സംസ്ഥാനത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യം ശക്തവും കാര്യക്ഷമവുമാക്കുന്നതിന് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ് വർക്ക്.[1] സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. അതുവഴി അതിവേഗ ഇന്റർനെറ്റ്/ഇൻട്രാനെറ്റ്കണക്ഷൻ 30,000 ത്തോളം ഓഫീസുകളിൽ നൽകുന്നതാണ്. എല്ലാവർക്കും ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ ഈ അടിസ്ഥാന സൗകര്യ വികസന പദ്ധതി സഹായകമാകും.[2][3] കെ.എസ്.ഇ.ബി-യും കെ.എസ്.ഐ.റ്റി.ഐ.എൽ-ഉം ചേർന്നുള്ള സംയുക്ത സംരംഭം കെഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കെഫോൺ പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനെ ഒരു ടെൻഡർ നടപടിയിലൂടെ തെരഞ്ഞെടുത്തിട്ടുണ്ട്.[4]

രൂപരേഖ തിരുത്തുക

കെഫോൺ നെറ്റ് വർക്ക് സംസ്ഥാനത്തെ 14 ജില്ലകളെയും കോർ റിംഗ് വഴി ബന്ധിപ്പിക്കുന്നു. ഓരോ ജില്ലകളിലെയും ഗവൺമെന്റ് ഓഫീസുകളും മറ്റു ഗുണഭോക്താക്കളെയും ബന്ധിപ്പിക്കുന്നത് ആക്സസ് നെറ്റ് വർക്ക് വഴിയാണ്. കെ.എസ്.ഇ.ബി.യുടെ 375 സബ്സ്റ്റേഷനുകളിൽ പ്രീഫാബ് ഷെൽട്ടറിനുള്ളിൽ ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കും. 14 ജില്ലകളിലും കോർപോപ്പ് (പോയിന്റ് ഓഫ് പ്രസൻസ് ) ഉണ്ട്. അത് കെ.എസ്.ഇ ബി സബ്സ്റ്റേഷനുകളിൽ 300 സ്ക്വയർ ഫീറ്റിലായിരിക്കും സ്ഥാപിക്കുക. ഈ പോപ്പുകൾ 110/220/400കെ.വി ലൈൻ വഴി സ്ഥാപിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ (കോർ റിംഗ് ) ഉപയോഗിച്ച് ബന്ധിപ്പിക്കും. ഈ ശൃംഖലകളിൽ സ്ഥാപിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ മോണിട്ടർ ചെയ്യാൻ എറണാകുളം ജില്ല യിൽ ഒരു നെറ്റ് വർക്ക് ഓപ്പറേറ്റിംഗ് സെന്റർ (NOC)സ്ഥാപിക്കും. ഈ കോർ റിംഗിന്റെ കപ്പാസിറ്റി Nx 100 Gbpsആയിരിക്കും. ഈ നെറ്റ് വർക്കിന്റെ 100%ലഭ്യതയ്ക്ക് വേണ്ടി റിംഗ് ആർക്കിടെക്ചർ ആണ് അവലംബിച്ചിരിക്കുന്നത്. ഓരോ ജില്ലകളിലും കോർപോപ്പിന് പുറമേ മറ്റ് പോപ്പുകളും കെ.എസ്.ഇ.ബി. സബ്സ്റ്റേഷനുകളിൽ സ്ഥാപിക്കും. ഈ പോപ്പുകളെ അഗ്രിഗേറ്റ് പോപ്പുകൾ എന്നറിയപ്പെടും. ഇവയെ ബന്ധിപ്പിക്കുന്നതിന് ഒപ്റ്റിക് ഫൈബർ ഉപയോഗിച്ച് 40Gbpsബാന്റ് വിഡ്ത്ത് കപ്പാസിറ്റിയിലുള്ള നെറ്റ് വർക്ക് സ്ഥാപിക്കും. അഗ്രിഗേഷൻ റിംഗിന് പുറമേ പ്രി അഗ്രിഗേഷൻ റിംഗുകളും സ്പർറിഡന്റ് റിംഗുകളിലും മറ്റ് പോപ്പുകളുമായി ബന്ധിപ്പിക്കും. വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ റിംഗുകളിലും സ്ട്രീറ്റ് ബോക്സ് സ്ഥാപിക്കും. എല്ലാ റിംഗുകളും100%പരിരക്ഷണത്തിലായിരിക്കും പ്രവർത്തിക്കുക. ഇത് സർവ്വീസ് 24 X 7ലഭ്യതയ്ക്ക് സഹായകമാകും. 35000 കീ.മി. ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് ആണ് കെഫോൺ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. ഇത് കേരളത്തിലുള്ള മറ്റേത് ഓപ്പറേറ്ററിനേക്കാളും വലിയ ശൃംഖലയായിരിക്കും. ഇതൊരു ന്യൂട്രൽ ആക്സസ് നെറ്റ് വർക്ക് ആയി പ്രവർത്തിക്കും. ഈ നെറ്റ് വർക്ക് ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ സ്ഥിതി ചെയ്യുന്ന സർക്കാർ സ്ഥാപനങ്ങളിൽഓൺലൈൻ സേവനങ്ങൾ നൽകാൻ പര്യാപ്തമാണ്.

സാമ്പത്തിക ചിലവ് തിരുത്തുക

കെഫോൺ പദ്ധതിയുടെ നടത്തിപ്പിനായി ഭരണാനുമതി ലഭിച്ചത് 1028.8 കോടി രൂപയ്ക്കാണ്. എന്നാൽ രണ്ട് വർഷത്തെ നിർമ്മാണ പ്രവർത്തനത്തിനും 7 വർഷത്തെ ഓപ്പറേഷൻ & മെയിന്റനൻസും ഉൾപ്പെടെ ആകെ 9 വർഷത്തെ കരാർ ആണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് നൽകിയത്. കെഫോൺ പദ്ധതിക്ക് വേണ്ടി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 9 വർഷത്തേക്ക് നൽകിയ കരാർ തുക 1531 കോടി രൂപയാണ്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ക്യാപെക്സ് തുക അധികമായി വന്നതിനാൽ പുതുക്കിയ നിരക്കിന് സർക്കാരിന്റെ അംഗീകാരം നേടിയിട്ടുണ്ട്. ഇതിൽ 1168 കോടി രൂപ നിർമ്മാണ പ്രവർത്തനത്തിനും 363 കോടി രൂപ ഓപ്പറേഷൻ & മെയിന്റനൻസുമായാണ് കരാർ ഉറപ്പിച്ചത്.ഇതിൽ ക്യാപെക്സ് തുകയായ 1168 കോടി രൂപയുടെ 70 ശതമാനം കിഫ്ബിയിൽ നിന്നുമാണ് നൽകുന്നത്.

അവലംബം തിരുത്തുക

  1. "Explained | Kerala's own Internet network and service: KFON". The Hindu (in Indian English). 2022-07-26. ISSN 0971-751X. Retrieved 2023-06-03.
  2. "Kerala launches fibre optic network to provide free internet to 20 lakh families". livemint (in ഇംഗ്ലീഷ്). 2021-02-15. Retrieved 2023-06-03.
  3. Bureau, BW Online. "Centre Approves IP Category 1 License To Kerala Fibre Optic Network". BW Businessworld (in ഇംഗ്ലീഷ്). Retrieved 2023-06-03.[പ്രവർത്തിക്കാത്ത കണ്ണി]
  4. ലേഖകൻ, മാധ്യമം. "കെഫോൺ കണക്ഷൻ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും". Madhyamam (in ഇംഗ്ലീഷ്). Retrieved 2023-06-03.
"https://ml.wikipedia.org/w/index.php?title=കെ_ഫോൺ&oldid=3935299" എന്ന താളിൽനിന്ന് ശേഖരിച്ചത്