1996-97 ൽ ആരംഭിച്ച കേരള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഉപയോഗിച്ചു തുടങ്ങിയ സാങ്കേതികപദം.

പഠനപ്രവർത്തനത്തിൽ ഏർപ്പെടുന്ന കുട്ടിക്ക് പലവിധത്തിലുള്ള അന്യസഹായം ആവശ്യമായി വരും. ഈ സഹായമാണ് ലളിതമായ അർഥത്തിൽ കൈത്താങ്ങ്. ഇത് പലരിൽ നിന്നായി ലഭിക്കാം. പല രൂപത്തിലാവാം. സാമഗ്രികളായോ സൂചനകളായോ ചിന്തോദ്ദീപകമായ ചോദ്യങ്ങളായോ അപഗ്രഥനത്തിനുള്ള ചോദ്യങ്ങളായോ ഒക്കെ കൈത്താങ്ങ് നൽകപ്പെടാം.

ലവ് വിഗോട്സ്കിയുടെ ആശയങ്ങളെ അടിസ്ഥാനമാക്കി രൂപംകൊണ്ട സാമൂഹകജ്ഞാതൃവാദത്തിലെ മുഖ്യമായ ഒരാശയമാണിത്. പഠനം എന്നത് സാമൂഹികവും സാംസ്കാരികവുമായ ഒരു പ്രക്രിയയായി കണ്ട വിഗോട്സ്കി, ജ്ഞാനോത്പാദനം ഏറ്റവും ഫലപ്രദമാവുന്നത് സാമൂഹികമായ പിന്തുണ ലഭിക്കുമ്പോഴാണെന്ന് സമർത്ഥിക്കുകയുണ്ടായി. വിഗോട്സ്കി മുന്നോട്ടുവെച്ച ഈ ആശയത്തിന്റെ പശ്ചാത്തലത്തിൽ പഠിതാവിനു കിട്ടുന്ന അന്യസഹായത്തെ കൈത്താങ്ങ് എന്ന് ആദ്യമായി വിശേഷിപ്പിച്ചത് പ്രശസ്ത അമേരിക്കൻ മനഃശാസ്ത്രജ്ഞനായ ജെറോം. എസ്. ബ്രൂണർ ആണെന്ന് കരുതപ്പെടുന്നു.

ഈ ബാഹ്യസഹായം ഒരിക്കലും ഉത്തരങ്ങൾ പറഞ്ഞു കൊടുക്കുന്ന വ്യവഹാരവാദ രീതിയല്ല. മറിച്ച് കൂടുതൽ അറിവും അനുഭവവുമുള്ള മറ്റൊരാൾ നൽകുന്ന കേവലസഹായങ്ങൾ മാത്രമാണ്. പഠിതാവ് ആശയനിർമ്മാണത്തിന് പ്രാപ്തനാവുന്നതിനനുസൃതമായി കൈത്താങ്ങ് കുറച്ചുകൊണ്ടു വരിക എന്നതാണ് ശരിയായ രീതി.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൈത്താങ്ങ്&oldid=2281965" എന്ന താളിൽനിന്ന് ശേഖരിച്ചത്