കെ.സി.എസ്. മണി
ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരെ വെട്ടിപ്പരുക്കേൽപ്പിച്ചതിൻറെ പേരിൽ കേരളം മുഴുവൻ അറിയപ്പെടുവാൻ ഇടയായ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി) പ്രവർത്തകനായിരുന്നു കോനാട്ടുമഠം ചിദംബരയ്യർ സുബ്രഹ്മണ്യ അയ്യർ എന്ന കെ.സി.എസ്. മണി (മാർച്ച് 2, 1922 - സെപ്റ്റംബർ 20, 1987)[1] സി പി ദിവാൻ സ്ഥാനം രാജി വയ്ക്കാനുള്ള ഒരു പ്രധാന കാരണമായി ഈ ആക്രമണം കരുതപ്പെടുന്നു. സാഹസികമായ ഒറ്റയാൾ പോരാട്ടത്തിലൂടെ ദിവാൻ ഭരണത്തിന് അറുതി വരുത്തിയ വ്യക്തി എന്ന് അതിനാൽ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 1987 സെപ്റ്റംബർ 20-ന് തന്റെ 65-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു. [2] നാലു സഹോദരിമാരാണ് മണിക്കുണ്ടായിരുന്നത് - സരസ്വതിയും ശാരദയും ബാലാംബാളും ലക്ഷ്മിയും. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. 41-ആം വയസ്സിലായിരുന്നു വിവാഹം. ഭാര്യ ലളിതമ്മാൾ. ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. [3] വള്ളിയൂരിൽ മോട്ടോർ മെക്കാനിക്കായ വെങ്കിട്ടരാമയ്യരുടെ ആറു മക്കളിൽ രണ്ടാമത്തെയാളായിരുന്നു ലളിത.
K. C. S. Mani | |
---|---|
ജനനം | Konattumatam Chidambara Iyer Subrahmania Iyer 2 മാർച്ച് 1922 |
മരണം | 20 സെപ്റ്റംബർ 1987 | (പ്രായം 65)
ദേശീയത | Indian |
അറിയപ്പെടുന്നത് | Attempt of assassination on C. P. Ramaswamy Iyer |
രാഷ്ട്രീയ കക്ഷി | Revolutionary Socialist Party |
ജീവിതപങ്കാളി(കൾ) | Lalithammal |
ഇദ്ദേഹത്തിന്റെ ജന്മഗൃഹം അമ്പലപ്പുഴ കോനാട്ടുമഠമാണ്. മണിയുടെ 86-ആം ജന്മവാർഷികദിനമായിരുന്ന 2008 മാർച്ച് 2-ന് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി ഇദ്ദേഹത്തിൻറെ അർദ്ധകായപ്രതിമ തകഴിയിൽ ഇദ്ദേഹത്തിന്റെ ഭവനത്തിനു സമീപത്തുള്ള കെ.സി.എസ്. മണി സ്മാരകത്തിൽ അനാച്ഛാദനം ചെയ്തു.[4]
സി. പി. രാമസ്വാമിയെ വെട്ടി പരിക്കേൽപ്പിക്കുന്നു
തിരുത്തുക1947 ജൂലായ് 25-ആം തീയതി രാത്രിയായിരുന്നു മണി രാമസ്വാമി അയ്യരെ വെട്ടിയത്. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ സ്വാതിതിരുനാൾ ചരമശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് എത്തിച്ചേർന്നതായിരുന്നു ദിവാൻ. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ ആയിരുന്നു ഉദ്ഘാടകൻ. ചടങ്ങ് കഴിഞ്ഞ ശേഷം സംഗീതകച്ചേരിയും ആസ്വദിച്ച് തന്റെ കാറിന്റെ അടുത്തേക്ക് തിരിക്കുമ്പോൾ ആയിരുന്നു മണി ദിവാനെ വെട്ടിയത്. ആദ്യ വെട്ട് കഴുത്തിൽ ചുറ്റിയിട്ട പട്ടിലും രണ്ടാമത്തെ വെട്ട് ഇടതുകവിളിന്റെ കീഴ്ഭാഗത്തും കൊണ്ടു. ആ ഭാഗം അതു തൂങ്ങിക്കിടന്നു. പെട്ടെന്ന് കറന്റ് പോവുകയും മണി തുടരെ തുടരെ വെട്ടുകയും ചെയ്ത് തലവഴിയിട്ട മുണ്ടും ഉടുമുണ്ടും അഴിച്ചെറിഞ്ഞ് ഇരുളിൽ മറഞ്ഞു.[5]
ഒളിവിൽ പോയ മണിയെ പൊലീസ് പിടികൂടിയത് മറ്റൊരു അടിപിടിക്കേസിൽ 1948 ഇൽ കൊല്ലത്തു വെച്ചായിരുന്നു. ആളെ തിരിച്ചറിഞ്ഞ ശേഷം സി. പി. വധശ്രമത്തിന് പ്രത്യേക ചാർജ് ഷീറ്റ് എഴുതി ചേർക്കുകയായിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിൽ വിചാരണയ്ക്കു വന്ന ഈ കേസ് മതിയായ തെളിവില്ല എന്ന കാരണത്താൽ തള്ളിക്കളഞ്ഞു. മൂന്നു ദിവസത്തെ ലോക്കപ്പ് വാസമൊഴിച്ചാൽ മറ്റൊന്നും തന്നെ ഈ കേസിൽ ശിക്ഷയായി നിയമപരമായി മണിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല.[6]
കേസ് വിമുക്തനായ മണി തിരുവനന്തപുരത്തെ ഒരു ദിനപത്രത്തിൽ കുറച്ചുനാൾ ജോലിചെയ്തു. തുടർന്ന് 'മലയാളി'യിലും ദേശബന്ധു'വിലും ഒക്കെയായി 15 വർഷത്തോളം പത്രപ്രവർത്തകനായി ജീവിച്ചു. പത്രപ്രവർത്തനം നിർത്തിയ മണി നാട്ടിൽ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ആയിടയ്ക്കായിരുന്നു വിവാഹം. 41 വയസ്സു കഴിഞ്ഞിരുന്ന മണി 23 വയസ്സുള്ള ലളിതയെ വിവാഹം ചെയ്തു. 1955-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ. എസ്. പി സ്ഥാനാർത്ഥിയായി കുട്ടനാട് മണ്ഡലത്തിൽ മണി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടുപോയിരുന്നു. തുടർന്ന് ചിട്ടിയും പമ്പിങ് കോണ്ട്രാക്റ്ററായുമൊക്കെ ജീവിതം മുന്നോട്ടു നീക്കി. അവസാന നാളുകളിൽ തീർത്തും ഒറ്റപ്പെട്ടുപോയ മണി തികഞ്ഞ ഈശ്വരഭക്തനായി മാറി. പലതവണ ആരോടും പറയാതെ ശബരിമലയ്ക്ക് പോകുകയും വീടിനടുത്തുള്ള അമ്പലപ്പുഴ ക്ഷേത്രത്തിൽ അത്താഴപൂജ കഴിഞ്ഞ് നടയടച്ച സമയത്ത് ശയനപ്രദക്ഷിണം നടത്തുകയും ചെയ്തിരുന്നതായി അടുത്ത ബന്ധുക്കൾ പറയുന്നു. ക്ഷയരോഗം ബാധിച്ച് 65-ആം വയസ്സിൽ 1987 സെപ്റ്റംബർ 20-ന് തിരുവനന്തപുരം പുലയനാർ കോട്ട സാനിറ്റോറിയത്തിൽ വെച്ച് മണി അന്തരിച്ചു. മൃതദേഹം കോനാട്ടുമഠം വളപ്പിൽ സംസ്കരിച്ചു. ഭാര്യ ലളിതയുടെ അനുജൻ വി എച്ച്. എസ്. മണിയായിരുന്നു ചിതയ്ക്ക് തീ കൊളുത്തിയത്.[7] മണിയെ സംസ്കരിച്ച സ്ഥലം ഇന്ന് റെയിൽവേ ലൈനിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ ഭാര്യ 2017 ജൂൺ 14-ന് 77-ആം വയസ്സിൽ അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-06. Retrieved 2009-08-06.
- ↑ http://www.madhyamam.com/lifestyle/special-ones/2014/jul/29/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%B7%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B8%E0%B4%B9%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-15. Retrieved 2012-06-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-10. Retrieved 2009-08-06.
- ↑ മാതൃഭൂമി വാരാന്തപ്പതിപ്പ് ജൂലൈ 20, 2014[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മാതൃഭൂമി വാരാന്തപ്പതിപ്പ് ജൂലൈ 20, 2014[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മാതൃഭൂമി വാരാന്തപ്പതിപ്പ് ജൂലൈ 20, 2014[പ്രവർത്തിക്കാത്ത കണ്ണി]