കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

(കേരളവർമ വലിയകോയിത്തമ്പുരാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു കേരളകാളിദാസൻ എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. (ജനനം - 1845 ഫെബ്രുവരി 19, മരണം - 1914 സെപ്റ്റംബർ 22). കേരളത്തിലെ ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലാണ് അദ്ദേഹം ജനിച്ചത്. തിരുവിതാംകൂറിന്റെ മാതൃസ്ഥാനമായി കരുതിയിരുന്ന ആറ്റിങ്ങൽ മഹാറാണി ഭരണി തിരുനാൾ ലക്ഷ്മി ബായിയെ 1859-ൽ വിവാഹം ചെയ്യുകയും വലിയ കോയിത്തമ്പുരാനാവുകയും ചെയ്തു. വളരെക്കാലം തിരുവിതാംകൂറിലെ പാഠപുസ്തകസമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.[1] [2]

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ,ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരം

ജനനം, ബാല്യം, വിവാഹം

തിരുത്തുക

ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ പൂരം തിരുനാൾ ദേവി അംബ തമ്പുരാട്ടിയുടെയും ചെറിയൂർ മുല്ലപ്പള്ളി നാരയണൻ നമ്പൂതിരിയുടെയും പുത്രനായി 19 ഫെബ്രുവരി 1845(കൊല്ലവർഷം 1020 കുംഭം 10 -ന് ജനിച്ചു ) -ൽ പൂയം നക്ഷത്രത്തിൽ ജാതനായി.അദ്ദേഹത്തിന്റെ മൂലകുടുംബം പരപ്പനാട്ടു രാജകുടുംബമാണ് [അവലംബം ആവശ്യമാണ്].1788-ൽ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ മലബാർ പടയോട്ട കാലത്ത് രാജകുടുംബം തിരുവിതാംകൂറിലേക്ക് പാലായനം ചെയ്യുകയും കാർത്തികതിരുനാൾ മഹാരാജാവിന്റെ ആശ്രയത്വത്തിൽ ചങ്ങാനാശേരി നീരാഴി കൊട്ടാരത്തിൽ താമസമാവുകയും ചെയ്തു. പരപ്പനാടുനിന്നും വന്നുചേർന്ന തമ്പുരാട്ടിമാരിൽ ഒടുവിലത്തെ തമ്പുരാട്ടിയുടെ മകനായ രാജരാജ വർമ തമ്പുരാൻ വഞ്ചി കുടുംബത്തിലെ (തിരുവിതാംകൂർ രാജകുടുംബത്തിലേക്ക് മാവേലിക്കരയിൽ നിന്നും ദത്തെടുത്ത രണ്ടു സഹോദരിമാരിൽ മൂത്തവരായ റാണി ലക്ഷ്മീഭായി) ലക്ഷ്മിഭായി തിരുമനസ്സിനെ വിവാഹം കഴിച്ചു .അതുമൂലമാണ് കേരളവർമ്മ" വലിയ കോയിത്തമ്പുരാൻ" ആയത്. ചങ്ങനാശ്ശേരി ലക്ഷമീപുരം കൊട്ടാരത്തിലെ കുടുംബവഴക്ക് നിമിത്തം കേരളവർമ്മയുടെ ശാഖ ഹരിപ്പാട് കാർത്തികപ്പള്ളി കോയിക്കൽ കൊട്ടാരത്തിൽ അഭയം പ്രാപിച്ചു. പിന്നീട് ആയില്യം തിരുനാൾ രാമവർമ്മയുടെ സഹായത്തോടെ കേരള വർമ്മയുടെ മൂത്തസഹോദരൻ അനന്തപുരം കൊട്ടാരം എന്ന പ്രശസ്തമായ കോവിലകം പണികഴിപ്പിച്ചു. വലിയകോയിത്തമ്പുരാന്റെ മാതൃസഹോദരീപുത്രിയായ അംബാദേവി തമ്പുരാട്ടിയുടെ മകനാണ് കേരളപാണിനി എ.ആർ.രാജരാജവർമ്മ എന്ന കൊച്ചപ്പൻ തമ്പുരാൻ. "എ"എന്ന അക്ഷരം സൂചിപ്പിക്കുന്നത് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിനെയാണ്.[അവലംബം ആവശ്യമാണ്] സ്വാതി തിരുനാൾ മഹാരാജാവിന്റെ പിതാവായ രാജ രാജ വർമ്മ വലിയ കോയിത്തമ്പുരാൻ കേരളവർമ്മ വലിയകോയി തമ്പുരാന്റെ അമ്മയുടെ അമ്മാവനായിരുന്നു. പഠനത്തിലും വിനോദത്തിലും ഒരുപോലെ മികവു കാണിച്ചിരുന്ന തമ്പുരാൻ നാടകങ്ങൾ, കാവ്യങ്ങൾ, ചമ്പുക്കൾ, സിദ്ധാന്തകൗമുദി ചിത്രമീമാംസ, ശാസ്ത്രഗ്രന്ഥങ്ങൾ തുടങ്ങിയവ പരിശീലിച്ചു .മാവേലിക്കര കൊട്ടാരത്തിൽ നിന്നും ദത്തെടുത്ത രണ്ടു സഹോദരിമാരിൽ ആറ്റിങ്ങൽ മൂത്തതമ്പുരാട്ടി തമ്പുരാട്ടിയായിത്തീർന്ന ഭരണി തിരുനാൾ ലക്ഷ്മി ബായി തമ്പുരാട്ടിയെ 1859-ൽ 14-ആം വയസ്സിൽ തമ്പുരാൻ വിവാഹം കഴിച്ചു. വിവാഹാനന്തരം തമ്പുരാന്റെ വിദ്യാഭ്യാസം കൂടുതൽ പുരോഗതി പ്രാപിച്ചു .കൊട്ടാരത്തിൽ എത്തിച്ചേരുന്ന പണ്ഡിത വരേണ്യരുമായി കൂടുതൽ ഇടപഴുകാൻ അവസരം ലഭിച്ചപ്പോൾ ഉപരിപഠനത്തിൽ തമ്പുരാന് താൽപര്യം വർദ്ധിച്ചു വേദാന്തം, തർക്കശാസ്ത്രം, വ്യാകരണം തുടങ്ങിയവയിൽ അഗ്രഗണ്യനായി. 'ഡോക്ടർ വെയറിങ്ങിന്റെ' ശിക്ഷണത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി .

ഇവർക്ക് മക്കളുണ്ടായിരുന്നില്ല.സ്വാതി തിരുനാളിനു ശേഷം രാജാവായിരുന്ന ഉത്രം തിരുനാളിന്റെ (1846–1860) കാലശേഷം ആയില്യം തിരുനാൾ അധികാരമേറ്റ സമയമായിരുന്നു. ആദ്യകാലങ്ങളിൽ മഹാരാജാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കേരള വർമ്മയെ 1875-ൽ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്തു.[3] ആറ്റിങ്ങൽ മൂത്തറാണിയായിരുന്നിട്ടും ലക്ഷ്മി ബായിക്ക് തന്റെ ഭർത്താവിനെ തടങ്കലിൽ നിന്നും മോചിപ്പിക്കാനായില്ല. കേരളവർമ്മയിൽ നിന്നും വിവാഹമോചനം നേടാനും വേറെ വിവാഹത്തിനും മഹാരാജാവും കൊട്ടാരത്തിലുള്ള മറ്റുള്ളവരും റാണിയെ വളരെയധികം നിർബന്ധിക്കുകയുണ്ടായെങ്കിലും റാണി എല്ലാ എതിർപ്പുകളേയും അതിജീവിച്ച് കേരളവർമ്മയ്ക്കായി കാത്തിരുന്നു. ആസമയത്തും ഇളയ രാജാവായിരുന്ന വിശാഖം തിരുനാൾ റാണിയേയും കേരള വർമ്മയേയും സഹായിച്ചിരുന്നു. രണ്ടു വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ വീട്ടു തടങ്കലിൽ കഴിയുന്നതിനനുവദിച്ചു.കേരള വർമ്മയ്ക്ക് ആലപ്പുഴ കൊട്ടാരത്തിലും അനന്തപുരം കൊട്ടാരത്തിലും അസ്വതന്ത്ര ജീവിതം നയിക്കേണ്ടി വന്നു. ആ അവസരത്തിലാണ് മയൂര സന്ദേശമെന്ന മലയാളത്തിലെ പ്രസിദ്ധ സന്ദേശകാവ്യം എഴുതുന്നതിനുള്ള പ്രേരണയുണ്ടായത്. അനന്തപുരത്തെ കൊട്ടാരത്തിൽ താമസിക്കുന്ന കാലത്താണ് ഹരിപ്പാട് ക്ഷേത്രദർശനവേളയിൽ മയിലിനെ കാണുകയും അത് അദ്ദേഹത്തിന് മയൂര സന്ദേശമെന്ന കാവ്യം ഒരുക്കാൻ പ്രേരണയായി. (അദ്ദേഹത്തെ പാർപ്പിച്ചിരുന്ന അനന്തപുരത്തെ ഡാണവ്(ജയിൽ)ൻറെ പഠിപ്പുര നിന്ന പ്രദേശം ഡാണാപ്പടി എന്നറിയപ്പെടുന്നു). കാളിദാസൻറെ "അഭിജ്ഞാന ശാകുന്തളം" നാടകം മലയാളത്തിലേക്ക് ആദ്യമായി കേരള വർമ്മയാണ് തർജ്ജിമ ചെയ്തത് ഇതുമൂലം അദ്ദേഹത്തിന് "കേരള കാളിദാസൻ" എന്ന പദവി ലഭിച്ചു. കാളിദാസൻറെ മേഘസന്ദേശത്തെ അനുസരിച്ചാണ് മയൂരസന്ദേശമെന്ന സന്ദേശ കാവ്യം മലയാളത്തിലുണ്ടായത്. ദ്വിതീയാകഷരപ്രാസമുളള 141 മനോഹരശ്ലോങ്ങളാണ് ഇതിലുളളത്. പൂർവ്വഭാഗം ഹരിപ്പാട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുവാനുളള മാർഗ്ഗത്തിൻറെ വിവരണമാണ്, ഉത്തര ഭാഗത്ത് തിരുവനന്തപുരവർണ്ണനയും പ്രിയതമയ്ക്കുളള സന്ദേശവുമാണ്. വെറും 48 ദിവസം കൊണ്ട് എഴുതി തീർത്തതാണ് ഈ കൃതി. ബന്ധനമോചനത്തിനു ശേഷം 14 വർഷം കഴിഞ്ഞാണ് ഈ കൃതി രചിക്കുന്നത്. ഈ കൃതിയുടെ പ്രകാശന കാലത്ത് സഹൃദയൻമാർ ഇതിനെ ഉല്ലാസത്തോടെയാണ് സ്വാഗതം ചെയ്തത്. [4] [5]

1880-ൽ ആയില്യം തിരുനാൾ നാടു നീങ്ങുകയും അനുജൻ വിശാഖം തിരുനാൾ രാജാവാകുകയും ചെയ്തു. അധികാരത്തിലേറ്റ് വിശാഖം തിരുനാൾ ആദ്യം ചെയ്തത് കേരള വർമ്മയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിക്കുകയും തിരുവനന്തപുരത്ത് കൂട്ടി കൊണ്ടു വരികയും ചെയ്തു. കേരള വർമ്മയെ ജയിലിൽ അടച്ചതും അതിനെ സമർത്ഥമായി ലക്ഷ്മി ബായി എതിർത്തതുമായ കാര്യങ്ങൾ വിക്ടോറിയ രാജ്ഞി അറിയുകയുണ്ടായി. അതിനെ തുടർന്ന് ഭരണി തിരുനാളിനു 1881-ൽ ഓർഡർ ഓഫ് ദ ക്രൗൺ ഓഫ് ഇന്ത്യയും, കേരള വർമ്മയ്ക്ക് 1885-ൽ ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഇന്ത്യയും നൽകി ബഹുമാനിച്ചു. [6]

ജീവചരിത്രം - പ്രധാന സംഭവങ്ങൾ

തിരുത്തുക
1855 അമ്മാവൻ രാജരാജവർമ്മയോടൊത്ത് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു
1859 ഏപ്രിൽ 24 ലക്ഷ്മീബായിത്തമ്പുരാട്ടിയെ വിവാഹം കഴിച്ച് വലിയ കോയിത്തമ്പുരാൻ ആയി.
1861 തിരുനാൾ പ്രബന്ധം രചിച്ചു; ഉത്രം തിരുനാൾ(മാർത്താണ്ഡവർമ്മ II) രാജാവ് നാടു നീങ്ങി.
1865 തുലാഭാരശതകം രചന; എഡിൻബറോ രാജകുമാരനെ സന്ദർശിച്ചു.
1866 ഗുരുവായുപുരേശസ്തവം
1867 ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗം
1868 ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷൻ
1872 ആയില്യം തിരുനാളിന്റെ കൂടെ ബറോഡ, കാശി യാത്ര
1877 ആഗസ്റ്റ് 4 രാജ്യദ്രോഹക്കുറ്റത്തിനു് തടവിലാക്കപ്പെട്ടു
1880 ക്ഷമാപണസഹസ്രം, യമപ്രണാമശതകംഇവ രചിച്ചു; ആയില്യം തിരുനാളിന്റെ (രാമവർമ്മ IV) ചരമം, വിശാഖം തിരുനാൾ (രാമവർമ്മ V) ഭരണമേറ്റെടുത്തു.വീട്ടുതടങ്കലിൽനിന്നു മോചനം
1881 ലക്ഷ്മീബായിക്കു സി.ഐ. ബിരുദം
1882 മദിരാശി ഗവർണർ ഗ്രാന്റ് ഡഫിനെ സന്ദർശിച്ചു, ശാകുന്തളം, നക്ഷത്രമാല
1883 മദിരാശി സർവ്വകലാശാല ഫെല്ലോ, തുടർന്നു് സെനറ്റ് അംഗം
1885 വിശാഖം തിരുനാൾ അന്തരിച്ചു
1888 വ്യാഘ്രാലയേശശതകം
1889 വിശാഖവിജയം
1890 എം.അർ.എ.എസ്. ബിരുദം
1891 ഭാഷാപോഷിണി സഭാദ്ധ്യക്ഷൻ
1893 അമരുകശതകം മണിപ്രവാളം
1894 അക്ബർ (നോവൽ
1895 എഫ്. അർ. എച്ച്.എസ്., സി.എസ്.ഐ എന്നീ ബിരുദങ്ങൾ; മയൂരസന്ദേശം, മഹച്ചരിതസംഗ്രഹം
1898 നാട്ടുഭാഷകളെ സംബന്ധിച്ച് സർക്കാരിന്റെ ഉപദേശകൻ
1900 വിശാഖവിജയം സമ്പൂർണ്ണരൂപത്തിൽ
1901 മഹാറാണിയുടെ ചരമം
1902 അന്യാപദേശശതകം
1905 ഷഷ്ട്യബ്ദപൂർത്തി ആഘോഷം
1909 സാഹിത്യലോകത്തുനിന്നും വിരമിച്ചു.
1912 ഒരു സാഹിത്യവേദിയിൽ അവസാനമായി പങ്കെടുത്തു.
1913 'പരപ്പനാട്ടു വലിയ രാജാവ്' ആയി.
1914 സെപ്തംബർ 22 ചരമം

1914 സെപ്തംബറിൽ അദ്ദേഹം തിരുവനന്തപുരത്തുനിന്നു് വൈക്കത്തപ്പനെ തൊഴാനായി ഭാഗിനേയനും വത്സലശിഷ്യനുമായ കേരളപാണിനി എ.ആർ. രാജരാജവർമ്മയോടൊപ്പം കാറിൽ പുറപ്പെട്ടു. 18-ആം തീയതി ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെത്തി അവിടെ രണ്ടുദിവസം തങ്ങി ബന്ധുജനങ്ങളെയെല്ലാം കണ്ടു. സെപ്തംബർ 20നു് കുടുംബാംഗങ്ങളോടൊപ്പമിരുന്നു് ഭക്ഷണം കഴിച്ചതിനുശേഷം തിരിച്ച് തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. കായംകുളം കുറ്റിത്തെരുവ്‌ ജങ്‌ഷനിൽ വച്ച് നായ കുറുകെ ചാടി, കാർ മറിഞ്ഞു. 1914 സെപ്‌തംബർ 20നായിരുന്നു അപകടം. 22ന്‌ അദ്ദേഹം അന്തരിച്ചു.[7] ഭാരതത്തിൽ ആദ്യമായി ഒരു റോഡപകടത്തിൽ മരിച്ച വ്യക്തിയാണ് അദ്ദേഹം.

ആധുനികമലയാളസാഹിത്യത്തിന്റെ പ്രവേശഗോപുരമായി അഞ്ചുദശകത്തോളം തിളങ്ങിനിന്ന അദ്ദേഹത്തിന്റെ മൃതദേഹം സമസ്തബഹുമതികളോടും കൂടെ മാവേലിക്കരയിൽ സംസ്കരിക്കപ്പെട്ടു.

ആ മഹാപണ്ഡിതന്റെ വേർപാടിൽ ജനം ആസകലം ദുഃഖിച്ചു. പരേതനെ പ്രകീർത്തിച്ചു് പത്രങ്ങൾ മുഖപ്രസംഗങ്ങൾ എഴുതി. നാടൊട്ടുക്കും അനുശോചനയോഗങ്ങൾ ചേർന്നു. വള്ളത്തോളും ഉള്ളൂരും അടക്കം പല കവികളും വിലാപകാവ്യങ്ങൾ എഴുതി.

വിവേകോദയം മാസികയിൽ കുമാരനാശാൻ ഇങ്ങനെയാണു് കേരളവർമ്മയുടെ മഹത്ത്വം വിലയിരുത്തിയതു്: "മലയാളികൾ എല്ലാം ഒന്നുപോലെ, ജാതിമതഭേദം കൂടാതെ ഇത്ര നിഷ്കപടമായി സ്നേഹിക്കയും ബഹുമാനിക്കയും ഇത്ര കൃതജ്ഞതയോടുകൂടി സ്മരിക്കയും ചെയ്യുന്നതായി കേരളത്തിൽ മറ്റൊരു മഹാപുരുഷൻ ഉണ്ടെന്നു ഞങ്ങൾക്കു തോന്നുന്നില്ല. പാണ്ഡിത്യം, കവിത്വം, സൗജന്യം, ഔദാര്യം, കുലം, ശീലം, ഐശ്വര്യം ഇവയുടെയെല്ലാം ഇതുപോലെയുള്ളൊരു സമ്മേളനം നമുക്ക് ഇനി എന്നു കാണാൻ കഴിയും? കേരളമേ! നിന്റെ മഹാദീപം അസ്തമിച്ചു; നീ അന്ധകാരത്തിലായി."

  • മണിപ്രവാളശാകുന്തളം (വിവർത്തനം 1882)
  • മയൂരസന്ദേശം (1894)
  • ദൈവയോഗം (1909)
  • അമരുകശതകം
  • അന്യാപദേശശതകം

സംസ്കൃതകാവ്യങ്ങൾ

തിരുത്തുക
  • വിശാഖവിജയം,(1889)
  • ക്ഷമാപണ സഹസ്രം(1880)
  • യമപ്രണാമശതകo
  • ശ്രീപദ്മനാഭപദപദ്മശതകം

ഉപന്യാസം

തിരുത്തുക
  • സന്മാർഗ്ഗ സമഗ്രഹം (1889)
  • വിജ്ഞാന മഞ്ജരി (1932)
  • സന്മാർഗ്ഗ പ്രദീപം (1939)
  1. George, K. M. (1994). Modern Indian Literature, an Anthology: Plays and prose. Sahitya Akademi. p. 394. ISBN 978-81-7201-783-5.
  2. http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html
  3. വേണു ആലപ്പുഴ (21 സെപ്റ്റംബർ 2014). "മയിലിനെ കണ്ടൊരിക്കൽ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-09-21. Retrieved 21 സെപ്റ്റംബർ 2014.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-19. Retrieved 2013-10-11.
  5. Modern Indian Literature An Anthology - KM George - Volum I, Surveys & Poems - First Published in 1982, Sahitya Akademi, New Delhi, ISBN 81-7201-324-8
  6. The India List and India Office List 1905 - Office of the Secretary of State for India in Council - St James Park, SW, London Harrison And Sons
  7. ‘എ ആർ രാജരാജവർമ’, ഭാഗീരഥി അമ്മ തമ്പുരാനും എം രാഘവവർമ രാജായും