കേണൽ ഉണ്ണി നായർ
ആദ്യ കാല പത്ര പ്രവർത്തകനും മിലിറ്ററി ഉദ്യോഗസ്ഥനുമായിരുന്നു എം. കേശവനുണ്ണിനായർ എന്ന കേണൽ ഉണ്ണി നായർ( 22 ഏപ്രിൽ 1911 - 12 ഓഗസ്റ്റ് 1950).
ജീവിതരേഖ
തിരുത്തുക1911 ഏപ്രിൽ 22ന് പാലക്കാട്ട് പറളിയിലാണ് ഉണ്ണിനായരുടെ ജനനം. അച്ഛൻ നാരായണമംഗലം ദാമോദരൻ നമ്പൂതിരി. അമ്മ മനയ്ക്കമ്പാട്ട് അമ്മുക്കുട്ടി വയങ്കരമ്മ. എം. കേശവനുണ്ണിനായർ എന്നായിരുന്നു പൂർണ നാമം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് സാഹിത്യത്തിൽ ഓണേഴ്‌സ് ബിരുദം നേടി. പിന്നീട് മദ്രാസിലെ ‘ദ് മെറി മാഗസിൻ’ എന്ന ഹാസ്യവാരികയിലും തുടർന്ന് ‘ദ് മെയിൽ’ എന്ന പത്രത്തിലും ജോലി ചെയ്തു. നിത്യജീവിതത്തിലെ സംഭവങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ ആവിഷ്കരിക്കുന്ന ‘ദ് സ്‌റ്റോറി ഓഫ് മൈ ലൈഫ്’ എന്ന പരമ്പര അവതരിപ്പിച്ചു. അക്കാലത്തെ മലബാർ ജീവിതത്തിന്റെ നേർചിത്രം വരച്ചിടുന്ന ‘മൈ മലബാർ’ എന്ന പുസ്തകവും അദ്ദേഹം രചിച്ചു. പിന്നീട് കൊൽക്കത്തയിൽ ‘സ്‌റ്റേറ്റ്‌സ്മാനി’ൽ ചേർന്നു. അക്കാലത്താണ് ഇന്ത്യൻ ആർമി റിസർവ് ഓഫ് ഓഫിസേഴ്‌സിൽ (ഐഎആർഒ) കമ്മിഷൻഡ് ഓഫിസറാകുന്നത്. [1]
യുദ്ധമുഖത്തു തടസ്സമേതുമില്ലാതെ കടന്നുചെന്ന് ഔദ്യോഗിക വിശദീകരണങ്ങൾ ശേഖരിക്കുന്നതിനു വേണ്ടി സൈന്യം അദ്ദേഹത്തിനു കേണൽ പദവി നൽകി. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ മറാഠ ലൈറ്റ് ഇൻഫൻട്രിയിൽ കമ്മിഷൻഡ് ഓഫിസറായി നിയമിതനായ അദ്ദേഹത്തെ മ്യാൻമറിലേക്ക് (പഴയ ബർമ) അയച്ചു. സ്വാതന്ത്ര്യപ്രഖ്യാപനത്തിനു ശേഷം ആംഡ് ഫോഴ്‌സസ് ഇൻഫർമേഷൻ ഓഫിസറായി ഉണ്ണിനായർ നിയമിക്കപ്പെട്ടു. വാഷിങ്ടനിലെ ഇന്ത്യൻ എംബസിയിൽ പബ്ലിക് റിലേഷൻസ് ഓഫിസറായി നിയമിക്കപ്പെട്ടു. കൊറിയൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഐക്യരാഷ്ട്ര സഭാ നിരീക്ഷകനായി നിയോഗിക്കപ്പെട്ടു.[2]
1950 ഓഗസ്റ്റ് 12ന് വായ്ഗ്വാനിലെ യുദ്ധമേഖലയിലൂടെ രണ്ടു സഹപ്രവർത്തകർക്കൊപ്പം ജീപ്പോടിച്ചുപോകുമ്പോൾ കുഴിബോംബ് പൊട്ടി മരണപ്പെട്ടു. ബ്രിട്ടിഷ് മാധ്യമപ്രവർത്തകനായ ക്രിസ്റ്റഫർ ബക്ലി, ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകനായ ഇയാൻ മോറിസൺ എന്നിവരും ഉണ്ണിനായർക്കൊപ്പം കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിനിടെ മരിച്ച 18 പേരിൽ ഏക ഇന്ത്യക്കാരനായിരുന്നു ഉണ്ണിനായർ. [3]
യുദ്ധം തുടരുന്ന സാഹചര്യത്തിൽ മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കാൻ കഴിയാതിരുന്നതിനാൽ സ്യുസോങ് ഗൂവിനു സമീപത്തുള്ള ബോമിയോ ഡോങ് മലനിരകളിലാണ് ഉണ്ണിനായരുടെ ഭൗതികശരീരം അടക്കം ചെയ്തത്. ഉണ്ണിനായരുടെ സ്മരണാർഥം ദക്ഷിണകൊറിയൻ സർക്കാർ ഡേഗുവിലെ സ്യുസോങ് ഗൂവിൽ ദേശീയ സ്മാരകം നിർമ്മിച്ചിട്ടുണ്ട്.
കൃതികൾ
തിരുത്തുക- ‘മൈ മലബാർ’
അവലംബം
തിരുത്തുക- ↑ http://pravasiworld.in/news.php?id=4544
- ↑ നായർ സർവീസ് സൊസൈറ്റി സുവർണ ഗ്രന്ഥം 1964. കോട്ടയം: നായർ സർവീസ് സൊസൈറ്റി. 1964. p. 521.
- ↑ https://www.manoramaonline.com/news/sunday/2018/03/17/Malayali-who-reported-Korean-war-for-UN.html#