കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ
അനൗപചാരിക വിദ്യാഭ്യാസ പരിപാടികളിലൂടെ ക്രിയാത്മകമായി ചിന്തിക്കാൻ സാധിക്കുക. അതിലൂടെ ആത്മധൈര്യവും, ആത്മവിശ്വാസവും, ഐക്യതയും കുട്ടികളിൽ വളർത്തിയെടുക്കുകയും അങ്ങനെ ജവഹർലാൽ നെഹ്‌റു വിഭാവനം ചെയ്ത ഒരു രാഷ്ട്രമായി ഭാരതത്തെ മാറ്റാൻ, വരും തലമുറയെ പ്രാപ്തരാക്കുകയാണ് ബാലഭവന്റെ പരമമായ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ ദേശീയ-സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ജവഹർ ബാലഭവനുകൾ. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിനു സമീപത്താണ് കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്തിനു പുറമേ കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിൽ ജില്ലാ ജവഹർ ബാലഭവനുകൾ പ്രവർത്തിക്കുന്നുണ്ട്. കേരളസർക്കാറിന്റെ സാംസ്കാരികവകുപ്പിൻ കീഴിൽ വരുന്ന കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് സ്ഥാപനം സ്ഥിതി ചെയ്യുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ എം.എൽ.എ. ചെയർമാനായ ഒരു മാനേജിങ് കമ്മിറ്റിയാണ്. [1]
ചരിത്രം
തിരുത്തുക1955-ലെ ട്രാവൻകൂർ-കൊച്ചിൻ ലിറ്റററി സയന്റിഫിക്ക് ആന്റ് ചാരിറ്റബിൾ സൊസൈറ്റി രജിസ്‌ട്രേഷൻ ആക്ട് തകക പ്രകാരം 05.08.1969-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ സ്ഥാപനം കേരള സർക്കാർ സാംസ്‌കാരികകാര്യ വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന ഈ മഹത് സ്ഥാപനം 1970-ൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ഡോ. വി.വി. ഗിരി ഉദ്ഘാടനം ചെയ്തു.
പ്രവർത്തനങ്ങൾ
തിരുത്തുകഎല്ലാവർഷവും ജൂൺമാസം മുതൽ ഫെബ്രുവരി വരെ വിവിധ കലാവിഷയങ്ങളിൽ റഗുലർ ക്ലാസ്സുകൾ നടന്നു വരുന്നുണ്ട്. 4 വയസ്സുമുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ ക്ലാസ്സുകളിൽ പ്രവേശനം നേടാം. ഓരോ കുട്ടിക്കും അവരുടെ പ്രായത്തിനനുസരിച്ച് ഇഷ്ടമുള്ള മൂന്നുവിഷയങ്ങൾ തെരഞ്ഞെടുത്തു പഠിക്കുന്നതിനുള്ള സൗകര്യമുണ്ട്. എല്ലാവർഷവും ഏപ്രിൽ - മേയ് മാസങ്ങളിൽ അവധിക്കാലക്ലാസ്സുകൾ നടത്തിവരുന്നു. 4 വയസ്സുമുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്ക് അഞ്ചുവിഷയങ്ങൾ അടങ്ങുന്ന ഒരു പാക്കേജാണ് നൽകുക.
ഉദ്ദേശലക്ഷ്യങ്ങൾ
തിരുത്തുകഒരു കുട്ടിയുടെ വ്യക്തിത്വത്തിന്റെ സമ്പൂർണ്ണമായ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ബാലഭവൻ ഇന്നത്തെ ഔപചാരിക വിദ്യാഭ്യാസരീതി കുട്ടികളിൽ അതിശയോക്തമായ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്ന ഈ വേളയിൽ കുട്ടികളുടെ അവസ്ഥയ്ക്ക് അയവു വരുത്തുന്നതിനായി അവരുടെ ഇഷ്ടമനുസരിച്ച് പാടാനും നൃത്തം ചെയ്യാനും പടം വരയ്ക്കാനും ഓടിത്തിമിർക്കാനും എല്ലാം കഴിയുന്ന സ്വതന്ത്രമായ ഒരു അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. കുഞ്ഞുങ്ങൾക്ക് ആനന്ദം പകരുന്നതിനോടൊപ്പം ജീവിതമൂല്യങ്ങൾ കൂടി മനസ്സിലാക്കിക്കൊടുക്കേണ്ടത്. നാം ഓരോരുത്തരുടെയും കടമയാണെന്നുള്ള സത്യത്തിൽ നിന്നാണ് ബാലഭവന്റെ തുടക്കം. ഓരോ കുഞ്ഞിന്റെയും മനസ്സിനും ശരീരത്തിനും ഒരുപോലെ ആനന്ദവും കരുത്തും നൽകുന്നതിന് സാധ്യമാകുന്ന, അവന് കഴിവുള്ള മണ്ഡലത്തിൽ വിരാജിക്കാൻ സാധിക്കുന്ന തരത്തിലുള്ള താഴെപ്പറയുന്ന വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. [2]
ചിത്രരചന-പെയിന്റിംഗ്, ശിൽപ്പനിർമ്മാണം, നാടകം, കീബോർഡ്, വീണ, വയലിൻ, ഹാർമോണിയം, ഗിത്താർ, തബല, മൃദംഗം, ഇലക്‌ട്രോണിക്‌സ്, ക്രാഫ്റ്റ്, എംബ്രോയിഡറി, മലയാള ഭാഷാപരിചയം, സ്‌പോക്കൺ ഇംഗ്ലീഷ്, മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം, സിനിമാറ്റിക് ഡാൻസ്, ലളിതസംഗീതം, ശാസ്ത്രീയ സംഗീതം, യോഗ, കളരിപ്പയറ്റ്, റോളർസ്‌കേറ്റിംഗ്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- http://jawaharbalbhavankerala.org | കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻറെ ഔദ്യോഗിക വെബ്സൈറ്റ്.