കൈപ്പാട് (ഹ്രസ്വചലച്ചിത്രം)

(കൈപ്പാട് (ഡോക്യുമെന്ററി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2010-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച പരിസ്ഥിതിചിത്രത്തിനുള്ള വസുധ പുരസ്കാരം നേടിയ ചിത്രമാണ് കൈപ്പാട്[1]. മേളയുടെ ഹ്രസ്വചിത്ര വിഭാഗത്തിൽ പരിസ്ഥിതി ചിത്രങ്ങൾക്കുള്ള മത്സരവിഭാഗത്തിലാണ് കൈപ്പാട് പ്രദർശിപ്പിച്ചത്. നിയാംഗിരി യു ആർ സ്റ്റിൽ എലൈവ് എന്ന ചിത്രത്തോടോപ്പമാണ് ഈ ചിത്രത്തിനു പുരസ്കാരം ലഭിച്ചത്. മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട പത്ത് പരിസ്ഥിതി ചിത്രങ്ങളിൽ നിന്നാണ് ബാബു കാമ്പ്രത്ത് സംവിധാനം ചെയ്ത[2] കൈപ്പാടിനു പുരസ്കാരം ലഭിച്ചത്.

കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലെ അഴിമുഖ പ്രദേശത്തെ ഓരുവെള്ളം പ്രവേശിക്കുന്ന ഭൂമിയിൽ ഒരു വർഷം സംഭവിക്കുന്ന ജൈവികപരിണമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒന്നരവർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. പ്രകൃതിയെ ദ്രോഹിക്കാതെ കൈപ്പാട് പാടങ്ങളിൽ നടത്തുന്ന പരമ്പരാഗത കൃഷിരീതിയെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ ചിത്രത്തിൽ കാതൽ.

ജൈവകൃഷിരീതികളിലൂടെ ഓരുവെള്ളം പ്രവേശിക്കുന്ന പാടങ്ങളിലെ നെല്ല്, ചെമ്മീൻ കൃഷികൾ സംഭവിക്കുന്നതെങ്ങനെയെന്ന് ശാസ്ത്രീയവീക്ഷണത്തോടെ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത്തരം മാനുഷിക ഇടപെടലുകളാൽ ജൈവവ്യവസ്ഥയുടെ സ്വാഭാവികമായ കഴിവുകളെ ഏതു രീതിയിൽ സമ്പന്നമാക്കുന്നുവെന്ന് ഈ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നു.

  1. ""Niyamgiri You Are Still Alive," "Kaippad" share award". Archived from the original on 2010-12-04. Retrieved 2011-12-20.
  2. "ബ്ലാക്ക് ആൻഡ് വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 667. 2010 ഡിസംബർ 06. Retrieved 2013 മാർച്ച് 06. {{cite news}}: Check date values in: |accessdate= and |date= (help)