കെ.പി. ബ്രഹ്മാനന്ദൻ

(കെ പി ബ്രഹ്മാനന്ദൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ചലച്ചിത്രലോകത്തെ ശ്രദ്ധേയനായ പിന്നണിഗായകനായിരുന്നു കെ.പി. ബ്രഹ്മാനന്ദൻ (ഫെബ്രുവരി 22, 1946 - ഓഗസ്റ്റ് 10, 2004) . കാൽനൂറ്റാണ്ടോളം ചലച്ചിത്രലോകത്തു സജീവമായിരുന്നിട്ടും നൂറോളം പാട്ടുകൾ മാത്രമേ ബ്രഹ്മാനന്ദൻ ആലപിച്ചിട്ടുള്ളൂ. എങ്കിലും ശ്രോതാക്കളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരുപിടി ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. യേശുദാസ്, ജയചന്ദ്രൻ എന്നീ ഗായകരുടെ പ്രതാപകാലത്ത് ചലച്ചിത്രലോകത്തെത്തിയ ബ്രഹ്മാനന്ദൻ ഇവർക്കൊപ്പം മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയിരുന്നു.

കെ.പി. ബ്രഹ്മാനന്ദൻ
കെ.പി. ബ്രഹ്മാനന്ദൻ
ജനനം(1946-02-22)ഫെബ്രുവരി 22, 1946
മരണംഓഗസ്റ്റ് 10, 2004(2004-08-10) (പ്രായം 58)
ദേശീയത ഇന്ത്യ
തൊഴിൽപിന്നണിഗായകൻ

സംഗീതജീവിതം

തിരുത്തുക

1946 ഫെബ്രുവരി 22ന് തിരുവനന്തപുരം ജില്ലയിൽ കടയ്ക്കാവൂരിൽ ജനിച്ച ബ്രഹ്മാനന്ദൻ പന്ത്രണ്ടാം വയസ്സിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചുതുടങ്ങി. കടയ്ക്കാവൂർ സുന്ദരം ഭാഗവതർ, ഡി.കെ. ജയറാം എന്നിവർക്കു കീഴിൽ സംഗീതം അഭ്യസിച്ച ബ്രഹ്മാനന്ദൻ അഖിലേന്ത്യാ റേഡിയോയുടെ മികച്ച ലളിതഗാനത്തിനുള്ള പുരസ്കാരം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കെ.രാഘവൻ സംഗീതസംവിധാനം നിർവഹിച്ച “കള്ളിച്ചെല്ലമ്മ” എന്ന ചിത്രത്തിനുവേണ്ടി പാടി 1969ൽ ചലച്ചിത്രലോകത്തെത്തി. ഈ സിനിമയ്ക്കുവേണ്ടി ബ്രഹ്മാനന്ദൻ ആലപിച്ച “മാനത്തേകായലിൽ...” എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. “തെക്കൻ കാറ്റ്” എന്ന ചിത്രത്തിലെ “പ്രിയമുള്ളവളേ നിനക്കുവേണ്ടി...”, “ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു” എന്ന ചിത്രത്തിലെ “താരകരൂപിണീ...” എന്നീ ഗാനങ്ങളും ഈ ഗായകന്റെ സ്വരത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.പ്രശസ്ത ഗായകനായിരുന്ന അന്തരിച്ച അയിരൂർ സദാശിവൻ അദ്ദേഹത്തിന്റെ ആത്മസുഹൃത്തായിരുന്നു.

ചലച്ചിത്രസംഗീത നിരൂപകനായ വി.ആർ. സുധീഷിന്റെ അഭിപ്രായത്തിൽ ആലാപനശുദ്ധിയും നാടകീയമായ വിസ്തൃതിയും കാമുകത്വവും ഭാവതീവ്രതയുമായിരുന്നു ബ്രഹ്മാനന്ദന്റെ പാട്ടുകളുടെ സവിശേഷതകൾ[1]. മിതഭാഷിയും തന്റേടിയുമായിരുന്ന അദ്ദേഹം അവസരങ്ങൾക്കായി തേടിപ്പോകുന്ന പതിവില്ലായിരുന്നു. കെ. രാഘവൻ, വി. ദക്ഷിണാമൂർത്തി, എം.കെ. അർജുനൻ, എ.റ്റി. ഉമ്മർ, ആർ.കെ. ശേഖർ എന്നീ സംഗീതസംവിധായകർക്കു കീഴിലാണ് ബ്രഹ്മാനന്ദൻ മിക്ക ഗാനങ്ങളും ആലപിച്ചത്. എന്നാൽ അക്കാലത്തെ ഏറ്റവും ശ്രദ്ധേയനായ സംഗീതസംവിധായകനായിരുന്ന ജി. ദേവരാജൻ ബ്രഹ്മാനന്ദനെ നിരന്തരമായി അവഗണിച്ചിരുന്നു എന്ന ആരോപണമുണ്ട്[2].

മലയാളത്തിനു പുറമേ തമിഴിലും ഏതാനും സിനിമകൾക്കുവേണ്ടി പാടിയിട്ടുണ്ട്. ഇളയരാജാ, ശങ്കർ ഗണേഷ് എന്നീ സംഗീതസംവിധായകരായിരുന്നു തമിഴിൽ ബ്രഹ്മാനന്ദന് അവസരം നൽകിയത്.

“മലയത്തിപ്പെണ്ണ്”, “കന്നിനിലാവ്” എന്നീ സിനിമകൾക്കുവേണ്ടി ബ്രഹ്മാനന്ദൻ സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഇതിൽ കന്നിനിലാവ് പ്രദർശനത്തിനെത്തിയില്ല. മലയത്തിപ്പെണ്ണിനുവേണ്ടി അദ്ദേഹം ഈണം പകർന്ന് ഉണ്ണിമേനോനും കെ.എസ്. ചിത്രയും ചേർന്ന് ആലപിച്ച 'മട്ടിച്ചാറ് മണക്കണ്' എന്ന ഗാനം പ്രസിദ്ധമാണ്.

കെ. പി. ബ്രഹ്മാനന്ദൻ ആലപിച്ച ഗാനങ്ങൾ

തിരുത്തുക
ഗാനം ചലച്ചിത്രം / നാടകം ഗാനമെഴുതിയത് സംഗീതം വർഷം
പ്രിയമുള്ളവളേ... തെക്കൻകാറ്റ് പി. ഭാസ്കരൻ എ. റ്റി. ഉമ്മർ 1973
മാനത്തെ കായലിൽ കള്ളിച്ചെല്ലമ്മ പി. ഭാസ്കരൻ കെ. രാഘവൻ 1969
ചന്ദ്രികാ ചർച്ചിതമാം രാത്രിയോടോ പുത്രകാമേഷ്ടി ---- 1973
ലോകം മുഴുവൻ സ്നേഹദീപമേ മിഴി തുറക്കൂ ---- 1972
താരക രൂപിണീ ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ----- 1974
ഇന്ദുകമലം ചൂടി ---- ----- 1976
താമരപ്പൂ നാണിച്ചു ടാക്സികാർ ----- 1972
മാനത്തു താരങ്ങൾ ---- ----- 1976
തൃപുര സുന്ദരീ ശബരിമല ശ്രീ ധർമശാസ്താ ----- 1970
ഓം നമസ്തെ സർവ്വശക്താ ശബരിമല ശ്രീ ധർമശാസ്താ ----- 1970
നീല നിശീധിനീ സി. ഐ. ഡി നസീർ ----- 1971
ദേവഗായകനേ വിലയ്ക്കു വാങ്ങിയ വീണ ----- 1971
അലകടലിൽ കിടന്നൊരു ഇങ്ക്വിലാബ് സിന്ദാബാദ് ----- 1971
തങ്കമകുടം ചൂടി ശ്രീ ഗുരുവായൂരപ്പൻ ----- 1972
രാധികേ ശ്രീ ഗുരുവായൂരപ്പൻ ----- 1972
തുടുതുടെ തുടിക്കുന്നു സംഭവാമി യുഗേ യുഗേ ----- 1972
മാരിവിൽ ഗോപുരവാതിൽ തുറന്നു അനന്തശയനം ----- 1972
ഉദയസൂര്യൻ നൃത്തശാല ----- 1972
പാടി തെന്നൽ ഉപഹാരം ----- 1972
മന്മഥ മന്ദിരത്തിൽ പൊയ്‌മുഖങ്ങൾ ----- 1972
ആറ്റും മണമ്മേലെ പദ്മവ്യൂഹം ----- 1973
ഓം നമസ്തെ സർവ്വശക്താ ശബരിമല ശ്രീ ധർമശാസ്താ ----- 1970

[3]

പ്രമേഹബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്ന ബ്രഹ്മാനന്ദൻ തന്റെ അൻപത്തെട്ടാം വയസിൽ 2004 ഓഗസ്റ്റ് 10നു കടയ്ക്കാവൂരിലെ വസതിയിൽ വച്ച് അന്തരിച്ചു[4]. ഭാര്യയും രണ്ടു മക്കളുമുണ്ട്. അദ്ദേഹത്തിന്റെ മകനായ രാകേഷ് ബ്രഹ്മാനന്ദനും ചലച്ചിത്രപിന്നണിഗായകനാണ്.

പുരസ്കാരങ്ങൾ

തിരുത്തുക
  1. വി.ആർ. സുധീഷ് (2006-08-13). "പാടിയത് ബ്രഹ്മാനന്ദൻ". ചിത്രഭൂമി. p. 34-35. {{cite news}}: |access-date= requires |url= (help)
  2. വി.ആർ. സുധീഷ് (2006-08-13). "പാടിയത് ബ്രഹ്മാനന്ദൻ". ചിത്രഭൂമി. p. 34. {{cite news}}: |access-date= requires |url= (help)
  3. http://www.malayalachalachithram.com/listsongs.php?g=30
  4. http://www.hindu.com/2004/08/11/stories/2004081108550400.htm Archived 2007-07-18 at the Wayback Machine. ദ് ഹിന്ദുവിലെ വാർത്ത
"https://ml.wikipedia.org/w/index.php?title=കെ.പി._ബ്രഹ്മാനന്ദൻ&oldid=4103241" എന്ന താളിൽനിന്ന് ശേഖരിച്ചത്