കേരള വനിതകളുടെ സ്വകാര്യതയും അന്തസും സംരക്ഷണ ബിൽ 2013

വനിതകൾക്കു നേരെയുള്ള ഗാർഹിക-സാമൂഹിക അക്രമങ്ങൾക്കും പീഡനങ്ങൾക്കും പീഡനശ്രമങ്ങൾക്കും എതിരെ ഫലപ്രദ നടപടി ഉറപ്പുവരുത്താനും അവരുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കാനുമായി കേരള നിയമ സഭ പാസാക്കാനുദ്ദേശിക്കുന്ന ബില്ലാണ് കേരള വനിതകളുടെ സ്വകാര്യതയും അന്തസും സംരക്ഷണ ബിൽ 2013. കരട് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെങ്കിലും പാസാക്കാനായില്ല.[1]

പ്രധാന വ്യവസ്ഥകൾ

തിരുത്തുക
  • പീഡനത്തിന് ഏഴുവർഷംവരെ തടവും പിഴയും പീഡനത്താൽ മരിച്ചാൽ ജീവപര്യന്തം തടവും പിഴയും ബില്ലിൽ വ്യവസ്ഥചെയ്യുന്നു.[2]
  • വനിത ആത്മഹത്യ ചെയ്യുകയും അതിനു തൊട്ടുമുമ്പ് അവർ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന പക്ഷം പീഡിപ്പിച്ചയാൾ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയതായി കണക്കാക്കും.
  • പീഡനവിവരം ശ്രദ്ധയിൽപ്പെട്ടിട്ടും അറിയിക്കാത്തവർക്ക് മൂന്നുമാസംവരെ തടവോ 5000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
  • വാഹനത്തിനുള്ളിൽ പീഡനം നടന്നിട്ടുണ്ടെങ്കിൽ വാഹനത്തിന്റെ ചുമതലയുള്ള ആൾക്കും ഇത് ബാധകമാണ്.
  • വിദ്യാർഥിനികളുടെ സ്വകാര്യതയിൽ കടന്നുകയറ്റം നടത്താൻ ഉപയോഗിച്ചേക്കാവുന്ന ഏതൊരു ഉപകരണത്തിന്റെയും ഉപയോഗം സ്ഥാപനമേധാവിക്ക് നിയന്ത്രിക്കാം. അത് ലംഘിച്ചാൽ 2000 രൂപവരെ പിഴശിക്ഷ നൽകും.
  • ക്യാമറ, കംപ്യൂട്ടർ, മൊബൈൽഫോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒരു വനിതയുടെ സഭ്യമല്ലാത്ത ഏതെങ്കിലും രീതിയിലുള്ള ഫോട്ടോഗ്രഫുകളുടെ ക്ലിപ്പിങ്ങുകളോ, ചിത്രങ്ങളോ ശബ്ദരേഖയോ അല്ലെങ്കിൽ വീഡിയൊകളോ അവരെ പീഡിപ്പിക്കുന്നതിനായി ഉപയോഗിച്ചതോ അല്ലെങ്കിൽ ഉപയോഗിക്കാനുള്ള ഉദ്ദേശ്യത്തോടെയോ ഒരാൾ കൈവശം വച്ചതായി കണ്ടെത്തിയാൽ അയാൾക്ക് മൂന്നുവർഷം വരെ തടവ് ശിക്ഷയോ അല്ലെങ്കിൽ 25,000 രൂപ പിഴയോ രണ്ടുംകൂടിയോ നൽകാം. ഇരയാക്കപ്പെട്ടവരുടെ ഫോട്ടൊഗ്രഫുകളോ, പേരുകളോ തിരിച്ചറിയൽ വിവരങ്ങളോ പത്രമാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്താൻ പാടില്ല.
  • സ്ത്രീയുടെ ഫോട്ടോയോ പേരോ തിരിച്ചറിയൽ വിവരങ്ങളോ മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തരുത്. ഇതു ലംഘിച്ചാൽ ആറുമാസംവരെ തടവോ 10,000 രൂപവരെ പിഴയോ ലഭിക്കും. *അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഒരു തരത്തിലുള്ള വെളിപ്പെടുത്തലും നടത്തരുത്. വനിതയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്. അവരുടെ ഇഷ്ടാനുസരണമുള്ള സ്ഥലത്തല്ലാതെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാൻ നിർബന്ധിക്കാനും പാടില്ല. അന്വേഷണവും വിചാരണയും സ്വകാര്യമായി നടത്തണം.
  • പൊലീസ് സ്​റ്റേഷനിൽ പരാതി ബോധിപ്പിക്കുമ്പോൾ അവരുടെ പരാതി വനിതാ ഓഫീസറെക്കൊണ്ട് എഴുതി എടുപ്പിക്കണം. ഫോൺ വഴിയോ അല്ലെങ്കിൽ ഷോർട്ട് മെസേജ് സർവീസ് വഴിയോ ഇ-മെയിൽ വഴിയോ അവരുടെ വാസസ്ഥലത്തെ വിലാസമോ ഔദ്യോഗിക വിലാസമോ നൽകാം.[3]

നിയമസഭയിൽ

തിരുത്തുക

വനിതാ സംരക്ഷണ ബിൽ 2013 ഫെബ്രുവരി 14 ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ അവതരിപ്പിച്ചു. ബില്ലിലെ പല വ്യവസ്ഥകളും രാഷ്ട്രപതി അംഗീകാരം നൽകിയ വനിത സുരക്ഷ ഓർഡിനൻസിനോട് വിഭിന്നമായതിനാൽ ഇക്കാര്യങ്ങൾ വിശദമായി പരിഗണിക്കണമെന്നു പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ തെളിവെടുപ്പ് അധികാരത്തോടെ, ബിൽ സബ്‌ജക്​ട് കമ്മിറ്റിക്ക് വിട്ടു. കൂടുതൽ ചർച്ചകൾക്കും തെളിവെടുപ്പിനും ശേഷം ബിൽ നിയമമാക്കാൻ തീരുമാനിച്ചു[4].

  1. "മാനരക്ഷയ്ക്ക് കർശന നിയമം, നിയമസഭാ സമ്മേളനത്തിൽ പാസാക്കും". മെട്രോ വാർത്ത. 31 ജനുവരി 2013. Retrieved 31 ജനുവരി 2013.[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.deshabhimani.com/newscontent.php?id=257805
  3. http://news.keralakaumudi.com/news.php?nid=b92291b1decee2fa00169a09a299d5ee
  4. http://news.keralakaumudi.com/news.php?nid=159510e110c1ad7f9fb9b148775f127f

പുറം കണ്ണികൾ

തിരുത്തുക