാലോട്, കടയ്ക്കൽ പൊലീസ് സ്റ്റേഷൻ അതിർത്തികളും ചിതറ, പെരിങ്ങമ്മല പഞ്ചായത്ത് അതിരുകളും കൊട്ടാരക്കര, നെടുമങ്ങാട് താലൂക്കുകളുടെ അതിർത്തികളും ഈ ഗ്രാമം പങ്കിടുന്നു. ആറ്റിങ്ങൽ, കൊല്ലം ലോക്സഭ മണ്ഡലങ്ങളും ചടയമംഗലം, വാമനപുരം മണ്ഡലങ്ങളും ഈ ഗ്രാമത്തെ വീതം വെക്കുന്നു. രണ്ടായിരത്തോളം ആളുകൾ ഈ ചെറുഗ്രാമത്തിൽ താമസിക്കുന്നുണ്ട്്. ഈ ഗ്രാമത്തോടൊട്ടി ഇരട്ടപെട്ടറ്റതുപോലെ കിടക്കുന്ന ഗ്രാമമാണ് അരിപ്പ.